Advertisment

പ്രളയ ദുരിതത്തിൽ നിന്നും പത്തനംതിട്ട ജില്ലയെ കരയ്‌ക്കു കയറ്റാൻ 'കടലിന്റെ മക്കൾ എത്തി'; കൊല്ലത്ത് നിന്നും രക്ഷാപ്രവർത്തനത്തിന് എത്തിച്ചത് ഏഴ് മത്സ്യബന്ധന ബോട്ടുകൾ

New Update

publive-image

Advertisment

പത്തനംതിട്ട : പ്രളയ ദുരിതത്തിൽ നിന്നും പത്തനംതിട്ട ജില്ലയെ കരയ്‌ക്കു കയറ്റാൻ കടലിന്റെ മക്കൾ. കൊല്ലത്തു നിന്നും മത്സ്യബന്ധന ബോട്ടുകൾ പത്തനംതിട്ടയിൽ എത്തിച്ചു. ഏഴ് മത്സ്യബന്ധന ബോട്ടുകളാണ് എത്തിച്ചത്. ജില്ലയിൽ കൂടുതൽ താഴ്ന്ന പ്രദേശങ്ങൾ ഉള്ളതിനാൽ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ബോട്ടുകൾ എത്തിച്ചത്.

രക്ഷാപ്രവർത്തനങ്ങൾക്കായി അധികൃതർ ഇന്നലെ രാത്രി കൊല്ലത്തു നിന്നും മത്സ്യബന്ധന ബോട്ടുകൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ എത്തിയത്. ജില്ലയിലെ ജലനിരപ്പ് ഉയർന്ന മേഖലകളിൽ ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. മഴ കനത്തനാശം വിതച്ച മല്ലപ്പള്ളിയിൽ രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് വിന്യസിച്ചിരിക്കുന്നത്.

പെരുമ്പെട്ടി, റാന്നി, ആറന്മുള എന്നിവിടങ്ങളിൽ ഓരോ ബോട്ടുകൾ വീതവും, പന്തളത്ത് രണ്ട് ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. നിലവിൽ മല്ലപ്പള്ളി മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലയിലെ നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിട്ടുണ്ട്.

മണിമലയാർ, അച്ചൻകോവിൽ, പമ്പ നദികളിലെ ജലനിരപ്പ് അപകട നിലയിൽ തുടരുകയാണ്. മണിമലയാറിന്റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. മല്ലപ്പള്ളി ടൗൺ, കോട്ടാങ്ങൽ, വായപൂർ, ആനിക്കാട് മേഖലകളിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ആളപായമില്ലാതെ എല്ലാവരേയും രക്ഷപ്പെടുത്തുവാൻ സാധിക്കുന്നുണ്ട്.

ഫയർഫോഴ്സിന്റെ മൂന്ന് ടീം, എൻഡിആർഎഫ് ടീം, പോലീസ്, റവന്യു, തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നത്. 2018 ലെ പ്രളയത്തിൽ പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്നതും കൊല്ലത്തു നിന്നും എത്തിയ മത്സ്യത്തൊഴിലാളികളായിരുന്നു.

കടുത്ത വെല്ലുവിളികൾക്കിടയിലും നിരവധി ജീവനുകളെയാണ് ഇവർ കരയ്‌ക്ക് പിടിച്ചു കയറ്റിയത്. കേരളത്തിന്റെ സൈന്യം എന്ന വിളിപ്പേരും ഇതിന് ശേഷം ഇവർക്ക് ലഭിച്ചിരുന്നു.

NEWS
Advertisment