/sathyam/media/post_attachments/hYITLoGvlrkFGskJ5yy5.jpg)
പാലക്കാട്:പാലക്കാട് - കോഴിക്കോട് നാഷണൽ ഹൈവേയിൽ മുണ്ടൂരിനടുത്ത് പൊരിയാനിയിൽ നിർമ്മിക്കുന്ന ടോൾ ബൂത്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഹൈവേ അതോറിറ്റി നാഷണൽ ഹൈവേയിൽ ടോൾ ബൂത്ത് നിർമ്മിക്കണമെങ്കിൽ ചില നിബന്ധനകൾ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ആ നിബന്ധനകൾ ഒന്നും പാലിക്കാതെയും നാഷണൽ ഹൈവേക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയുമാണ് പൊരിയാനിയിൽ ടോൾ ബൂത്ത് നിർമ്മിക്കുന്നത്.
ടോൾ ബൂത്ത് നിർമ്മിക്കണമെങ്കിൽ റോഡ് ചുരുങ്ങിയത് നാലുവരി പാതയായിരിക്കണം. റോഡിന്റെ ഇടയിൽ ഡിവൈഡർ നിർമ്മിച്ചിരിക്കണം. വളവുകളും തിരിവുകളും നിവർത്തിയിരിക്കണം. എന്നാൽ നിലവിലെ റോഡിന്റെ രൂപത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. നിരന്തരമായ വളവും തിരുവുമാണ് ഈ പാതയിലുള്ളത്.
താണാവ് മുതൽ നാട്ടുകല്ല് വരെയുള്ള റോഡ് നിർമ്മണത്തിന്റെ പേരിലാണ് ടോൾ ബൂത്ത് നിർമ്മിക്കുന്നത്. ഹൈവേയിൽ സർവീസ് റോഡുകൾ ഉണ്ടായിരിക്കണമെന്ന് ഹൈവേ അതോറിറ്റി നിർദ്ദേശിക്കുന്ന പ്രധാന നിബന്ധനയാണ്. എന്നാൽ എവിടെയും സർവീസ് റോഡുകളില്ല.
സിഗ്നലുകളോ കാര്യക്ഷമമായ ഡിച്ച് സംവിധാനമോ ലൈറ്റോ സിഗ്നൽ ബോർഡോ ഒന്നും തന്നെ കോഴിക്കോട് -പാലക്കാട് ഹൈവേയിലില്ല. നിലവിലെ റോഡ് ചെറുതായൊന്നു മിനുക്കിയെടുത്ത് രണ്ടുവരിപ്പാതയിലാണ് ഇപ്പോഴും റോഡുള്ളത്.
എന്നിട്ടും പൊരിയാനിയിൽ ടോൾ ബൂത്ത് നിർമ്മിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുവാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ്. അത്യാധുനിക രീതിയിൽ ടോൾ ബൂത്ത് നിർമ്മിക്കാൻ പൊരിയാനിയിൽ മണ്ണിട്ട് ഉയർത്തി ക്രമീകരിച്ച സ്ഥലത്ത് കോൺക്രീറ്റ് ചെയ്താണ് ടോൾ ബൂത്തിന് സ്ഥലം ഒരുക്കുന്നത്. ദേശീയപാത അതോറിറ്റിയും റോഡ് നിർമ്മാണ ചുമതലയുള്ള സൊസൈറ്റിയും തമ്മിലുള്ള കരാറിലെ നിബന്ധനപ്രകാരമാണ് ടോൾ ബൂത്ത് നിർമ്മിക്കുന്നത്.
റോഡ് നിർമ്മാണ ചുമതലയുള്ള സൊസൈറ്റിക്ക് ടോൾ പിരിവിലൂടെ ജനങ്ങളെ പകൽകൊള്ള നടത്താനുള്ള സൗകര്യമാണ് സർക്കാർ ചെയ്തുകൊടുക്കുന്നത്. നാഷണൽ ഹൈവേക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ പ്രൈവറ്റ് സൊസൈറ്റിക്ക് നാഷണൽ ഹൈവേകളിൽ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്നത് പോലെ കൊള്ള നടത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.
ഈ ജനദ്രോഹ നടപടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒറ്റക്കെട്ടാണ്. മുണ്ടൂർ-തൂത റോഡ് വഴി വരുന്ന വാഹനങ്ങളും ടോൾ ബൂത്തിൽ ടോൾ കൊടുക്കേണ്ടിവരും. ആ റൂട്ടിൽ വരുന്ന യാത്രക്കാർ മുണ്ടൂർ മുതൽ താണാവ് വരെയുള്ള ഏഴു കിലോമീറ്റർ ദൂരമേ നാഷണൽ ഹൈവേയിലൂടെ യാത്ര ചെയ്യുകയോള്ളൂ. മുണ്ടൂർ - തൂത റോഡ് ഹൈവേയുടെ ഭാഗമല്ല. താണാവ് -നാട്ടുകൽ റോഡ് നിർമിച്ച കമ്പനിയല്ല മുണ്ടൂർ -തൂത റോഡ് നവീകരിച്ചത്.
2017 ൽ ഒപ്പുവെച്ചു എന്ന് പറയപ്പെടുന്ന കരാറിൽ മേൽപ്പറഞ്ഞ റോഡ് ഉൾപ്പെടുന്നുമില്ല. എന്നിരിക്കെ തൂത ചെറുപ്പുളശ്ശേരി കോങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ടോൾ നൽകേണ്ടി വരിക എന്നത് ഒരർത്ഥത്തിലും ന്യായീകരണം അർഹിക്കാത്തതാണ് .
വൻ നികുതി കൊള്ളക്കാണ് പൊരിയാനി ടോൾ ബൂത്ത് വഴിയൊരുക്കുക. ഈ ടോൾ ബൂത്ത് ഒരിക്കലും അനുവദിച്ച് കൊടുക്കാൻ കഴിയില്ല. ടോൾ ബൂത്തുമായി മുന്നോട്ടു പോകാനാണ് സർക്കാറുകൾ തീരുമാനിക്കുന്നതെങ്കിൽ അതിശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡൻറ് പി.എസ്.അബൂ ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഉസ്മാൻ ആലത്തൂർ, വൈസ് പ്രസിഡൻറ് ദിൽഷാദലി, സെക്രട്ടറിമാരായ റിയാസ് ഖാലിദ്, സൈദ് ഇബ്രാഹിം, മലമ്പുഴ മണ്ഡലം പ്രസിഡൻറ് മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us