Advertisment

റാന്നിക്ക് നേട്ടമായി 2 സ്കൂളുകളുടെ നിർമ്മാണത്തിന് രണ്ടു കോടി രൂപ സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

New Update

publive-image

Advertisment

റാന്നി: റാന്നിക്ക് നേട്ടമായി 2 സ്കൂളുകളുടെ നിർമ്മാണത്തിന് രണ്ടു കോടി. റാന്നി നോളജ് വില്ലേജ് പദ്ധതിയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വടശ്ശേരിക്കര ഗവ. എൽപി സ്കൂളിനും കോട്ടാങ്ങൽ ഗവ. എൽപി സ്കൂളിനും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി ഓരോ കോടി രൂപ വീതം സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവിഷ്കരിച്ച റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നിയിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ അക്കാദമിക് സർവ്വേ നടത്തിയിരുന്നു. ഈ സർവ്വേയിൽ കെട്ടിടത്തിന്റെ ബലക്ഷയം കാരണം താൽക്കാലിക സംവിധാനത്തിലേക്ക് പഠനം മാറ്റേണ്ടി വന്ന വടശ്ശേരിക്കര ഗവ എൽപി സ്കൂളിന്റെയും കോട്ടാങ്ങൽ ഗവ എൽപി സ്കൂളിന്റെയും കാര്യം പ്രത്യേകം പ്രതിപാദിച്ചിരുന്നു.

ഈ കെട്ടിടങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. കാലപ്പഴക്കം മൂലം തകർന്ന വടശ്ശേരിക്കര ഗവ എൽപിഎസ് സ്കൂളിനും 2021ലെ മഹാമാരിയിൽ തകർന്ന കോട്ടാങ്ങൽ ഗവ.എൽപിഎസ് അടിയന്തരമായി കെട്ടിടം നിർമ്മിക്കേണ്ട വിദ്യാലയങ്ങളുടെ ആദ്യ പരിഗണനാ പട്ടികയിൽ രേഖപ്പെടുത്തിയിരുന്നു.

റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായ ആവിഷ്ക്കാർ എന്ന ഇ-ബുക്ക് പദ്ധതിയുടെ പ്രകാശനത്തിന് എത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് എം എൽ എ പ്രത്യേക നിവേദനം നൽകുകയും തുടർച്ചയായി ഇതിനായി ഇടപെടലുകൾ നടത്തുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ കൊണ്ട് രണ്ട് സ്കൂൾ കെട്ടിടങ്ങൾക്കും എസ്റ്റിമേറ്റ് തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവിലൂടെയും 2 വിദ്യാലയങ്ങളുടെയും പുതിയ കെട്ടിടം നിർമ്മാണത്തിനായി ഓരോ കോടി രൂപ വീതം അനുവദിച്ചത്.

ആവശ്യം പരിഗണിച്ച് വിദ്യാലയങ്ങളുടെ സംരക്ഷണത്തിന് കരുത്തുപകരുന്ന തീരുമാനമെടുത്ത വിദ്യാഭ്യാസ മന്ത്രിയേയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിക്കുന്നതായി എംഎൽഎ പറഞ്ഞു.

നോളേജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നി മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരിൻറെ പ്ലാൻ ഫണ്ട് , എംഎൽഎ ഫണ്ട്, സി എസ് ആർ ഫണ്ട് എന്നിവ വിനിയോഗിച്ച് ഘട്ടം ഘട്ടമായി എല്ലാ വിദ്യാലയങ്ങളുടെയും സൗകര്യം മെച്ചപ്പെടുത്തുമെന്ന് എംഎൽഎ അറിയിച്ചു.

Advertisment