Advertisment

എസ്എസ്എൽസി വിജയിച്ച വിദ്യാർത്ഥികളെ സർക്കാർ മാന്യമായി പരിഗണിക്കണം - ഐസിഎഫ് റിയാദ്

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ഐസിഎഫ് റിയാദ് സംഘടിപ്പിച്ച സുസജ്ജം പരിപാടിയിൽ, പ്രൊവിൻസ് ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ സംസാരിക്കുന്നു

റിയാദ്: കഴിഞ്ഞ അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നത പഠനം നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് ധാർമിക ഉത്തരവാദിത്വമുണ്ടെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) റിയാദ് സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു. വിജയ ശതമാനത്തിനനുസരിച്ചു സീറ്റുകൾ അനുവദിക്കാതെ ക്ലസുമുറികളിൽ കുട്ടികളെ കുത്തി നിറച്ചു പരിഹാരം കാണാനുള്ള സർക്കാരിന്റെ കുറുക്കുവഴികൾ വിദ്യാർത്ഥികളോടുള്ള അവഹേളനമാണെന്നും ഐസിഎഫ് വിലയിരുത്തി.

ഐസിഎഫിന്റെ വാർഷിക കൗൺസിലിനായി ഒരുങ്ങുന്നതിന്റെ ഭാഗമായി നടത്തിയ 'സുസജ്ജം 2023' ശില്പശാലയിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പിങ് സംവിധാനം വിഎഫ്എസ് ഏജൻസിയെ ഏൽപ്പിച്ചതോടു കൂടി പ്രയാസത്തിലായതിന് പരിഹാരമായി കേരളത്തിൽ കൂടുതൽ വിഎഫ്എസ് അനുവദിക്കുകയും അവിടങ്ങളിളെല്ലാം വിസ സ്റ്റാമ്പിങ് സൗകര്യം ഒരുക്കാൻ സൗദി സർക്കാരിന്റെ അനുമതി വാങ്ങാൻ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടാവണമെന്നും ശിൽപശാല അഭ്യർത്ഥിച്ചു.

റിയാദിൽ നിന്നുള്ള പ്രൊവിൻസ്, നാഷണൽ നേതാക്കൾ, സെൻട്രൽ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരെ കൂടാതെ പതിനാറു സെക്ടറുകളിൽ നിന്നും അറുപതു യൂണിറ്റുകളിൽ നിന്നുമുള്ള ഭാരവാഹികൾ ശില്പശാലയിൽ പങ്കെടുത്തു. വരാനിരിക്കുന്ന പ്രവർത്തന കാലയളവിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്‌തു. കൗൺസിൽ നടപടി ക്രമങ്ങളെ കുറിച്ച് ഐസിഎഫ് സെൻട്രൽ പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സാവാമ ക്‌ളാസെടുത്തു. സെൻട്രൽ പൊവിൻസ് പ്രസിഡന്റ് അബ്ദുൽ നാസർ അഹ്സനി ശില്പശാല ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചക്ക് പ്രൊവിൻസ് ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ നേതൃത്വം നൽകി.

ഐസിഎഫ് പ്രസിദ്ധീകരണമായ പ്രവാസി വായനയുടെ റിയാദിലെ വരിക്കാരിൽ നിന്നും നറുക്കെടുപ്പിൽ വിജയിച്ച സിനാൻ തോന്നംതൊടിക്കുള്ള വിമാന ടിക്കറ്റ് നാഷണൽ ഐറ്റി കോ-ഓർഡിനേറ്റർ ഫൈസൽ മമ്പാട് കൈമാറി. ഹാറൂനി ബിരുദം നേടിയ ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി വ ഹാറൂനി, ഹസൈനാർ ഹാറൂനി എന്നിവരെയും റിയാദ് ആസ്ഥാനമായ ലൈവ് മീഡിയ അക്കാഡമിയുടെ ജേർണലിസം ക്ലാസ് പൂർത്തിയാക്കിയ അബ്ദുൽ കാദർ പള്ളിപ്പറമ്പിനേയും പരിപാടിയിൽ വെച്ച് അനുമോദിച്ചു.

ബത്ഹയിലെ അപ്പോളോ ഡിമോറയിൽ നടന്ന ശില്പശാലയിൽ സെൻട്രൽ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി അസീസ് പാലൂർ നന്ദിയും പറഞ്ഞു.

അശ്രഫ് ഓച്ചിറ, അബ്ദുൽ ലതീഫ് മിസ്ബാഹി, സി പി ആശ്രഫ് മുസ്ല്യാർ, നൗഷാദ്‌ ഉമ്മുൽഹമാം, സമദ് മലസ്, ഇബ്രാഹിം മുസ്‌ലിയാർ ബഷീർ മിസ്ബാഹി തുടങ്ങിയവർ സംസാരിച്ചു.

Advertisment