Advertisment

ഇടുക്കിയില്‍ പരസ്പരം കലഹിച്ചും തമ്മില്‍ തല്ലിയും കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍, അച്ചടക്ക വാളോങ്ങി ഇബ്രാഹിംകുട്ടി, സ്വയം സൃഷ്ടിച്ചെടുത്ത 6 ഒഴിവുകളില്‍ സ്ഥാനാര്‍ഥിക്കുപ്പായവുമായി ഇറങ്ങിയിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു !

New Update

തൊടുപുഴ:  പരസ്യ വിഴുപ്പലക്കലും പരസ്യമായ ഏറ്റുമുട്ടലും മൂലം മുഖം വികൃതമായ ഇടുക്കിയിലെ കോണ്‍ഗ്രസില്‍ ശുദ്ധികലശത്തിനൊരുങ്ങി ഇടുക്കി ഡി സി സിയും പിന്തുണയുമായി കെ പി സി സിയും രംഗത്ത്.  കോണ്‍ഗ്രസുകാരെന്ന ലേബലില്‍ നടന്ന് പാര്‍ട്ടിയ്ക്ക് നാണക്കേടാകുംവിധം പ്രവര്‍ത്തിക്കുന്നവരായാലും മുഖം നോക്കാതെ നടപടിയെടുക്കാനാണ് ഡി സി സിയ്ക്ക് ഉന്നത നേതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Advertisment

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് നടത്തിയ ജനകീയ വിചാരണ ജാഥയുടെ തൊടുപുഴയിലെ സ്വീകരണ യോഗത്തില്‍ അരങ്ങേറിയത് പരസ്യമായ ഏറ്റുമുട്ടല്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആകമാനം നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു.

യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ട നേതാവിനെ ചൊല്ലിയായിരുന്നു പൊതുവേദിയില്‍ പ്രവര്‍ത്തകരും മാധ്യമങ്ങളും സാക്ഷി നില്‍ക്കെ നേതാക്കള്‍ തമ്മില്‍ തല്ലിയത്.  യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിക്കേണ്ട സ്ഥാനത്ത് ഡി സി സി ഭാരവാഹി അധ്യക്ഷനായെത്തിയതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.

ഇതേച്ചൊല്ലി ഇടുക്കി ജില്ലയിലെ ഗ്രൂപ്പുകളും ഗ്രൂപ്പുകള്‍ക്കുള്ളിലെ ഗ്രൂപ്പുകളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. അഡ്വ. ഡീന്‍ കുര്യാക്കോസിനെ അനുകൂലിക്കുന്ന ഡി സി സി ഭാരവാഹിയായിരുന്നു യോഗത്തില്‍ അധ്യക്ഷനായത്.

എന്നാല്‍ അധ്യക്ഷത വഹിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയാണെന്ന് പറഞ്ഞ് മുന്‍ ഡി സി സി അധ്യക്ഷന്‍ റോയ് കെ പൗലോസിന്റെ ഗ്രൂപ്പുകാരായ യൂത്ത് കോണ്‍ഗ്രസുകാര്‍ സ്റ്റേജില്‍ കയറി അധ്യക്ഷനെ കയ്യേറ്റം ചെയ്തു. ജാഥ ക്യാപ്റ്റനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡീന്‍ കുര്യാക്കോസിന്റെ കണ്‍മുമ്പിലായിരുന്നു കയ്യേറ്റം.

എതിര്‍ വിഭാഗം സ്റ്റേജില്‍ കയറി പരസ്യമായി അടിച്ചതോടെ ഡീന്‍ കുര്യാക്കോസിന്റെ ഗ്രൂപ്പുകാരും വിട്ടുകൊടുത്തില്ല. അടിച്ചവനെ തിരഞ്ഞുപിടിച്ചുതന്നെ അവരും തിരിച്ചുകൊടുത്തു.  ഒടുവില്‍ അടിയുടെ പരിക്കുകള്‍ വച്ച് വിലയിരുത്തിയാല്‍ ഡീന്‍ അനുകൂലികളാണ് വിജയിച്ചതെന്നാണ് മനസിലാക്കാവുന്നത്.

അടിയ്ക്ക് തുടക്കമിട്ടത് റോയ് കെ പൗലോസിന്റെ അനുയായികളാണ്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികളെ മാറ്റി നിര്‍ത്തി ഡി സി സി ഭാരവാഹിയെ അധ്യക്ഷനാക്കിയതിലും നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്.

publive-image

 

അത്തരം തെറ്റായ കീഴ്വഴക്കങ്ങള്‍ പാര്‍ട്ടി വേദികളില്‍ പരിഹരിക്കുകയെന്ന സംഘടനാ രീതിയ്ക്ക് വിപരീതമായി തെരുവ് ഗുണ്ടകളുടെ നിലവാരത്തില്‍ മറുവിഭാഗം പ്രതികരിക്കാനിറങ്ങിയതാണ് കാര്യങ്ങള്‍ വഷളാക്കിയത്.

