Advertisment

കേളി കുടുംബവേദി കലാ അക്കാദമി ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

റിയാദ് : റിയാദിലെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ കുട്ടികൾക്കും വനിതകൾക്കുമായി ആരംഭിക്കുന്ന കലാ അക്കാദമിയുടെ ഉദ്ഘാടനം പ്രമുഖ മാപ്പിളപ്പാട്ട് കലാകാരി കണ്ണൂര്‍ സീനത്ത് നിര്‍വഹിച്ചു. അന്താരാഷ്ട്ര വനിതാദിന പരിപാടിയുടെ ഭാഗമായാണ് കേളി കുടുംബവേദി ‘ജ്വാല 2023’ എന്ന പേരിൽ ചടങ്ങ് സംഘടിപ്പിച്ചത്.

റിയാദിലെ കുട്ടികൾക്കും വനിതകൾക്കും പ്രായഭേദമന്യേ തികച്ചും സൗജന്യമായി ക്ലാസിക്കല്‍ വെസ്റ്റേണ്‍ നൃത്ത രൂപങ്ങള്‍, സംഗീതം, ചിത്രകല, വാദ്യോപകരണ സംഗീതം, ആയോധനകലകള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കുക എന്നതാണ്‌ ഈ കലാ അക്കാദമിയിലൂടെ കേളി കുടുംബവേദി ലക്ഷ്യം വെക്കുന്നത്.

publive-image

മൂന്നു പതിറ്റാണ്ട്‌ കാലത്തിലേറെയായി മാപ്പിളപ്പാട്ട് കലാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വനിതാ സാന്നിധ്യം കണ്ണൂർ സീനത്തിനെ ചടങ്ങിൽ ആദരിച്ചു. വ്യവസ്ഥാപിത പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളോട് പടപൊരുതിയാണ് ഒരു സ്ത്രീ എന്ന നിലയില്‍ താൻ കലാരംഗത്ത് നിലയുറപ്പിച്ചത് എന്ന കണ്ണൂർ സീനത്തിന്റെ വാക്കുകൾ വനിതകൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു. കേളി കുടുംബവേദിയുടെ സ്നേഹോപഹാരമായി ഷാൾ അണിയിച്ചും ഫലകം നൽകിയും കുടുംബവേദി സെക്രട്ടറി സീബ കൂവോടും പ്രസിഡണ്ട് പ്രിയ വിനോദും കണ്ണൂർ സീനത്തിനെ ആദരിച്ചു .

കുടുംബവേദിയുടെ ചിരകാലത്തെ സ്വപനസാക്ഷാത്‌കരമായ കേളി കുടുംബവേദി കല അക്കാദമിയുടെ ഉദ്ഘാടനത്തെ തുടർന്ന് ചിത്രകലാ അധ്യാപികയും, കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവുമായ വിജില ബിജു, കെ.കെ ശൈലജ ടീച്ചറുടെ ചിത്രം തത്സമയം സ്റ്റേജിൽ വരച്ചത് കാണികളിലും അതിഥികള്‍ക്കും ആവേശം ഉണര്‍ത്തുന്നതായി.

കേളി കുടുംബവേദി കലാ അക്കാദമിയുടെ അഡ്മിഷന്‍ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്.

Advertisment