Advertisment

വാദിദവാസിറിൽ കൊല്ലം സ്വദേശിയ്ക്ക് വെടിയേറ്റ സംഭവത്തിലെ പ്രതിയായ സൗദി പൗരന് 7 വർഷം തടവും പിഴയും

New Update

publive-image

Advertisment

ജിദ്ദ: റിയാദ് പ്രവിശ്യയിലെ വാദിദിവാസിറിൽ വെച്ച് കഴിഞ്ഞ മാസം കൊല്ലം സ്വദേശിയ്ക്ക് വെടിയേറ്റ സംഭവത്തിലെ പ്രതിയ്ക്കുള്ള ശിക്ഷ ക്രിമിനൽ കോടതി വിധിച്ചു. ഏഴ് വർഷം തടവും പിഴയും അക്രമത്തിന് ഉപയോഗിച്ച അയാളുടെ പക്കലുള്ള ആയുധം കണ്ടുകെട്ടലുമാണ് കോടതി നൽകിയ ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷൻ തിങ്കളാഴ്ച പുറത്തു വിട്ട വിവരണം വെളിപ്പെടുത്തി.

കൊല്ലം, നെടുമ്പന, കുളപ്പാടം സ്വദേശിയും വാദിദവാസിറിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുകയുമായിരുന്ന മുഹമ്മദ് (27) ആണ് സംഭവത്തിലെ ഇര. സൗദി പൗരനാണ് ശിക്ഷിക്കപ്പെട്ട പ്രതി.

കഴിഞ്ഞ ആഗസ്റ്റ് പന്ത്രണ്ടിന് സ്ഥലത്തെ ഒരു പെട്രോൾ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. കയ്യേറ്റം ചെയ്ത ശേഷം മുഹമ്മദിന് നേരേ പ്രതി വെടിയുതിർക്കുകയുമായിരുന്നു. കാൽതുടയിൽ വെടിയേറ്റ് നിലത്ത് വീണ മുഹമ്മദിനെ സുഹൃത്തുക്കൾ ആശുപതിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയുമുണ്ടായി. പെട്രോൾ സ്റ്റേഷനിലെ താത്കാലിക ജീവനക്കാരനാണ് മുഹമ്മദ്.

സംഭവം നടന്ന പിറ്റേന്ന് തന്നെ പ്രതി പിടിയിലാവുകയുണ്ടായി. തുടർന്ന്, കേസ് ഫയൽ ചെയ്ത് അന്വേഷണങ്ങൾ പൂർത്തിയാക്കി കോടതിയിലെത്തിച്ച പബ്ലിക് പ്രോസിക്യൂഷൻ പ്രവാസിയെ കയ്യേറ്റം ചെയ്ത സ്വദേശിയായ പ്രതിയുടെ ചെയ്തികൾ മനഃപൂർവമാണെന്നും പ്രതിയ്ക്കു കടുത്ത ശിക്ഷ നൽകണമെന്നും കോടതിയോട് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയുമുണ്ടായി. കുറ്റകൃത്യം സ്ഥിരപ്പെടുത്തിയ കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു.

അനധികൃതമായി ആയുധം കൈവശം വെക്കുന്നതും നിയമാനുസൃതമല്ലാത്ത നേരത്തും സാഹചര്യത്തിലുമുള്ള ആയുധങ്ങളുടെ ഉപയോഗവും വലിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതാണെന്നും ഇക്കാര്യത്തിൽ കുറ്റവാളികളാവുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും കൊല്ലം സ്വദേശിയുടെ സംഭവത്തിലെ ശിക്ഷാ വിധി വെളിപ്പെടുത്തി കൊണ്ടുള്ള പ്രസ്താവനയിൽ സൗദി പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തെ ഓർമപ്പെടുത്തി.

ആഗസ്റ്റ് പന്ത്രണ്ടിന് നടന്ന സംഭവം ഇങ്ങിനെ: ആഗസ്റ്റ് 12നു പുലർച്ച ആറോടെയായിരുന്നു സംഭവം. വാദിദവാസിർ പ്രദേശത്തെ ഒരു പെട്രോൾ സ്റ്റേഷനിൽ എത്തിയ ഒരു സൗദി പൗരൻ തന്റെ കാറിൽ ഫുൾ ടാങ്ക് ഇന്ധനം നിറച്ച ശേഷം കാശ് നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ചു.

പമ്പിന് സമീപമുള്ള ലോഡ്ജിലെ ജീവനക്കാരനായിരുന്ന മുഹമ്മദ് അന്നേരം പെട്രോൾ സ്റ്റേഷനിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു. കാശ് ചോദിച്ച് സ്വദേശിയുടെ അടുത്തേക്ക് ചെന്ന മുഹമ്മദിനെ ഉന്തിയിട്ടശേഷം സ്വദേശിയായ അക്രമി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. പിന്നീട്, കാർ മുന്നോട്ടെടുത്ത പോയ ശേഷം വീണ്ടും മുഹമ്മദിന്റെ അടുക്കലേക്ക് തിരിച്ചെത്തി വെടി വെക്കുകയുമായിരുന്നു. മുഹമ്മദിന്റെ തുടയിലാണ് വെടിയേറ്റ പരിക്ക്.

വെടിയേറ്റ് വീണ ശേഷം കാൽ മണിക്കൂറിലധികം നേരം കഴിഞ്ഞു അവിടെയെത്തിയ സിറാജുദ്ദീൻ സഖാഫിയും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദിനെ പിന്നീട് മിലിറ്ററി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.

സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്തായാലും, സംഭവം നടന്ന പിറ്റേന്ന് തന്നെ പ്രതി പിടിക്കപ്പെടുകയും അഞ്ചാഴ്ചക്കകം നിയമനടപടികൾ പൂർത്തിയായി ശിക്ഷാവിധി ഉണ്ടായതും സൗദിയിലെ നിയമവ്യവസ്ഥയുടെ തിളക്കം കൂട്ടുന്നതായി - അതും ഒരു പ്രവാസി വാദിയും ഒരു സ്വദേശി പ്രതിയും ആയിട്ടുള്ള കേസ് !

saudi news
Advertisment