Advertisment

ഗണേഷ് കുമാറിനെ എന്‍സിപി കയ്യൊഴിഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ ഗതാഗത മന്ത്രിയാകും. തീരുമാനം 29 ന് ഡല്‍ഹിയില്‍. കുഞ്ഞുമോന് വഴി തെളിഞ്ഞത് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചപ്പോള്‍. സംസ്ഥാന നേതാക്കള്‍ ഗണേഷിനെ വെട്ടിയത് സരിതാ വിവാദത്തില്‍ പവാറിന് നല്‍കിയ മുന്നറിയിപ്പിലൂടെ

New Update

ഡല്‍ഹി:  കോവൂര്‍ കുഞ്ഞുമോനെ എന്‍ സി പിയില്‍ എത്തിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഈ മാസം 29 ന് പാര്‍ട്ടി എം എല്‍ എമാരായ തോമസ്‌ ചാണ്ടിയെയും എ കെ ശശീന്ദ്രനെയും സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്ററെയും വിളിപ്പിച്ചു.

Advertisment

ആര്‍ എസ് പി (സോഷ്യലിസ്റ്റ്) എം എല്‍ എയായ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയെ എന്‍ സി പി പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതും മന്ത്രിയാക്കുന്നതും സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിലുണ്ടാകും. എന്‍ സി പി എം എല്‍എമാരുടെ മന്ത്രിസഭാ പ്രവേശനം വൈകുന്ന സാഹചര്യത്തില്‍ വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ സി പി ദേശീയ നേതൃത്വത്തിന് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.

publive-image

ജോലി ഭാരം കാരണം വകുപ്പ് ഇനിയും തന്റെ കൈവശം തുടരുന്നതിലുള്ള ബുദ്ധിമുട്ടാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതോടെയാണ് പുറത്തുനിന്നുള്ള പകരം മന്ത്രിയുടെ കാര്യത്തില്‍ ഭിന്ന നിലപാട് സ്വീകരിച്ചിരുന്ന എന്‍ സി പി എം എല്‍ എമാരായ തോമസ്‌ ചാണ്ടിയും എ കെ ശശീന്ദ്രനും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തയാറായത്.

ആദ്യം കെ ബി ഗണേഷ്കുമാറിനെ എന്‍ സി പിയില്‍ എത്തിച്ച് മന്ത്രിയാക്കാനായിരുന്നു നീക്കം. മുമ്പ് വഞ്ചനാക്കേസില്‍ അകപ്പെട്ട് ജയിലില്‍ കിടന്ന സംസ്ഥാന നേതാവ് പാര്‍ട്ടി അധ്യക്ഷന്‍റെ ചുമതല വഹിക്കുന്ന ടി പി പീതാംബരന്‍ മാസ്റ്ററെ സ്വാധീനിച്ചാണ് ഗണേഷിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോയത്.

ഇതിന്റെ പിന്നില്‍ വന്‍ ഇടപാടുകള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞതോടെയാണ്‌ തോമസ്‌ ചാണ്ടി, ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ഒന്നിച്ച് ഗണേഷിനെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. ഗണേഷ് കുമാറും ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് തീയതി നിശ്ചയിച്ചത് പീതാംബരന്‍ മാസ്റ്റര്‍ ഇടപെട്ടായിരുന്നു. എന്നാല്‍ എം എല്‍ എമാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ മറ്റ്‌ നേതാക്കളെ തഴഞ്ഞ് ഗണേഷ് കുമാര്‍ പവാറുമായി നേരിട്ട് ബന്ധപ്പെട്ടതും അദ്ദേഹത്തിന് വിനയായി.

ഇതോടെയാണ് സംസ്ഥാന നേതാക്കള്‍ ഇടപെട്ട് ഗണേഷ് കുമാര്‍ - പവാര്‍ കൂടിക്കാഴ്ച മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി സംഭവം വിവാദമാക്കിയത്. ഗണേഷ് കുമാര്‍ മന്ത്രിയായാല്‍ പിന്നീട് എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരികെ വന്നാലും വകുപ്പ് ഒഴിഞ്ഞുകിട്ടില്ലെന്ന ഭയമാണ് ഗണേഷിനെ എതിര്‍ക്കാന്‍ എം എല്‍ എമാരെ പ്രേരിപ്പിച്ചത്.

മാത്രമല്ല, ഗണേഷ് കുമാര്‍ വകുപ്പ് ഭരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഇടപെടലും ഫലപ്രദമാകില്ല. ഫലത്തില്‍ മന്ത്രിയിലുള്ള നിയന്ത്രണം പാര്‍ട്ടിക്ക് നഷ്ടമാകും എന്ന ഭയം എം എല്‍ എമാര്‍ക്കുണ്ടായി.

ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ സംസ്ഥാന നേതാക്കള്‍ ഒറ്റക്കെട്ടായി ശരദ് പവാറിനെ നേരില്‍ക്കണ്ട് ധരിപ്പിച്ചത്. ഗണേഷ് കുമാര്‍ മന്ത്രിയായാല്‍ സരിതയുടെ ഒരു കുഞ്ഞിന്റെ അച്ഛനെ തേടിപ്പിടിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം കൂടി പാര്‍ട്ടിക്കുണ്ടാകുമെന്ന് നേതാക്കള്‍ പവാറിനെ അറിയിച്ചത്രേ. ഇതോടെ ഗണേഷ് കുമാറിനെ പവാറും കയ്യൊഴിഞ്ഞു.

ഈ സാഹചര്യത്തില്‍ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. മികച്ച പ്രതിശ്ചായയും ദളിത്‌ നേതാവെന്നതും സീനിയര്‍ എം എല്‍ എയെന്നതും കൊവൂരിന് അനുകൂല ഘടകമാണ്. മാത്രമല്ല, എന്‍ സി പി എപ്പോള്‍ ആവശ്യപ്പെട്ടാലും മന്ത്രിപദവി തിരികെ നല്‍കാമെന്ന് കോവൂര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് തോമസ്‌ ചാണ്ടിയും എ കെ ശശീന്ദ്രനും അംഗീകരിച്ചിട്ടുണ്ട്.

Advertisment