Advertisment

ഇൻഡോ - സൗദി സൗഹൃദം നീണാൾ വാഴട്ടെ ! ഹിന്ദീ-സൗദീ: ഭായ്, ഭായ്; സ്വദീഖ്, സ്വദീഖ്...

New Update

publive-image

Advertisment

ജിദ്ദ: ഹിജ്റാബ്ദം 1351 ൽ, അഥവാ ക്രിസ്താബ്ദം 1932 ൽ അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ ബിൻ ഫൈസൽ ആലുസഊദ്‌ രാജാവിന്റെ ഏകീകരണ പ്രഖ്യാപനത്തിലൂടെ നിലവിൽ വന്ന അറേബ്യൻ ഉപദ്വീപിലെ ആധുനിക സൗദി അറേബ്യ ഇന്ന് (23 സെപ്റ്റംബർ 2021) തൊണ്ണൂറ്റിയൊന്നാം ദേശീയ ദിനം ആചരിക്കുകയാണ്.

ഇതുപോലൊരു ചരിത്ര ദിനത്തിലാണ് അറേബ്യൻ ഉപദീപിലെ അന്തഛിദ്രതയ്ക്കു അന്ത്യം കുറിച്ചുകൊണ്ട് ഇതിഹാസ പുരുഷനായ രാഷ്ട്രസ്ഥാപകൻ അറേബ്യൻ ഉപദ്വീപിൽ സൗദി അറേബ്യ എന്ന ഇസ്‌ലാമിക രാജ്യം നിലവിൽ വന്നതായുള്ള പ്രഖ്യാപനം നടത്തിയത്.

അബ്ദുൽ അസീസ് രാജാവ് അവിടുത്തെ പ്രഥമ ഭരണാധികാരിയാവുകയും ചെയ്തു. ആലുസഊദ്‌ രാജവംശത്തിന്റെ സ്ഥാപകനായിരുന്ന മുഹമ്മദ് ആലുസഊദ്‌ മതദാർശനികനും പ്രബോധകനുമായിരുന്ന ഇമാം അബ്ദുൽ വഹാബുമായി ചേർന്ന് ഒന്നര നൂറ്റാണ്ടിന് മുമ്പ് നടത്തിയ ആദർശാധിഷ്ട്ടിത നീക്കം അബ്ദുൽ അസീസ് രാജാവിലൂടെ സാക്ഷാത്കൃതമാവുകയായിരുന്നു.

കുവൈറ്റിലെ അഭയാർത്ഥി വാസം അവസാനിപ്പിച്ച് നജ്‌ദിൽ മടങ്ങിയെത്തിയ ശേഷം അബ്ദുൽ അസീസ് പതിറ്റാണ്ടുകളായി അദ്ദേഹം നടത്തിവന്ന ജൈത്രയാത്രകൾക്കൊടുവിലാണ് സൗദി അറേബ്യ സംസ്ഥാപിക്കുകയായിരുന്നു.

publive-image

ആധുനിക ചരിത്രത്തിലെ സൗദി അറേബ്യ പിറവിയെടുക്കുന്നത് വരെയുള്ള ചരിത്ര സംഭവങ്ങളുടെ ആവേശം തുടിക്കുന്ന ഓർമ്മകളാണ് ദേശിയ ദിനം പൗരന്മാരിൽ പ്രസരിപ്പിക്കുന്നത്.

നജ്‌ദ്‌, ഹിജാസ് എന്നിവയെ ഏകീകരിപ്പിച്ച് ഇസ്‌ലാമികാദർശത്തിലധിഷ്ട്ടിതമായ സൗദി അറേബ്യ പിറവി കൊണ്ടതായ ചരിത്രസ്മരണയെയാണ് സൗദി ദേശീയ ദിനാചരണം വീണ്ടും ഹരിതാഭമാക്കുന്നത് - ഒമ്പത് ദശാബ്ദങ്ങളിലധികമായി തുയിലുണർത്തുന്ന ഓർമ്മകൾ.

അന്നുതൊട്ടിന്ന് വരെ അധികാരത്തിലിരുന്നവരെല്ലാം കാഴ്ച്ച വെച്ച സച്ചരിത ഭരണവും പരിഷ്‌കാരണോന്മുഖമായി ഇന്നും തുടരുന്ന പുരോഗതിയിലേക്കുള്ള കുതിപ്പും തെല്ല് അസൂയ ജനിപ്പിക്കുന്നതാണ്. അനുസ്യൂതം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുകയും ശാന്തിയും ഐശ്വര്യവും കളിയാടുകയും ചെയ്യുന്ന ഒരു സമ്പന്ന രാഷ്ട്രത്തെയും ജനതയെയുമാണ് ലോകം സൗദിയിൽ കാണുന്നത്.

