Advertisment

ജീസാൻ വിമാനത്താവളത്തിൽ ഹൂഥി ഡ്രോൺ പതിച്ച് യാത്രക്കാരും ജീവനക്കാരുമായ 10 പേർക്ക് പരിക്ക് ! പരിക്കേറ്റവർ സൗദി, ബംഗ്ലാദേശ്, സുഡാൻ പൗരന്മാർ; മറ്റൊന്ന് അറബ് സഖ്യസേന വെടിവച്ചിട്ടു

New Update

publive-image

Advertisment

ജിസാൻ (സൗദി അറേബ്യ): ദക്ഷിണ സൗദിയിലെ ജീസാൻ വിമാനത്താവളത്തിൽ ഹൂഥി കലാപകാരികളുടെ ആക്രമണം വീണ്ടും. ജീസാനിലെ കിംഗ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമാക്കി വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലർച്ചയിലുമാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സാധാരണക്കാരായ 10 പേർക്ക് പരിക്കേറ്റു.

യമനിൽ നിന്ന് തൊടുത്ത രണ്ട് ഡ്രോണുകളിൽ ഒന്ന് പതിച്ചാണ് പരിക്കുകൾ സംഭവിച്ചത്, മറ്റൊന്നിനെ അറബ് സഖ്യസേനയുടെ പ്രതിരോധ സംവിധാനം വെടിവെച്ച് വീഴ്ത്തുകയും ചെയ്തതായി സഖ്യസേനയുടെ ഔദ്യോഗിക വാകത്താവ് കേണൽ തുർക്കി അൽമാലികി വെളിപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി ഉണ്ടായ ഡ്രോൺ ആക്രമണത്തിലാണ് സാധാരണക്കാർക്ക് പരിക്കേറ്റത്. രാത്രി കൃത്യം പത്തര മണിക്കാണ് വലിയ ശബ്ദത്തോടെ ഡ്രോൺ പതിച്ചതെന്ന് അന്നേരം വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ജീസാനിലെ സാമൂഹ്യ പ്രവർത്തകൻ ഹാരിസ് കല്ലായി പറഞ്ഞു.

പരിക്കേറ്റ പത്ത് പേരിൽ ആറ് പേർ സൗദി പൗരന്മാരാണ്. ഇവരിൽ യാത്രക്കാരും വിമാനത്താവള ജീവനക്കാരും ഉൾപ്പെടും. പരിക്കേറ്റ മറ്റു നാല് പേർ മൂന്ന് ബംഗ്ലാദേശി പൗരന്മാരും ഒരു സുഡാനി പൗരനുമാണ്. ഡ്രോൺ പതിച്ച് വിമാനത്താവളത്തിന്റെ മുൻഭാഗത്തെ ഗ്ലാസുകൾ തകരുകയും അവിടെയുള്ള വസ്തുക്കൾക്ക് കേടുപാടുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് അൽപനേരം വിമാനത്താവളം പ്രവർത്തനം നിർത്തിയെങ്കിലും ഏറെ വൈകാതെ സ്ഥിതി സാധാരണയിലായി. അതേസമയം, ശനിയാഴ്ച്ച പുലർച്ചയിൽ ഉണ്ടായ രണ്ടാമത്തെ ഡ്രോൺ ആക്രമണം സഖ്യസേന തകർത്ത് വീഴ്ത്തുകയും ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക പരിഗണകളും കാറ്റിൽ പരത്തിയാണ് ഹൂഥികളുടെ ആക്രമണങ്ങൾ. പൊതുജനങ്ങൾ ആശ്രയിക്കുന്ന വിമാനത്താവളങ്ങൾ പോലുള്ളവയുടെ നേർക്ക് നടക്കുന്ന തുടർച്ചയായ അതിക്രമണങ്ങൾ യുദ്ധക്കുറ്റവും അന്താരാഷ്‌ട്ര സമൂഹം ഒന്നിച്ച് ചെറുത്ത് തോൽപ്പിക്കേണ്ടത്‌മാണെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം. ഇതിനായുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതോടൊപ്പം യമനിലെ ഡ്രോൺ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ കണ്ടെത്താനും അവ തകർക്കാനുമുള്ള നീക്കങ്ങളും വിജയകരമായി പുരോഗമിക്കുന്നുണ്ട്.

saudi news
Advertisment