Advertisment

യുഡിഎഫിലേക്ക് ഘടകകക്ഷികളെയും നേതാക്കളെയും ക്ഷണിക്കാന്‍ തടസം നേതൃദാരിദ്ര്യം. ആര്? ആര്‍ക്ക്? വാക്ക് കൊടുക്കുമെന്നത് ചോദ്യചിഹ്നം. കോണ്‍ഗ്രസിലെത്തിയിട്ട് ഗതികിട്ടാതെ മടങ്ങിയവരുടെ ചരിത്രം വരാനിരിക്കുന്നവര്‍ക്ക് വഴികാട്ടി. ഒന്നുകില്‍ മുരളിയും ഉമ്മന്‍ചാണ്ടിയും അല്ലെങ്കില്‍ ഷാഫി - ബലറാം - ശബരി ടീം

author-image
കിരണ്‍ജി
Updated On
New Update

തിരുവനന്തപുരം:  മുന്നണിവിട്ട കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെയും ജനതാദള്‍ (യു) വിലെ ഒരു വിഭാഗത്തെയും മടക്കിക്കൊണ്ടുവരുന്നതിന് തടസം യു ഡി എഫിലെ നേതൃ ദാരിദ്ര്യമെന്ന് വിലയിരുത്തല്‍. മടങ്ങി വരാനുള്ള പാര്‍ട്ടിയ്ക്കും നേതാക്കള്‍ക്കുമൊക്കെ ഉറപ്പ് കൊടുക്കാനും കൊടുത്ത വാക്ക് പാലിക്കാനുമൊക്കെ മുന്നണിയിലും കോണ്‍ഗ്രസിലും ആരുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്.

Advertisment

യു ഡി എഫ് നേതൃത്വത്തിന്റെ അവസ്ഥ ഇപ്പോള്‍ പരമ ദയനീയമാണ്. മുമ്പ് ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ടി എം ജേക്കബ്ബും എം പി വീരേന്ദ്രകുമാറും നയിച്ച മുന്നണിയെ ഇപ്പോള്‍ നയിക്കുന്നത് രമേശ്‌ ചെന്നിത്തലയും എം എം ഹസനും എം കെ മുനീറും അനൂപ്‌ ജേക്കബ്ബുമൊക്കെയാണ്.  ഇവരില്‍ ആര് ? ആര്‍ക്ക് വാക്കുകൊടുക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

publive-image

സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ നേതാക്കളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍

യു ഡി എഫ് എന്നത് കൂട്ടുത്തരവാദിത്വമുള്ള മുന്നണിയാണെന്ന് തെളിയിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇനിയും ആരൊക്കെ എങ്ങോട്ടൊക്കെ പോകാന്‍ ബാക്കിയുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തീര്‍പ്പില്ല. സമീപ കാലത്ത് സി പി എം കൂടാരങ്ങള്‍ വിട്ട് കോണ്‍ഗ്രസിലെത്തിയ തീപ്പൊരി നേതാക്കളൊക്കെ അവിടെ ഒരു ഗതിയും പരഗതിയുമില്ലാതെ തിരിച്ചു പോകുകയോ രാഷ്ട്രീയം മതിയാക്കുകയോ ചെയ്തിട്ടുണ്ട്.

മുന്‍ സി പി എം ആലപ്പുഴ എം പി ഡോ. കെ എസ് മനോജ്‌ കോണ്‍ഗ്രസിലെത്തി ആരും സംരക്ഷിക്കാനില്ലാതെ രാഷ്ട്രീയം മതിയാക്കി. മുന്‍ ഒറ്റപ്പാലം എം പി എസ് ശിവരാമന്‍ ഒടുവില്‍ ഗത്യന്തരമില്ലാതെ സി പി എമ്മിലേക്ക് തന്നെ മടങ്ങി. മുന്‍ എസ് എഫ് ഐ നേതാവ് സിന്ധു ജോയ് രാഷ്ട്രീയം മതിയാക്കി.

