Advertisment

സൗദിയിൽ ഒരാഴ്ചക്കകം പതിനാറായിരത്തിലേറെ നിയമലംഘകർ പിടിയിലായി; ഇവരിൽ പതിനായിരം പേരെ നാടുകടത്തി

New Update

publive-image

Advertisment

ജിദ്ദ: താമസ, തൊഴിൽ, അതിർത്തി നിയമങ്ങളുടെ ലംഘകരായി രാജ്യത്ത് കഴിയുന്നവരെ വ്യപകമായി പിടികൂടുന്നതിൽ അമാന്തമില്ലാതെ മുന്നേറുകയാണ് സൗദി അറേബ്യ. ആഗസ്ത് മാസത്തിലെ അവസാന വാരം നടത്തിയ സംയുക്ത റൈഡുകളിൽ താമസ, തൊഴിൽ, അതിർത്തി നിയമ ലംഘകരായ പതിനാറായിരത്തിലേറെ പേരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തു വിട്ട റിപ്പോർട്ട് വെളിപ്പെടുത്തി.

ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ ഒന്ന് ഉൾപ്പെടെയുള്ള ഏഴ് ദിവസങ്ങളിലായി മൊത്തം 16600 നിയമലംഘകരാണ് രാജ്യത്തുടനീളം നടന്ന പരിശോധനകളിൽ പിടിയിലായത്. ഇതിൽ 5800 പേർ താമസ നിയമം (ഇഖാമ) ലംഘിച്ചവരാണ്. തൊഴിൽ നിയമം ലംഘിച്ചതിന് പിടിയിലായത് 1455 പേർ മാത്രമാണ്. 9000 പേരാണ് അതിർത്തി നിയമം പാലിക്കാത്തതിനാൽ പിടിയിലായത്.

849 പേർ നിയമരഹിത മാർഗത്തിലൂടെ സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് അറസ്റ്റിലായപ്പോൾ 19 പേർ നിയമം ലംഘിച്ചു കൊണ്ട് വിദേശങ്ങളിലേയ്ക് കടക്കാൻ ശ്രമിച്ചതിനും അറസ്റ്റിലാവുകയുമുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് തുടർന്നു. സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരിൽ 98 ശതമാനം യമൻ, എത്യോപ്യ എന്നിവിടങ്ങളിലെ പൗരന്മാരാണ്.

നിയമലംഘകർരെ ഒളിപ്പിക്കുകയും അവർക്ക് താമസം, ഗതാഗതം, തൊഴിൽ എന്നിവ ഏർപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് 11 പേരെ പിടികൂടിയതായും റിപ്പോർട്ട് തുടർന്നു.

അറസ്റ്റിലായ നിയമലംഘകരിൽ 10000 പേരെ നിയമ നടപടികൾക്ക് ശേഷം സൗദിയിൽ നിന്ന് ഇതിനകം നാട് കടത്തിക്കഴിഞ്ഞതായും മറ്റുള്ളവരുടെ യാത്രാ രേഖകൾക്കായി അവരവരുടെ രാജ്യത്തിന്റെ നയതന്ത്ര സ്ഥാപനങ്ങളിളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയോ യാത്രാ ടിക്കറ്റ് ശരിപ്പെടുത്തി കൊണ്ടിരിക്കുകയോ ചെയ്യുകയാണെന്നും ഇതുസംബന്ധിച്ച ഒടുവിലത്തെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് വെളിപ്പെടുത്തി.

"നിയമ ലംഘകരില്ലാത്ത രാജ്യം" എന്ന വിശേഷണം സാക്ഷാത്കരിക്കാനുദ്ദേശിച്ചാണ് 2017 നവംബർ പതിനഞ്ചിനാണ്‌ നിയമലംഘകർക്കായി വ്യാപകമായ പരിശോധനയും പിടികൂടലും ആരംഭിച്ചത്. മാസങ്ങൾ നീണ്ട പൊതുമാപ്പ് കാലത്തിനു ശേഷം പിന്നെയും പദവി നിയമാനുസൃതമാക്കുകയോ നാട് വിടുകയോ ചെയ്യാത്തവരെ പിടികൂടാനാണ് വിവിധ വകുപ്പുകൾ ചേർന്നുള്ള വ്യാപകമായ പരിശോധന ആരംഭിച്ചത്.

നിയമാനുസൃതമല്ലാത്ത വിദേശികളുടെ വൻ സാന്നിധ്യം മൂലം സ്വദേശികൾക്കു പരമാവധി തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സൗദി ഗവർമെന്റ് നടത്തുന്ന നീക്കങ്ങൾ ഫലപ്രദമാവുന്നില്ലെന്നാണ് വിലയിരുത്തൽ. വിവിധ തൊഴിൽ രംഗങ്ങൾ സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്തും താമസ , തൊഴിൽ നിയമങ്ങളുടെ കണിശമായ പാലനം ഉറപ്പുവരുത്തിയും സ്വദേശിവൽക്കരണം കാര്യക്ഷമമാക്കുന്നതിൽ വ്യാപ്രുതരാണ് സൗദി അധികൃതർ.

saudi news
Advertisment