Advertisment

"ആസാമിലെ സംഘപരിവാര നീക്കം വംശീയ ഉന്മൂലനം ലക്‌ഷ്യം വെച്ച്; ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം കുത്തകയാക്കിയ കപട രാഷ്ട്രീയക്കാരുടെ വഞ്ചനാപരമായ സമീപനം സമൂഹം തിരിച്ചറിയണം": ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: ആസാമിൽ സംഘപരിവാര ശക്തികൾ നേരത്തെ തുടങ്ങിവെച്ച പൗരത്വ നിഷേധത്തിന്റെയും വംശ വെറിയുടെയും തുടർച്ചയാണ് മുസ്ലിം ഉന്മൂലനം ലക്ഷ്യം വച്ചുള്ള കുടിയൊഴിപ്പിക്കലും കൂട്ടക്കൊലയുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബലദ് ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂർ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.

ഫാഷിസ്റ്റ് ഭരണകൂടങ്ങൾ അവരുടെ ഹിന്ദുരാഷ്ട്ര നിർമ്മാണ പൂർത്തീകരണത്തിനുള്ള പടപ്പുറപ്പാട് നടത്തുകയാണ്. നിരായുധരായ ഗ്രാമീണരെ വെടിവെച്ചു കൊല്ലുകയും എന്നിട്ടും അരിശം തീരാത്ത സംഘിഭീകരർ മൃതദേഹത്തിനു മേൽ താണ്ഡവ നൃത്തമാടാൻ തയ്യാറായത് അവരുടെ ഉള്ളിൽ കുത്തിവെച്ച വർഗ്ഗീയ വിഷത്തിന്റെ മാരകമായ കാഠിന്യമാണ്‌ വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണസംവിധാനങ്ങളോരോന്നും സംഘപരിവാരത്തിന്റെ താല്പര്യമനുസരിച്ചു ദുരുപയോഗം ചെയ്യാനും ഇഷ്ടമില്ലാത്തവർക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തി കലാപങ്ങളും കൂട്ടക്കൊലകളും നടത്താനുമാണ് ആർ.എസ്.എസ്. നീക്കം.

publive-image

പ്രസിഡന്‍റ്: അബ്ദുൽ കലാം ചിറമുക്ക്, സെക്രട്ടറി: അഹമ്മദ് ആനക്കയം, വൈസ് പ്രസിഡന്റ്: റഷീദ് കുറുക

നിസ്സഹായരായ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെപ്പോലും സമാനതകളില്ലാത്ത അക്രമങ്ങൾ നടത്തുന്ന ഫാഷിസ്റ്റ് കാപാലികർക്കെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയ്യാറാകാത്ത പ്രതിപക്ഷ കക്ഷികളുടെ മൗനം അക്രമികൾക്ക് പ്രചോദനമാവുകയാണ്.

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം കുത്തകയാക്കിയ കപട രാഷ്ട്രീയക്കാരുടെ ഈ വിഷയത്തിലും സമാനമായ സംഭവങ്ങളിലുമുള്ള വഞ്ചനാപരമായ സമീപനം സമൂഹം തിരിച്ചറിയും.

മനുഷ്യത്വ രഹിതമായ അക്രമങ്ങളും വംശീയ ഉന്മൂലനത്തിനുള്ള കലാപാഹ്വാനങ്ങളും നടത്തി രാജ്യമൊട്ടുക്കും ഫാഷിസ്റ്റുകൾ ഉറഞ്ഞു തുള്ളുകയാണ്. ഫാഷിസത്തിനെതിരെ ശബ്ദമുയർത്തുന്ന സാംസ്‌കാരിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഹിന്ദുത്വരുടെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ഇരയാകുമ്പോൾ മൗനമവലംബിക്കുന്ന അഭിനവ സാംസ്കാരിക നായകരുടെ നിലപാടുകളും സംശയമുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

publive-image

ജോയിന്റ് സെക്രട്ടറിമാർ: സലീം പൊന്നാനി, മുഹമ്മദലി (കുഞ്ഞാപ്പു) വടക്കൻ 

രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷവേട്ടയും ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള അക്രമങ്ങളും കണ്ടില്ലെന്നു നടിച്ച് മറ്റു രാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽ വാതോരാത്ത ചർച്ചകൾക്കും പ്രതികരണങ്ങൾക്കും മുതിരുന്ന മുഖ്യധാരാ മാധ്യമങ്ങൾ വസ്തുതകൾക്കു മുന്നിൽ മുഖം തിരിച്ചിരിക്കുന്നത് മാധ്യമധർമ്മമല്ല മറിച്ച് സംഘിവിധേയത്തമാണെന്നും യോഗം കുറ്റപ്പെടുത്തി. നീതി നടപ്പാക്കേണ്ട പോലീസ് സംവിധാനത്തെ പൂർണ്ണമായും കാവിവൽക്കരിച്ചതിന്റെ തെളിവാണ് ഡൽഹിയിൽ അരങ്ങേറിയ കലാപം.

ആർ.എസ്.എസ്. അജണ്ട പ്രകാരമുള്ള ഉന്മൂലന പ്രക്രിയയാണ് ഇപ്പോൾ ആസാമിലും അവർ പ്രയോഗിക്കുന്നത്. ഭയപ്പെടുത്തിയും ചില സംഘടനകളെ ഒറ്റ തിരിഞ്ഞു കുറ്റപ്പെടുത്തിയും കലാപകാരികൾക്ക് ക്ലീൻചിറ്റ് നൽകാനുള്ള ഭരണഗൂഢ നീക്കം തിരിച്ചറിഞ്ഞു പ്രതിഷേധിച്ചില്ലെങ്കിൽ സംഘപരിവാരത്തിന്റെ ഉദ്ദേശപൂർത്തീകരണമായിരിക്കും ഫലമെന്നത് ജനാധിപത്യ വിശ്വാസികൾ മനസ്സിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സോഷ്യൽ ഫോറം ബലദ് ബ്ലോക്കിന്റെ പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് : അബ്ദുൽ കലാം ചിറമുക്ക്, സെക്രട്ടറി: അഹമ്മദ് ആനക്കയം, റഷീദ് കുറുക (വൈസ് പ്രസിഡന്റ്), സലീം പൊന്നാനി, മുഹമ്മദലി (കുഞ്ഞാപ്പു) വടക്കൻ (ജോയിന്റ് സെക്രട്ടറിമാർ), ഹസ്സൻ നാട്ടുകൽ, മുഹമ്മദ് ജാൻ( എക്സി. മെമ്പർമാർ) എന്നിവരാണ് ഭാരവാഹികൾ.

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ്കുട്ടി തിരുവേഗപ്പുറ, ഹനീഫ കടുങ്ങല്ലൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

saudi news
Advertisment