വിശ്വാസി ലോകത്തിന് അഭിമുഖ കേന്ദ്രമായി, ലോകത്തിലെ വലിയൊരു പറ്റം നാടുകൾക്ക് ഊർജ ദായിനിയായി, വിപത്തുകൾ നടമാടുന്ന രാജ്യങ്ങൾക്ക് ജീവകാരുണ്യാശ്രയമായി, വികല പാന്ഥാവുകാർക്കെതിരെയുള്ള നിലപാടുകളിൽ മുന്നണിപ്പോരാളിയായി, അതിനുമെല്ലാമുപരി ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷങ്ങളായ സാധാരണക്കാർക്ക് ജീവിക്കാനുള്ള വരുമാന സ്രോതസ്സായി... ലോക രാജ്യങ്ങളിക്കിടയിൽ അനുപമ സ്ഥാനം അലങ്കരിക്കുകയാണ് ഇരു തിരുഗേഹങ്ങളുടെ നാട്.

publive-image

ലോകത്തെങ്ങുമുള്ള തൊഴിലന്വേഷകരുടെ പറുദീസയും നിക്ഷേപകരുടെ അനാഥ സാധ്യതാ കേന്ദ്രവുമായി വിരാജിക്കുന്ന സൗദി ലോകസമാധാനത്തിനും ഭീകര വിരുദ്ധ നീക്കങ്ങൾക്കും നൽകുന്ന പിന്തുണയും ശക്തിയും പ്രത്യേക പരാമർശം അർഹിക്കുന്നതാണ്.

സൽമാൻ രാജാവിന്റെ പ്രായത്തിനൊത്ത പക്വതയാർന്ന ഭരണ സാരഥ്യത്തിന് ഒപ്പം ലോകത്തിലെ ഏറ്റവും ശക്തനായ യുവാക്കളിൽ അഗ്രസ്ഥാനീയനായ യുവകിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരന്റെ കരമാവേശവും കൂടി ചേർന്നുള്ള നിലവിലെ സൗദി ഭരണകൂടം തികവൊത്ത ഭരണത്തിന്റെയും നിലപാടുകളുടെയും പര്യായമായി തീർന്നിരിക്കുകയാണ്. മതമൂല്യങ്ങളും പുത്തനാശയങ്ങളും ആരോഗ്യകരമായി മേളിപ്പിച്ചു കൊണ്ട് മുന്നേറുന്ന സൗദി ആധുനിക സമൂഹങ്ങൾക്ക് മാതൃകായാവുകയാണ്.

തൊണ്ണൂറ്റി ഒന്നിന്റെ തലയെടുപ്പിലും അനുഗ്രഹീത നാട് അഭിമാനിതയാണ്. മൂല്യങ്ങളും തനിമയും പരിരക്ഷിച്ചു കൊണ്ട് പരിഷ്കരണങ്ങളിൽ നിന്നും പരിഷ്കരണങ്ങളിലേക്കുള്ള സൗദിയുടെ പ്രയാണം ആധുനിക കാലത്തിന്റെ പുണ്യങ്ങളിലൊന്നാണ്.

വിശുദ്ധ ഹജ്ജിന്റെയും ഉംറയുടെയും പുണ്യമണ്ണ് ഇസ്‌ലാമിക മാനവികതയുടെയും ആദർശ മൗലികത സ്ഫുരിക്കുന്ന മിതസ്വരത്തിന്റെയും ബഹുസ്വര സഹിഷ്ണുതയുടെയും കൂടി വിളനിലമാണ്.

ഭരണസാരഥി സൽമാൻ രാജാവിന്റെയും കിരീടാവകാശി യുവകേസരി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ദീർഘ ദൃക്കുകളോടെയുള്ള ജനപ്രിയ ഭരണം മേഖലയിൽ മാത്രമല്ല രാജ്യാന്തര തലങ്ങളിലും സൗദി അറേബ്യയെ പുരോഗതിയുടെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പര്യായമാക്കുകയാണ്.

publive-image

ഭരണ മികവിന്റെ ഉത്തമ ഉദാഹരണമാണ് കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിൽ സൗദി അറേബ്യ കാണിച്ച പ്രാപ്തിയും മികവും. സ്വന്തം രാജ്യത്തിന് ദൈവം കനിഞ്ഞേകിയ വിശുദ്ധ ഹജ്ജ് മഹാമാരിയുടെ അതിഭീഷണാവസ്ഥയിലും അതീവ സുരക്ഷിത സാഹചര്യം ഒരുക്കി സംഘടിപ്പിച്ച സൗദി അറേബ്യ മറ്റു നാടുകൾക്ക് സാമ്പത്തികവും മറ്റുമായ സാധ്യമായ സഹായങ്ങൾ നല്കികൊണ്ടിരിക്കുകയാണ്.

