Advertisment

ദക്ഷിണ സൗദിയിലെ അസീർ നാടുകടത്ത് കേന്ദ്രത്തിലെ 13 ഇന്ത്യക്കാർ സ്വദേശത്തേക്ക് മടങ്ങി; അവശേഷിക്കുന്നവരുടെ കാര്യത്തിൽ നടപടികൾ പുരോഗമിക്കുന്നു; അനുഗ്രഹമായി കോൺസുലേറ്റും സാമൂഹ്യ പ്രവർത്തകരും

New Update

publive-image

Advertisment

ജിദ്ദ: ദക്ഷിണ സൗദിയിലെ അസീർ പ്രദേശത്തുള്ള നാടുകടത്ത് കേന്ദ്രത്തിൽ കഴിയുകയായിരുന്ന 13 ഇന്ത്യൻ തടവുകാർ സ്വദേശത്തേക്ക് മടങ്ങി. അബഹയിൽ നിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയ ഇവർ ഖത്തർ എയർവെയ്‌സിൽ ദോഹ വഴി ഡൽഹിക്ക് ആണ് മടങ്ങിയത്.

ഇനിയും മൂന്ന് തടവുകാർ കൂടി വ്യാഴാഴ്ച നാട്ടിലേയ്ക്ക് മടങ്ങും. സാമ്പത്തിക ബാധ്യതയുടെ പേരിൽ യാത്രാവിലക്കുള്ള രണ്ടു പേരൊഴിച്ച്‌ അസീർ തടവ് കേന്ദ്രത്തിലെ മുഴുവൻ ഇന്ത്യക്കാർക്കും ഈ മാസം തന്നെ നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

താമസ, തൊഴിൽ ലംഘനങ്ങൾ ഉൾപ്പെടെ വിവിധ നിയമ ലംഘനങ്ങൾക്ക് അറസ്റ്റിലായവർ, ശിക്ഷാ കാലാവധി കഴിഞ്ഞ കുറ്റവാളികൾ തുടങ്ങിയവരെ പാർപ്പിക്കുന്ന അസീർ നഗരത്തിലെ നാടണയൽ കേന്ദ്രത്തിലുള്ള ഇൻഡ്യക്കാർക്കാണ് നാട്ടിലേക്കുള്ള വഴി തുറന്നത്.

ഇതിനകം നാടണഞ്ഞവർ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹൈദരബാദ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സമീപ പ്രദേശമായ ബീഷയിലെ ആശുപത്രിയിൽ ശസ്ത്രകിയക്കു വിധേയനായ ഉത്തർപ്രദേശ് സ്വദേശിയും ഇവരിൽ പെടുന്നു. ഇദ്ദേഹം മൂന്നു മാസങ്ങളായി ജയിലിൽ കഴിയുകയാണ്.

അബഹയിലെ മേഖലാ നാടുകടത്ത് കേന്ദ്രത്തിൽ 30 ഇന്ത്യക്കാരാണ് നാട്ടിലേക്കുള്ള വഴി തേടി കഴിയുന്നത്. ഇവരിൽ സമീപ പ്രദേശങ്ങളിലെ പ്രാദേശിക തടവ് കേന്ദ്രങ്ങളിൽ നിന്നെത്തിയവരും ഉൾപ്പെടുന്നു. അവശേഷിക്കുന്നവരിൽ ആറു പേരുടെ യാത്രാരേഖകൾ ശരിയാക്കി വരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. പാസ്പോർട്ട് കൈവശം ഇല്ലാത്തവർക്കായി എമർജൻസി പാസ്സ്പോർട്ടുകൾ ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റ് നൽകും. ഇതിനുള്ള അപേക്ഷ കോൺസുലേറ്റിൽ സമർപ്പിച്ചിട്ടുണ്ട്.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ നിരന്തരമായ ഇടപെടലുകളും പ്രദേശത്തെ മലയാളി സാമൂഹ്യ പ്രവർത്തകരുടെ പിന്തുണയുമാണ് ഇവരുടെ മോചനവും മടക്കവും സാധ്യമാക്കിയത്.

കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം വളണ്ടിയർമാരായ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ ഹനീഫ് മഞ്ചേശ്വരം, ഒ ഐ സി സി ദക്ഷിണ മേഖലാ പ്രസിഡണ്ട് അഷ്റഫ് കുറ്റിച്ചാൽ, ബിജു കെ നായർ മാധ്യമ പ്രവർത്തകൻ മുജീബ് ചടയമംഗലം, ഒ ഐ സി സി ഖമീസ് ടൗൺ കമ്മിറ്റി പ്രസിഡൻറ് റോയി മൂത്തേടം, ഹബീബ് റഹ്മാൻ തുടങ്ങിയവർ തടവിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ അധികൃതരുടെ മുന്നിലെത്തിച്ച് പരിഹാരം കണ്ടെത്തുന്നതിൽ ഭാഗഭാക്കുകളായി.

saudi news
Advertisment