Advertisment

ഇടുക്കിയില്‍ മത്സരിക്കാന്‍ പി സി ചാക്കോ നീക്കം തുടങ്ങി. ഹൈക്കമാന്റ് വഴി സീറ്റുറപ്പിക്കാന്‍ ശ്രമം. കഴിഞ്ഞ തവണ തൃശൂരില്‍ നിന്നും ചാലക്കുടിയിലെത്തി കോണ്‍ഗ്രസിന്‍റെ 2 സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ ചാക്കോയെ തടയാനും മറുനീക്കങ്ങള്‍ സജീവം

New Update

ഇടുക്കി:  വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രവേശിച്ചതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ സീറ്റുറപ്പിക്കാന്‍ ഡല്‍ഹിയില്‍ ചരടുവലികള്‍ സജീവം.

Advertisment

കഴിഞ്ഞ തവണ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കളഞ്ഞുകുളിച്ച കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ കയറിക്കൂടാന്‍ നേതാക്കള്‍ക്കിടയില്‍ അണിയറ നീക്കങ്ങള്‍ സജീവമായി.

publive-image

ഇടുക്കിയ്ക്ക് വേണ്ടി സജീവമായി രംഗത്തുള്ളത് മുന്‍ എംപി പി സി ചാക്കോയാണ്. ഒരിക്കല്‍ വിജയിക്കുകയോ മത്സരിക്കുകയോ ചെയ്തിടത്ത് വീണ്ടും മത്സരിക്കാന്‍ മടിക്കുന്ന പി സി ചാക്കോയാണ് 2 പതിറ്റാണ്ട് മുമ്പ് വിജയിച്ച ഇടുക്കിയ്ക്ക് വേണ്ടി ഹൈക്കമാന്റിനെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി സി ചാക്കോയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ 2 സീറ്റുകള്‍ കോണ്‍ഗ്രസിന് കൈവിട്ടുപോയിരുന്നു. മുമ്പ് തൃശൂരില്‍ എം പിയായിരുന്ന ചാക്കോ അവിടെ മത്സരിക്കാതെ ഹൈക്കമാന്റ് വഴി ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായതായിരുന്നു ഇരു മണ്ഡലങ്ങളിലെയും പരാജയങ്ങള്‍ക്ക് കാരണം.

വിജയിക്കുമെന്ന് ഉറപ്പായിരുന്ന ചാലക്കുടിയിലെ അന്നത്തെ സിറ്റിംഗ് എം പി ധനപാലനെ തൃശൂരിലേക്ക് മാറ്റി ചാലക്കുടിയില്‍ ചാക്കോ വന്നതോടെ ഇരു മണ്ഡലങ്ങളിലും ചാക്കോ വിരുദ്ധത രൂപപ്പെടുകയായിരുന്നു. ഇതോടെ പരമ്പരാഗത യു ഡി എഫ് മണ്ഡലങ്ങളായിരുന്ന ഇത് രണ്ടും കോണ്‍ഗ്രസിന് നഷ്ടമായി.

ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിന് സാധ്യതയുള്ളത് മുന്നില്‍ കണ്ടാണ്‌ ചാക്കോ ഇത്തവണ മുന്‍കൂട്ടി ഇടുക്കി ഉറപ്പിക്കാന്‍ രംഗത്തുള്ളത്. അതേസമയം, എ ഗ്രൂപ്പിലെ ബെന്നി ബഹന്നാന്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, എ ഗ്രൂപ്പില്‍ നിന്ന് ജോസഫ് വാഴയ്ക്കന്‍, ഗ്രൂപ്പില്ലാ നേതാവ് അഡ്വ. മാത്യു കുഴല്‍നാടന്‍ എന്നിവരൊക്കെ ഇടുക്കിയില്‍ കണ്ണുംനട്ടിരിക്കുന്നവരാണ്.