അത്തരം സഹായങ്ങൾ അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഓക്സിജന്റെയും മറ്റും വൻ ശേഖരമാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് നീങ്ങിയത്. കോവിഡിന്റെ ഏറ്റവും അപായകരമായ സാഹചര്യങ്ങളിൽ സൗദി സഹായം ഇന്ത്യയ്ക്ക് നൽകിയത് വമ്പിച്ച ആശ്വാസമായിരുന്നു.

മേഖലയിൽ പലയിടങ്ങളിലായി സംഘർഷത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പുതിയ കാർമേഘങ്ങൾ നിലനിൽക്കുമ്പോഴാണ് സൗദിയുടെ ഈ വർഷത്തെ ദേശീയ ദിനം വന്നെത്തുന്നത്. ഫലസ്തീൻ, യമൻ, ഇറാഖ്, ലെബനൻ, സിറിയ, ലിബിയ തുടങ്ങിയ അറബ് നാടുകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ സൗദി അറേബ്യ വിവേകപൂർണവും നേതൃത്വപരവുമായ നിലപാടുകളാണ് സൗദി അറേബ്യ കൈക്കൊള്ളുന്നത്.

അതാകട്ടെ, മേഖലയ്ക്കും അവിടുത്തെ രാജ്യങ്ങളിലെ ജനതയ്ക്കും സമാധാനപരമായ ശ്രേയസ്സ് ലക്ഷ്യമാക്കിയുള്ളതുമാണ്. അതോടൊപ്പം, ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടുന്നതിൽ ജാഗരൂഗരാണ് സൗദി നേതൃത്വം.

എണ്ണ വിലയിടിവിന്റെ ആഘാതം മറികടക്കാൻ സൗദി അറേബ്യ ആവിഷ്കരിച്ച സാമ്പത്തിക നവീകരണ നീക്കം ആഗോള ശ്രദ്ധ പിടിച്ചെടുക്കുകയും ഗുണകരമായ ഫലം ഉണ്ടാക്കി കൊണ്ടിരിക്കുകയുമാണ്. മൂല്യ വർദ്ധിത നികുതി, പ്രവാസി ലെവി, വിനോദ രംഗം ഉപയോഗപ്പെടുത്തൽ എന്നിവയിലൂടെ പുതിയ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുകയും രാജ്യത്തെ യുവജനങ്ങൾക്ക് ആവേശവും പ്രതീക്ഷയുമായി തീർന്നിരിക്കുകയാണ് പൂർവോപരി സൗദിയിലെ നിലവിലെ നേതൃത്വം.

സൗദി സമൂഹത്തിന്റെ മൂല്യവത്തായ അഭിരുചി ത്യജിക്കാതെയുള്ള സ്ത്രീ ശാക്തീകരണം പോലുള്ളവ സൗദിയുടെ സമകാലിക നേതൃത്വം സാധിപ്പിച്ചെടുക്കുന്നത് സൃഷ്ടിപരമായ സാമൂഹ്യ വിപ്ലവമാണ്.

ആഭ്യന്തരവും അന്താരാഷ്‌ട്ര തലത്തിലുള്ളതുമായ പ്രശനങ്ങളുടെ പശ്ചാത്തലത്തിലും സൗദി ഭരണകൂടത്തിന് ലഭിക്കുന്ന നിർലോഭമായ ജനകീയ പിന്തുണയും കൂറുമാണ് ഭരണ സ്ഥിരതയുടെയും വികസനത്തിന്റെയും കൂടുതൽ ഉജ്ജ്വലമായ ഏടുകൾ വിരചിക്കാൻ ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരനും കരുത്തേകുന്നത്.

"വിഷൻ 2030", "ദേശീയ പരിവർത്തന പദ്ധ്വതി" തുടങ്ങിയ സന്ദേശങ്ങളും ആസൂത്രണങ്ങളുമായി ദീർഘവീക്ഷണത്തോടെ മുന്നോട്ടു കുതിക്കുന്ന സൗദി അറേബ്യ ശത്രുക്കളുടെ വ്യർഥ മോഹങ്ങളെ എന്നും നിരാശപ്പെടുത്തിയിട്ടേയുള്ളൂ.

