Advertisment

ഇറാൻ - സൗദി കരാർ നടപ്പായാൽ മേഖലയിലെ സൈനിക പോഷക ഘടകങ്ങൾ അതാത് രാജ്യങ്ങളിലെ വികസന കാര്യങ്ങളിലേയ്ക്ക് തിരിയുമെന്ന് ഷിയാ പണ്ഡിതൻ

New Update

publive-image

Advertisment

ജിദ്ദ: ഇറാൻ - സൗദി നയതന്ത്ര പുനഃസ്ഥാപന കരാർ നടപ്പായാൽ അത് മേഖലയിലെ സംഘർഷങ്ങളിൽ വരുത്തുന്ന ഗുണകരമായ മാറ്റം വലിയതായിരിക്കും. ഏറ്റുമുട്ടൽ അന്തരീക്ഷം ഒഴിഞ്ഞു കിട്ടും എന്നതിന് പുറമെ സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ പുരോഗതിയും സൃഷ്ടിപരമായ മാറ്റങ്ങളും ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

അന്താരാഷ്ട്ര സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിന് അയൽരാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇറാന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിലൂടെ രാജ്യാന്തര സാന്നിധ്യത്തിൽ മുഖ്യധാരയിലേക്ക് തിരിച്ചെത്തുന്നത് ഇറാൻ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും പ്രമുഖ ആധികാരിക ഷിയാ പണ്ഡിതനും മുസ്ലിം വിചക്ഷണരുടെ കൗൺസിൽ അംഗവുമായ അലി അൽഅമീൻ പറഞ്ഞു. അൽഅറബിയ ടെലിവിഷൻ ചാനലിൽ "ചോദ്യം നേരാനേരെ" എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാൻ - സൗദി കരാറിന്റെ മേഖലയിലെ പ്രത്യാഘാതങ്ങളെക്കുറിച്ചും കരാർ നടപ്പാക്കിയതിന് ശേഷം മേഖലയിലെ ഭാവിയെക്കുറിച്ചും ആയിരുന്നു മുഖ്യമായും ചോദ്യങ്ങൾ. കഴിഞ്ഞ ദശകങ്ങളിൽ ഇറാൻ പിന്തുടരുന്ന ആഭ്യന്തരവും വൈദേശികവുമായ നയങ്ങളുടെ ഫലങ്ങളിൽ നിന്നുണ്ടായ ചിന്തയാണ് ഇതെന്നും അലി അൽഅമീൻ കൂട്ടിച്ചേർത്തു.

കരാറിന് ശേഷം, വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇറാൻ അനുകൂല പോഷക ഘടകങ്ങൾ അതാത് രാജ്യങ്ങളിലെ വികസന പദ്ധതികളിലേക്ക് തിരിയുമെന്ന് അൽഅമീൻ പ്രതീക്ഷിക്കുന്നു.

അതിനിടെ, റംസാൻ ആരംഭത്തിന് മുന്നോടിയായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയനും നേരിട്ട് സംസാരിച്ചതും മേഖലയിൽ വലിയ ആശ്വാസം ഉണ്ടാക്കിയിരിക്കയാണ്. ഇരു മന്ത്രിമാരും പരസ്പരം റമദാൻ ആശംസ നേർന്നു.

ഇരു രാജ്യങ്ങളുടെയും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിന് മുമ്പ് കൂടിക്കാഴ്‌ച നടത്താൻ രണ്ടു പേരും തമ്മിൽ ധാരണയായി.

Advertisment