Advertisment

സൗദി - റഷ്യ സൈനിക സഹകരണം; കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു

New Update

publive-image

Advertisment

ജിദ്ദ: സൈനിക സഹകരണ കരാറിൽ സൗദി അറേബ്യയും റഷ്യയും ഒപ്പ് വെച്ചു. റഷ്യൻ തലസ്ഥാനമായ മോസ്കോവിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ വെച്ചായിരുന്നു സൈനിക സഹകരണ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടത്.

സൗദിയെ പ്രതിനിധീകരിച്ച് സൗദി ഉപപ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, റഷ്യയെ പ്രതിനിധീകരിച്ച് റഷ്യൻ ഫെഡറേഷന്റെ ഉപപ്രതിരോധ മന്ത്രി ജനറൽ അലക്സാണ്ടർ ഫോമിൻ എന്നിവരാണ് സുപ്രധാനമായ കരാറിൽ ഒപ്പ് വെച്ചത്.

സൈനിക, പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, മേഖലയിലെ സുരക്ഷയും സുസ്ഥിരതയും നിലനിർത്താനുള്ള ഇരു രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ എന്നിവ സംബന്ധിച്ച് റഷ്യൻ പ്രതിരോധ മന്ത്രിയുമായി സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ചർച്ച നടത്തുകയും ചെയ്തു.

തിങ്കളാഴ്ച വൈകീട്ട് ഖാലിദ് ബിൻ സൽമാൻ തന്റെ ട്വിറ്റർ എകൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനെ താൻ കാണുകയും ഞങ്ങളുടെ സംസാരങ്ങളിൽ സൈനിക - പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ഇരു രാജ്യങ്ങളും നേരിടുന്ന പൊതു ഭീഷണികളും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി ഇരു രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളും ചർച്ചയായി" സൗദി ഉപപ്രതിരോധ മന്ത്രി ട്വിറ്ററിൽ രേഖപ്പെടുത്തി.

ഇരു സുഹൃദ് രാജ്യങ്ങൾക്കിടയിൽ സൈനിക മേഖലയിലുള്ള സഹകരണം ശക്തിപ്പെടുത്തുകയെന്ന ഉദ്യേശത്തോടെയുള്ളതാണ് സൗദി - റഷ്യ സൈനിക സഹകരണ കരാർ എന്നും ഖാലിദ് രാജകുമാരൻ ട്വിറ്ററിൽ ചേർത്തു.

ഔദ്യോഗിക സന്ദർശനാർത്ഥം തിങ്കളാഴ്ചയാണ് ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ റഷ്യയിൽ എത്തിയത്. മോസ്കോവിൽ നടക്കുന്ന "ആർമി 2021 " (ഇന്റർനാഷണൽ മിലിറ്ററി ടെക്‌നിക്കൽ ഫോറം) പരിപാടിയിൽ പങ്കെടുക്കാനാണ് സൗദി ഉപപ്രതിരോധ മന്ത്രി അവിടെയെത്തിയത്.

ഈ മാസം 22 മുതൽ 28 വരെ നടക്കുന്ന "ആർമി 2021" പരിപാടി മോസ്കോവിലെ കുബിൻകാ വ്യോമത്താവളത്തിലുള്ള പാട്രിയോട്ട് എക്സിബിഷൻ ഹാളിലാണ് അരങ്ങേറുന്നത്. സന്ദർശനത്തിനിടെ റഷ്യയുടെ നിരവധി ഉന്നതരുമായി ഉഭയകക്ഷി - മേഖലാ - ആഗോള പ്രാധാന്യമുള്ള വിഷയങ്ങൾ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ചർച്ച നടത്തും.

NEWS
Advertisment