തൊണ്ണൂറ്റിയൊന്നാം ദേശീയ ദിനത്തിൽ രാജ്യം ഹരിത ദീപ്തിയിൽ തിളങ്ങുകയാണ്. ദേശീയ പതാകയുടെ പച്ച വർണത്തിൽ ചമഞ്ഞൊരുങ്ങി നിൽക്കുകയും ആദർശം വിളിച്ചോതുന്ന വിശുദ്ധ വാക്യവും ദേശീയ ചിഹ്നവും ഉല്ലേഖനം ചെയ്ത ഹരിത പതാക പാറിക്കളിക്കുകയാണ് പുണ്യം തുളുമ്പുന്ന അനുഗ്രഹീത നാടിൻറെ മുക്കുമൂലകളും നഗര - ഗ്രാമാന്തരങ്ങളും.

ഓഫീസുകളിലും ചത്വരങ്ങളിലും വാഹനങ്ങളിലും വ്യാപാര സ്ഥാപങ്ങളിലും ഹരിത പതാക ഹരം പകർന്നു പാറിക്കളിക്കുകയാണ്. ഭരണകർത്താക്കളോടുള്ള കൂറും അവർ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങൾക്കും അഴിമതി നിർമാർജന നീക്കങ്ങൾക്കുമുള്ള ജനതയുടെ ഐക്യദാർഢ്യവും എങ്ങും പ്രകടമാണ്.

രാജ്യസ്നേഹം തുടിക്കുന്ന ഉദ്ധരണികളാണ് എവിടേയ്ക്ക് തിരിഞ്ഞാലും നിറഞ്ഞു നിൽക്കുന്നത്. കടകളിൽ സൗദി പതാക, ബലൂണുകൾ, ദേശ പ്രോക്തമായ വാചകങ്ങൾ പതിച്ച സ്റ്റിക്കറുകൾ, ഭരണാധികാരികളുടെ ഫോട്ടോകൾ തുടങ്ങിയവയുടെ വില്പന പൊടിപൊടിക്കുകയാണ്.

വാരാന്ത്യ ദിവസങ്ങൾക്ക് തൊട്ടുമുമ്പുള്ള ഈ വർഷത്തെ ദേശീയ ദിനം - വ്യാഴാഴ്ച. അതിനാൽ അടുത്ത വാരാദ്യം വരെ ദേശീയ ദിനാഘോഷത്തിന്റെ അനുരണനം നിലനിൽക്കും. ഇതിന് അനുസരിച്ചുള്ള ആഘോഷ പരിപാടികളാണ് ഔഗ്യോഗിക തലത്തിലും ജനകീയ തലങ്ങളിലും സൗദിയിലെങ്ങും ആസൂത്രണം ചെയ്തിട്ടുള്ളത്.

എങ്ങും രാജ്യബോധത്തിന്റെ തുടിപ്പാർന്ന ആവേശാരവം ഉയരുമ്പോൾ സൗദിയിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാരും അതിൽ പങ്കു ചേരുകയാണ് - ഭരണതല ബന്ധത്തിന്റെയും ജനകീയ സൗഹൃദത്തിന്റെയും ആശ്ലേഷവുമായി! സൗദിയിലെ പൗരന്മാരും ഇന്ത്യൻ പ്രവാസികളും ഒരേ സ്വരത്തിൽ മുഴക്കുകയാണ്: "സൗദീ - ഹിന്ദീ: സ്വദീഖ്, സ്വദീഖ്... ഭായ്, ഭായ്!!!

ഇന്ത്യൻ ഭരണകൂടവും അതിന്റെ സൗദിയിലെ നയതന്ത്ര കേന്ദ്രങ്ങളും അതിലുപരി ലക്ഷോപലക്ഷം പ്രവാസികളും പുണ്യ നാടിനും അവിടുത്തെ ഭരണകൂടത്തിനും ജനതയ്ക്കും ഹൃദയം നിറഞ്ഞ ആശംസകളും പുരോഗതിയും നേരുകയാണ് ഈ ചരിത്ര ദിനത്തിൽ. ഒപ്പം, ഉച്ചിയിലെത്തി നിൽക്കുന്ന ഇൻഡോ - സൗദി സൗഹൃദം "അതുക്കും മീതേ" ആയിത്തീരുവാനുള്ള ആശംസകളും.

saudi news
Advertisment