publive-image

മുന്‍ കണ്ണൂര്‍ എംപി എ പി അബ്ദുള്ളക്കുട്ടി നിലവില്‍ കോണ്‍ഗ്രസിലുണ്ടെന്നാണ് കേട്ടറിവെങ്കിലും പോകാന്‍ സ്ഥലം അന്വേഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയില്‍ നിന്നും കോണ്‍ഗ്രസിലെത്തി രമേശ്‌ ചെന്നിത്തലയുടെ ഉറ്റ അനുയായിയും സെക്രട്ടറിയും വരെ ആയിരുന്ന ഡി വൈ എഫ് ഐ നേതാവ് പ്രമോദ് നാരായണന്‍ കോണ്‍ഗ്രസില്‍ പരിഗണന ലഭിക്കാതെ ഇപ്പോള്‍ കേരള കോണ്‍ഗ്രസിലേക്ക് പോകാനുള്ള പുറപ്പാടിലാണെന്നാണ് കേള്‍വി.

നെയ്യാറ്റിന്‍കര മുന്‍ എം എല്‍ എ ശെല്‍വരാജിന്റെ സ്ഥിതി പരമ ദയനീയം. സ്വന്തം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയ വി സി കബീറിനെക്കുറിച്ച് പിന്നെ കേട്ടിട്ടില്ല.

കോണ്‍ഗ്രസിന്റെ സ്ഥിതി ഇതാണ്.ജനതാദളിനെ ഒപ്പം കൂട്ടിയെങ്കിലും കൂടെ നിര്‍ത്താനായില്ല. മാണിയെ ഒപ്പം നിര്‍ത്തി പിന്നില്‍ നിന്നും കുത്തിയപ്പോള്‍ മാണി വേറെ വഴി നോക്കി. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് അദ്ദേഹത്തിന്‍റെ മുഖത്ത് നോക്കാന്‍ വയ്യാത്ത സ്ഥിതിയാണ്.

publive-image

സ്വന്തം ഇമേജിനായി ആരെയും വിമര്‍ശിക്കുന്നവര്‍ ?

ഈ അവസ്ഥയില്‍ എന്തിന് തിരികെ വരണം ? ആര്‍ക്കുവേണ്ടി തിരികെ വരണം എന്ന് ആരോടും പറയാനാകാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. ചാനലില്‍ മുഖം വരുമെങ്കില്‍ ഘടകകക്ഷികള്‍ ഉള്‍പ്പെടെ സ്വന്തം നേതാക്കള്‍ ഉള്‍പ്പെടെ ആരെയും വിമര്‍ശിക്കാന്‍ റെഡിയായി നില്‍ക്കുകയാണ് വി ഡി സതീശനെപ്പോലെയും ടി എന്‍ പ്രതാപനെയും പോലുള്ള ഇമേജ് സൃഷ്ടാക്കള്‍.

publive-image യുഡിഎഫ് നേതൃനിര അന്നും ഇന്നും

നമ്പാടനെയും ഹംസയെയും സംരക്ഷിച്ചത് മാതൃക

അതേസമയം, ഇടത് പക്ഷത്തിന്റെയും സി പി എമ്മിന്റെയും സ്ഥിതി അതല്ല. ആവശ്യ സമയത്ത് ഒപ്പം കൂടിയ ലോനപ്പന്‍ നമ്പാടനെ മരണം വരെ സംരക്ഷിച്ചു. ടി കെ ഹംസ പൂര്‍ണ്ണ തൃപ്തനാണ്. ജനതാദള്‍ പിളര്‍ന്നപ്പോള്‍ മുന്നണിയില്‍ ഉറച്ചുനിന്ന മാത്യു ടി തോമസിനെയും നേതാക്കളെയും സുരക്ഷിതമായി സംരക്ഷിച്ചു നിര്‍ത്തി.

അതിനിടയില്‍ പാര്‍ട്ടിയുടെ തലപ്പത്തും മുന്നണിയുടെ തലപ്പത്തും നേതാക്കള്‍ മാറി മാറി വന്നെങ്കിലും ഇവരോടൊന്നുമുള്ള വാക്ക് തെറ്റിക്കാന്‍ അവര്‍ തയാറായില്ല. അതാണ്‌ മുന്നണി. അല്ലാതെ സ്വന്തം പ്രശസ്തിക്ക് വേണ്ടി ആരേ വേണേലും തള്ളിപ്പറയാന്‍ റെഡിയായി നില്‍ക്കുന്ന വി ഡി സതീശന്മാരും പ്രതാപന്മാരും ഉള്ളപ്പോള്‍ ആരെ വിശ്വസിച്ച് ആളുകള്‍ യു ഡി എഫിലെത്തും.

