Advertisment

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണ തോണി പുറപ്പെട്ടു; തിരുവോണ ദിവസമായ നാളെ പുലർച്ചെ തോണി ആറന്മുള ക്ഷേത്രത്തിലെത്തും

New Update

publive-image

Advertisment

പത്തനംതിട്ട: തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണ തോണി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. തിരുവോണ ദിവസമായ നാളെ പുലർച്ചെ തോണി ആറന്മുള ക്ഷേത്രത്തിലെത്തും.

കൊറോണയുടെ പശ്ചാത്തലത്തിൽ 3 പള്ളിയോടങ്ങൾ മാത്രമാണ് തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നത്. ആഘോഷങ്ങളുടെ പെരുമായില്ലാതെയാണ് ഈ വട്ടം തിരുവോണ തോണി പുറപ്പെട്ടത്. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ദീപാരാധനയ്‌ക്ക് ശേഷം മേൽശാന്തി പകർന്ന് നൽകിയ ദീപം മങ്ങാട്ടില്ലത്ത് രവീന്ദ്രബാബു ഭട്ടതിരി ആറന്മുളയിലെത്തിക്കും.

ഈ ദീപമാണ് അടുത്ത ഒരു കൊല്ലം ആറന്മുളയിലെ കെടാവിളക്കിൽ തെളിയുക. കാട്ടൂർ ക്ഷേത്രത്തിലെ ഉരലിൽ കുത്തിയെടുത്ത നെല്ലിന്റെ അരിയുൾപ്പെടെയുള്ള വിഭവങ്ങൾ തോണിയിലുണ്ട്. വിഭവങ്ങളെല്ലാം മങ്ങാട്ട് ഭട്ടതിരി ആറന്മുളയപ്പന് സമർപ്പിക്കും. ഈ വിഭവങ്ങൾ ചേർത്താണ് നാളെ ആറന്മുളയിൽ തിരുവോണ സദ്യ.

കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷം കോഴഞ്ചേരി, കീഴ്വൻമഴി, മാരാമൻ എന്നീ 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് തിരുവോണത്തോണിയെ അകമ്പടി സേവിക്കാൻ അനുമതി ലഭിച്ചത്. നാളെ പുലർച്ചെയാണ് തിരുവോണ തോണി ആറന്മുള മധുകടവിലെത്തുക.

ആറന്മുളയിലെത്തുന്ന തിരുവോണത്തോണിക്ക് ആചാരപരമായ സ്വീകരണം ലഭിക്കും. തിരുവോണസദ്യക്ക് ശേഷം ഭഗവാന് പണക്കിഴി സമർപ്പിച്ച് ഭട്ടതിരി മങ്ങാട്ടേക്ക് മടങ്ങുന്നതോടെ തിരുവോണ നാളിലെ ചടങ്ങുകൾക്ക് സമാപനമാകും.

NEWS
Advertisment