Advertisment

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക്; ഉമ്മന്‍ചാണ്ടിക്കായി ചരടുവലിച്ചത് എ - ഐ ഗ്രൂപ്പുകള്‍ സംയുക്തമായി !

author-image
ജെ സി ജോസഫ്
New Update

ന്യൂഡല്‍ഹി:  മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി ഉടന്‍ പ്രവര്‍ത്തക സമിതിയില്‍ അഴിച്ചുപണിയ്ക്കൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയിലേക്ക് എത്തുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

Advertisment

കേരളത്തില്‍ നിന്നും എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായാണ് ഉമ്മന്‍ചാണ്ടിയെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ കേരള സന്ദര്‍ശന വേളയിലും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ എം എം ഹസനും നേരിട്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.

publive-image

എന്നാല്‍ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മനസ് തുറന്നിട്ടില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ കാലങ്ങളായുള്ള നിലപാട്. അതേസമയം, ഉമ്മന്‍ചാണ്ടി ദേശീയ തലത്തിലേക്ക് പ്രവര്‍ത്തന മേഖല മാറ്റിയാല്‍ കേരളത്തിലെ പാര്‍ട്ടിയില്‍ തന്റെ നില സുരക്ഷിതമാക്കാം എന്ന തന്ത്രമാണ് രമേശ്‌ ചെന്നിത്തലയുടെ നിലപാടിന് പിന്നിലുള്ളത്.

എന്നാല്‍ എ ഗ്രൂപ്പിലെ പ്രമുഖരൊക്കെ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തക സമിതിയില്‍ എത്തണമെന്ന നിലപാടുകാരാണ്. കേരളത്തില്‍ പാര്‍ട്ടിയിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ പദവികള്‍ ഏറ്റെടുക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

യു ഡി എഫിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണിത്. അതേസമയം, ദേശീയ തലത്തില്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഈ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല.

ദേശീയ തലത്തില്‍ തന്നെ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള ജനകീയ നേതാക്കളില്‍ മുന്‍പന്തിയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. രാഷ്ട്രീയ പ്രശ്നങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതില്‍ ഉമ്മന്‍ചാണ്ടിയ്ക്കുള്ള മികവ് എല്ലാവര്‍ക്കും അറിവുള്ളതാണ്. ബി ജെ പിയുടെ തന്ത്രങ്ങളെ അതേ നാണയത്തില്‍ ചെറുക്കുന്നതിലും ഉമ്മന്‍ചാണ്ടിയേപ്പോലുള്ള മുതിര്‍ന്ന നേതാവിന്റെ സാന്നിധ്യം ഡല്‍ഹിയില്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടല്‍ രാഹുല്‍ ഗാന്ധിയ്ക്കുണ്ട്.

അതേസമയം, കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്തി ലാവണങ്ങള്‍ കണ്ടെത്തിയ പലര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ വരവില്‍ തൃപ്തിയില്ല. പി ജെ കുര്യന്‍, പി സി ചാക്കോ, കെ വി തോമസ്‌ എന്നിവര്‍ തന്നെയാണ് അതില്‍ പ്രമുഖര്‍.

കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കും ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ താല്പര്യക്കുറവുണ്ട്.

അതേസമയം, ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ദേശീയ തലത്തില്‍ ശ്രദ്ധേയനായ മുതിര്‍ന്ന നേതാവിന്റെ പ്രാഗത്ഭ്യം ദേശീയ തലത്തില്‍ തന്നെ പ്രയോജനപ്പെടുത്തണമെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. രമേശ്‌ ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന വേദിയില്‍ വച്ച് ഉമ്മന്‍ചാണ്ടിയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സ്നേഹത്തിന്റെ അളവ് രാഹുലിന് മനസിലായിരുന്നു.

സമ്മേളനത്തില്‍ ഏറ്റവും കയ്യടി കിട്ടിയത് ഉമ്മന്‍ചാണ്ടിക്കായിരുന്നു. പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കപ്പെടുമ്പോഴൊക്കെ സദസ് ഇളകി മറിയുകയായിരുന്നു. രാഹുല്‍ഗാന്ധി ഇത് കൌതുകത്തോടെ വീക്ഷിക്കുകയും ചെയ്തു.

rahul gandhi aicc kpcc oommen chandy congress politics
Advertisment