Advertisment

റിയാദ് പ്രവിശ്യയിലെ വാദിദവാസിറിൽ കൊല്ലം സ്വദേശിയെ വെടിവെച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിലായി

New Update

publive-image

Advertisment

ജിദ്ദ: കഴിഞ്ഞ മാസം പന്ത്രണ്ടിന് റിയാദ് പ്രവിശ്യയിലെ വാദിദവാസിർ പ്രദേശത്ത് ഒരു മലയാളിയ്ക്ക് വെടിയേറ്റ സംഭവത്തിലെ അക്രമി പോലീസ് പിടിയിലായി. കൊല്ലം, നെടുമ്പന, കുളപ്പാടം സ്വദേശിയും വാദിദവാസിറിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തു വരികയുമായിരുന്ന മുഹമ്മദ് (27) ആണ് സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.

പ്രതി മുപ്പതുകാരനായ സൗദി പൗരനാണെന്നും ഇയാളെ വാദിദവാസിർ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തതായും റിയാദ് പ്രവിശ്യാ പോലീസ് മാധ്യമ വാക്താവ് മേജർ ഖാലിദ് അൽകുറൈസിദ് ബുധനാഴ്ച വെളിപ്പെടുത്തി.

പ്രതിയും പെട്രോൾ സ്റ്റേഷനിലെ ജീവനക്കാരനും തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിന് കാരണമെന്നും പരിക്കേറ്റയാളുടെ നില ഭദ്രമാണെന്നും പോലീസ് വാക്താവ് തുടർന്നു. മിലിറ്ററി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ഇടപെടണമെന്നും ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സ്ഥലം പാർലമെന്റ് അംഗം എൻ കെ പ്രേമചന്ദ്രന് 18 ന് സമർപ്പിച്ചിട്ടുണ്ടെന്നും മുഹമ്മദിന്റെ ബന്ധുക്കൾ അറിയിച്ചിരുന്നു.

വെടിവെച്ച് പരിക്കേൽപ്പിച്ച സംഭവം ഇങ്ങിനെ: വാദിദവാസിർ പ്രദേശത്തെ ഒരു പെട്രോൾ സ്റ്റേഷനിൽ പെട്രോൾ അടിക്കാൻ വന്ന ഒരു സൗദി പൗരൻ തന്റെ കാറിൽ ഫുൾ ടാങ്ക് ഇന്ധനം നിറച്ച ശേഷം കാശ് നൽകാതെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പമ്പിന് സമീപമുള്ള ലോഡ്ജിൽ ജോലി ചെയ്യുന്ന മുഹമ്മദ് താൽക്കാലികാടിസ്ഥാനത്തിലായിരുന്നു അന്നേരം പമ്പിലെ ജോലി ചെയ്തിരുന്നത്.

കാശ് ചോദിച്ച് സ്വദേശിയുടെ അടുത്തേക്ക് ചെന്ന മുഹമ്മദിനെ ഉന്തിയിട്ടശേഷം സ്വദേശിയായ അക്രമി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. പിന്നീട്, കാർ മുന്നോട്ടെടുത്ത പോയ ശേഷം വീണ്ടും മുഹമ്മദിന്റെ അടുക്കലേക്ക് തിരിച്ചെത്തി വെടി വെക്കുകയുമായിരുന്നു. മുഹമ്മദിന്റെ തുടയിലാണ് വെടിയേറ്റ പരിക്ക്.

വെടിയേറ്റ് വീണ ശേഷം കാൽ മണിക്കൂറിലധികം നേരം കഴിഞ്ഞു അവിടെയെത്തിയ സിറാജുദ്ദീൻ സഖാഫിയും സുഹൃത്തുക്കളും ചേർന്നാണ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചത്.

jiddah news
Advertisment