Advertisment

ഇറാൻ - സൗദി വിദേശകാര്യ മന്ത്രിമാരുടെ ആദ്യ കൂടിക്കാഴ്ച റംസാനിൽ തന്നെ

New Update

publive-image

Advertisment

ജിദ്ദ: ആഗോള മുസ്ലിം സമൂഹങ്ങൾക്കും മേഖലയ്ക്കാകെയും ആനന്ദം പകർന്ന ബദ്ധവൈരികളുടെ പുനഃസമാഗമത്തിന് തുടക്കം പുണ്യമാസത്തിൽ തന്നെ. ചൈനയുടെ മധ്യസ്ഥതയിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാമെന്ന് തീരുമാനിച്ച ശേഷം അതിനുള്ള കാൽവെയ്പുകൾ തുടങ്ങുന്നതിനായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ഫർഹാൻ ആലുസഊദ്‌ രാജകുമാരൻ, ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്‌യാൻ എന്നിവർ റംസാനിൽ ഒരുമിച്ചിരിക്കുമെന്ന് സൗദി വാർത്താ ഏജൻസി ഞായറാഴ്ച വൈകീട്ട് റിപ്പോർട്ട് ചെയ്തു.

ഇരു വിദേശകാര്യ മന്ത്രിമാരും ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നതായും റിപ്പോർട്ട് തുടർന്നു. ഈ ചർച്ചകളിലാണ് റംസാനിൽ തന്നെ ഒന്നിച്ചിരിക്കാൻ ധാരണയായതെന്നാണ് അനുമാനം. മിക്കവാറും കൂടിക്കാഴ്ച മക്കയിൽ വെച്ചായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മാർച്ച് ആറ് മുതൽ പത്ത് വരെ ബീജിങ്ങിൽ വെച്ച് നടന്ന ചർച്ചകൾക്കൊടുവിൽ പുറത്തിറക്കിയ സൗദി - ചൈന - ഇറാൻ സംയുക്ത പ്രസ്താവനായിലൂടെയാണ് വർഷങ്ങളായി രൂക്ഷ സ്വഭാവത്തോടെ തുടരുകയായിരുന്ന ഇറാൻ - സൗദി വൈരത്തിന് അറുതി വരുത്താനും രണ്ട് മാസങ്ങൾക്കുള്ളിൽ ഇരു രാജ്യങ്ങളുടെയും നയതന്ത്ര കാര്യാലയങ്ങൾ പരസ്പരം തുറക്കാനുമുള്ള തീരുമാനം പുറത്തുവിട്ടത്.

ഇസ്രായേൽ അല്ലാത്ത മേഖലയിലെ രാജ്യങ്ങളെല്ലാം ഏറേ ആശ്വാസത്തോടെയാണ് തീരുമാനം സ്വാഗതം ചെയ്തത്. ഇസ്രായേൽ മൗനം പാലിച്ചപ്പോൾ അമേരിക്ക കരുതലോടെ പ്രതികരിക്കുകയുമാണ് ചെയ്തത്.

മേഖലയിലും രാജ്യാന്തര തലത്തിലുമുള്ള സൈനിക - രാഷ്ട്രീയ ചേരികളിൽ ഒരു പൊളിച്ചെഴുത്തിനായിരിക്കും ഉദ്ദിഷ്ട രൂപത്തിലുള്ള സൗദി - ഇറാൻ സൗഹൃദം വഴിവെക്കുകയെന്നാണ് നിരീക്ഷണം.

Advertisment