Advertisment

സുഡാൻ ആഭ്യന്തര യുദ്ധം:  "ലംഘനങ്ങൾ" മൂലം ജിദ്ദയിലെ സമാധാന ചർച്ച നിർത്തിവെച്ചതായി സൗദി - അമേരിക്ക സംയുക്ത പ്രസ്താവന 

New Update

publive-image

Advertisment

ജിദ്ദ:  ഇരു സായുധ വിഭാഗങ്ങൾ പരസ്പരം അങ്കം വെട്ടുന്ന സുഡാനിൽ സമാധാനം പുലരുന്നതിന് ജിദ്ദ കേന്ദ്രമായി നടന്നു വന്നിരുന്ന സമാധാന ശ്രമങ്ങൾ നിർത്തിവെച്ചതായി ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സൗദി അറേബ്യയും അമേരിക്കയും  സംയുക്തമായി  പ്രസ്താവനയിറക്കി.

കലാപത്തിലെ കക്ഷികളായ ബുർഹാൻ നേതൃത്വം നൽകുന്ന സുഡാൻ സൈന്യവും ഹുമൈദത്തി നേതൃത്വം നൽകുന്ന റാപിഡ് സപ്പോർട് ഫോഴ്‌സും ഹൃസ്വകാല വെടിനിർത്തൽ കരാറിനെ ഗുരുതരമായും ആവർത്തിച്ചും ലംഘിച്ചുകൊണ്ടിരിക്കുന്നതിനാലാണ് സമാധാന സംഭാഷണം നിർത്തിവെക്കുന്നതെന്ന് സൗദിയും അമേരിക്കയും വ്യക്തമാക്കി.

ഇത്തരം ലംഘനങ്ങൾ മൂലം സമാധാന നീക്കങ്ങളും അതുപോലെ ദുരിതാശ്വാസ പ്രവർത്തനങ്ങളൂം അങ്ങേയറ്റം  തടസ്സപ്പെട്ടിരിക്കുകയാണെന്നും പ്രസ്താവന വിവരിച്ചു.

അതേസമയം, വെടിനിർത്തൽ കരാറിനോട് സത്യസന്ധമായ പ്രതിബദ്ധത ഇരു വിഭാഗവും കാണിക്കുന്നതായി ബോധ്യപ്പെട്ടാൽ ഏതു സമയത്തും സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ  ഒരുക്കമാണെന്നും സൗദിയും അമേരിക്കയും പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും കാര്യങ്ങൾ മുൻ നിർത്തി സമാധാന നീക്കങ്ങൾക്ക് അനുകൂലമായി നിൽക്കണമെന്ന് ഇരുവിഭാഗത്തെയും സംയുക്ത പ്രസ്താവന ഓർമിപ്പിച്ചു.

അതോടൊപ്പം, സമാധാന നീക്കങ്ങൾ തടസ്സപ്പെടുത്തികൊണ്ടിരിക്കുന്ന ഇരുവരുടെയും മേൽ അമേരിക്ക  ഉപരോധങ്ങൾ ഏർപ്പെടുത്തി.

Advertisment