സംസ്ഥാനത്ത് തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും നാണംകെട്ട ഗ്രൂപ്പ് പോര് അരങ്ങേറുന്ന ജില്ലയാണ് ഇടുക്കി. ഒരു ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് ഉറപ്പുള്ള നേതാക്കള്‍ക്ക് വരെ ഇടുക്കി പാര്‍ലമെന്റില്‍ മത്സരിക്കാനാണ് മോഹം. അത് മുന്നില്‍ കണ്ടാണ്‌ അനുയായികളെ വച്ചുള്ള ഗ്രൂപ്പ് കളികളും.

ഇടുക്കിയിലെ പ്രശ്നവും ജില്ലയില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ വരുന്ന വേക്കന്‍സികളാണ്. ജില്ലയില്‍ 5 നിയമസഭാ സീറ്റുകളും 1 ലോക്സഭാ സീറ്റുമാണ് കോണ്‍ഗ്രസിന് ഒഴിവു വരുന്നത്. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം സീറ്റുകള്‍ കോണ്‍ഗ്രസിന് നിലവില്‍ കൈവശമുള്ളവയാണ്.

കാലങ്ങളായി അവിടങ്ങളില്‍ മത്സരിച്ച് തോല്‍ക്കുന്നതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ യോഗം. കേരളാ കോണ്‍ഗ്രസ് (എം) യു ഡി എഫ് വിട്ടതോടെ തൊടുപുഴയും ഇടുക്കിയും കൂടി ഇനി കോണ്‍ഗ്രസിന്റെ കയ്യിലേക്ക് എത്തുകയാണ്.

അതിനു പുറമെയാണ് കഴിഞ്ഞ തവണ ഇടുക്കിയിലെ കോണ്‍ഗ്രസുകാര്‍ ഡി സി സി ഓഫീസിലിരുന്ന് പഠിച്ച പണി പതിനെട്ടും പയറ്റി സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചെടുത്ത ഇടുക്കി ലോക്സഭാ മണ്ഡലം. ഒരു മുന്‍ ഡി സി സി പ്രസിഡന്റിന്‍റെ അടുത്ത ബന്ധുവാണ് കഴിഞ്ഞ തവണ ഇടുക്കിയില്‍ മത്സരിച്ച് ജയിച്ച ജോയ്സ് ജോര്‍ജ്ജ് എം പി. അതിനാല്‍ അദ്ദേഹത്തിനുവേണ്ടി പണിയെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ മത്സരിക്കുകയായിരുന്നു.

അങ്ങനെ ജില്ലയില്‍ മൊത്തമായുള്ള 6 സ്ഥാനാര്‍ഥി ഒഴിവുകള്‍ ലക്‌ഷ്യം വച്ചാണ് ഇപ്പോള്‍ ജില്ലയില്‍ ഗ്രൂപ്പിസം കൊടികുത്തി വാഴുന്നത്. ഓരോ സീറ്റുകളിലേക്കും യോഗ്യത നേടാന്‍ ഇവിടെ സ്ഥാനാര്‍ഥി മോഹികള്‍ മത്സരമാണ്. അതിനായുള്ള ഗ്രൂപ്പ് പോരാട്ടം ഈ നിലയില്‍ തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ജില്ലയില്‍ കോണ്‍ഗ്രസിന്റെ നില ഒരു പരുവത്തിലാകും.

എന്നാല്‍ ഇടുക്കി ഡി സി സിയുടെ പുതിയ അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ കടുത്ത നടപടികളുമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ നേര്‍വഴിക്ക് പോയേക്കാം എന്ന സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. അടിപിടിയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെയെല്ലാം നടപടി എന്നാണ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നിലപാട്.

അദ്ദേഹത്തിന്‍റെ സ്വന്തം ഗ്രൂപ്പായ ഐ ഗ്രൂപ്പ് ഇതില്‍ കക്ഷിയല്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ അദ്ദേഹത്തിന് തടസങ്ങളും ഉണ്ടാകില്ല. എ ഗ്രൂപ്പിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് വേദിയിലെ തമ്മില്‍ത്തല്ല്.

ഐ ഗ്രൂപ്പ് ഇടുക്കിയില്‍ പരസ്യമായി ഏറ്റുമുട്ടുന്നതിന് പകരം തെരഞ്ഞെടുപ്പ് വന്നാല്‍ രഹസ്യമായി പാര്‍ട്ടിയെ വില്‍ക്കുന്നതാണ് ശീലമെന്നാണ് എ ക്കാരുടെ പരാതി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സംഭവിച്ചത് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും പുതിയ ഡി സി സി അധ്യക്ഷന്‍റെ നിലപാടുകള്‍ ജില്ലയിലെ കോണ്‍ഗ്രസുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്.

 

congress deen kuriakose
Advertisment