അവസരം കിട്ടിയപ്പോള്‍ രമേശ്‌ ചെന്നിത്തല ഘടകകക്ഷികളോട് പുലര്‍ത്തിയ മനോഭാവം മുസ്ലീം ലീഗിനും കേരളാ കോണ്‍ഗ്രസിനും നന്നായറിയാം. അതറിഞ്ഞ് മാണി കളം മാറ്റി. ലീഗിന് അതിന് അവസരമില്ലാത്തതിനാല്‍ അവര്‍ തത്ക്കാലം തുടരുന്നു.

publive-image

ആള്‍ക്കൂട്ടത്തിന്റെ നേതാക്കള്‍ നേതൃത്വത്തിലില്ല

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയും കെ മുരളീധരനുമല്ലാതെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പോന്ന നേതാക്കളില്ല. എ കെ ആന്റണിക്ക് പോലും കേരളത്തിലെ പാര്‍ട്ടി അണികളില്‍ സ്വീകാര്യതയില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെതിരെ ഓരോ തവണ കേരളത്തില്‍ വരുമ്പോഴും ആന്റണി കൊടുത്തിട്ടുപോയ പണികള്‍ അണികള്‍ മറന്നിട്ടില്ല.

മുന്‍ ഇടത് സര്‍ക്കാരിനെയും അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിനെയും വാനോളം പുകഴ്ത്തിയ ആന്റണി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന് അനുകൂലമായി വായ്‌ തുറന്നിട്ടില്ല. ഉമ്മന്‍ചാണ്ടിക്കും മുരളീധരനും മുന്നണി നേതൃത്വത്തില്‍ സ്ഥാനമില്ല.

publive-image

ഈ കരുത്തുറ്റ യുവനിരയെ 60 എത്തുംവരെ പുറത്ത് നിര്‍ത്തുമോ

അണികളെ ആവേശത്തില്‍ നിര്‍ത്താന്‍ പോന്ന കരുത്തുറ്റ ഒരു യുവനിര ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്. വി ടി ബലറാം, ഷാഫി പറമ്പില്‍, റോജി എം ജോണ്‍, ഹൈബി ഈഡന്‍, ശബരീനാഥ്‌, ഡീന്‍ കുര്യാക്കോസ് എന്നിവരൊക്കെ. പക്ഷെ വയസ് 60 കഴിയാതെ ഇവരെ നേതൃനിരയില്‍ കൊണ്ടുവരില്ലെന്ന വാശിയിലാണ് നിലവിലെ നേതൃത്വം.

ഒന്നുകില്‍ ഉമ്മന്‍ചാണ്ടി - കെ മുരളീധരന്‍ ടീം സൃഷ്ടിക്കുക, അതല്ലെങ്കില്‍ ഷാഫി പറമ്പില്‍, വി ടി ബലറാം തുടങ്ങിയ നേതൃനിരയെ തലപ്പത്ത് കൊണ്ടുവരിക. ഇത് രണ്ടിലേതെങ്കിലും ഇല്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഉണര്‍വിന്‍റെ സന്ദേശം എത്തില്ലെന്നാണ് വ്യാപകമായി ഉയരുന്ന അഭിപ്രായം.

നേതാക്കളെയോ പാര്‍ട്ടികളെയോ മുന്നണിയിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ പുതിയ ഒരു മുഖം ഉണ്ടാകണമെന്നതാണ് ഘടകകക്ഷികളുടെ വരെ നിലപാട്. അതല്ലെങ്കില്‍ ഇപ്പോള്‍ കൂടെയുള്ളവരെ സംരക്ഷിച്ചു നിര്‍ത്താന്‍ പെടാപ്പാട് പെടേണ്ടി വരുമെന്ന വിമര്‍ശനം ശക്തമാണ്.

ramesh chennithala kpcc vt balram umman chandy udf
Advertisment