ബെന്നി ബഹന്നാന്‍ മാസങ്ങളായി ഇടുക്കി ജില്ലയിലെ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ സിറ്റിംഗ് സീറ്റ് ഉപേക്ഷിച്ച് പി ടി തോമസിന് മത്സരിക്കാന്‍ കളമൊരുക്കിയ ബെന്നിയോട് ഇടുക്കിയുടെ മുന്‍ എംപി പി ടി തോമസിനും കടപ്പാടുണ്ട്. അതിനാല്‍ പി ടിയുടെ പിന്തുണ ബെന്നിയ്ക്കുണ്ട്. എന്നാല്‍ സോളാര്‍ കേസില്‍ ആരോപണ വിധേയനായതോടെ ബെന്നിയെ മത്സരിപ്പിക്കരുതെന്നു വാദിക്കുന്നവരുണ്ട്.

കഴിഞ്ഞ തവണ ഇടുക്കിയില്‍ സ്ഥാനാര്‍ഥിയായിരുന്ന ഡീന്‍ കുര്യാക്കോസിന് ഒരവസരം കൂടി നല്‍കണമെന്ന അഭിപ്രായം എ ഗ്രൂപ്പില്‍ ശക്തമാണ്. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിട്ടുപോലും സീറ്റിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താതെ മാറി നിന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡീനിനുള്ള മുന്‍ഗണനയാണ്.

publive-image

മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എം എല്‍ എയും ഐ ഗ്രൂപ്പിലെ ശക്തനുമായ ജോസഫ് വാഴയ്ക്കനാണ് ഇടുക്കിയില്‍ ഐ ഗ്രൂപ്പിന്റെ നോമിനി. ഇടുക്കിയിലെ കര്‍ഷക, സാമുദായിക സമവാക്യങ്ങളൊക്കെ വാഴയ്ക്കന് അനുകൂലമാണ്.  എന്നാല്‍, ഇതുവരെയെല്ലാം കടത്തിവെട്ടി ഹൈക്കമാന്റ് വഴി ഇടുക്കിയില്‍ നിലയുറപ്പിക്കാനാണ് പി സി ചാക്കോയുടെ നീക്കം.

അതേസമയം, സിറ്റിംഗ് എം പി ജോയ്സ് ജോര്‍ജ്ജ് ഇവിടെ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഭൂമി കയ്യേറ്റ വിവാദത്തില്‍ പ്രതിശ്ചായ തകര്‍ന്ന ജോയ്സിനെ വീണ്ടും മത്സരിപ്പിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ഇടതു മുന്നണിയില്‍ ശക്തമാണ്.

മറ്റ്‌ മണ്ഡലങ്ങളെയും ഇത് ബാധിക്കുമെന്ന് സി പി എം ഭയപ്പെടുന്നുണ്ട്. മാത്രമല്ല സി പി ഐ ജോയ്സിനെ ശക്തമായി എതിര്‍ക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഇടുക്കിയില്‍ ശക്തനായ ഒരു പുതുമുഖത്തെ രംഗത്തിറക്കാനായിരിക്കും സി പി എം നീക്കം.

അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായ ശേഷമേ ഇടുക്കിയുടെ കാര്യത്തില്‍ ഒരു അന്തിമ നിലപാടിലേക്ക് സി പി എം എത്തുകയുള്ളൂ.

ഇടുക്കിക്ക് പകരം സി പി ഐയില്‍ നിന്നും തിരുവനന്തപുരം സീറ്റ് പിടിച്ചെടുത്ത് പകരം സി പി ഐയ്ക്ക് ഇടുക്കി കൈമാറിക്കൊണ്ടുള്ള നീക്കുപോക്കിനും സി പി എം ആലോചിക്കുന്നുണ്ട്. ജില്ലയിലെ കൈയ്യേറ്റ വിവാദങ്ങളുമായി ബന്ധപ്പെട്ട് സി പി എം - സി പി ഐ പോര് ശക്തമാകുകയും പാര്‍ട്ടി വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ സീറ്റ് സി പി ഐ സ്ഥാനാര്‍ഥി മത്സരിക്കുന്നതാകും ഉചിതമെന്ന് സി പി എം കണക്കുകൂട്ടുന്നു.

 

 

 

idukki election 19 pc chacko
Advertisment