Advertisment

ഇന്ത്യന്‍ താരം സ്റ്റുവാര്‍ട്ട് ബിന്നി രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

New Update

publive-image

Advertisment

ബെംഗളൂരു: ഇന്ത്യന്‍ താരം സ്റ്റുവാര്‍ട്ട് ബിന്നി രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. രാജ്യാന്തര ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇപ്പോഴും മുപ്പത്തേഴുകാരനായ ബിന്നിയുടെ പേരിലാണ്. കര്‍ണാകയില്‍ നിന്നുള്ള പേസ് ബോളിങ് ഓള്‍റൗണ്ടറായ സ്റ്റുവാര്‍ട്ട് ബിന്നി, ഇന്ത്യയ്ക്കായി ആറു ടെസ്റ്റുകളും 14 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും കളിച്ചു.

1983ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നിയുടെ മകനാണ്. 2014ലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. 2016ല്‍ വെസ്റ്റിന്‍ഡിസിനെതിരെയാണ് ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്. രണ്ടു വര്‍ഷത്തോളം നീണ്ട രാജ്യാന്തര കരിയറില്‍ 400ലധികം റണ്‍സും 24 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

‘രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച വിവരം എല്ലാവരേയും അറിയിക്കുന്നു. ഏറ്റവും ഉയര്‍ന്ന തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരം വലിയ അഭിമാനമായി കാണുന്നു’ – വിരമിക്കല്‍ പ്രസ്താവനയില്‍ ബിന്നി പറഞ്ഞു.

‘എന്റെ ക്രിക്കറ്റ് കരിയറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വഹിച്ച വലിയ പങ്ക് എടുത്തു പറയുന്നു. വര്‍ഷങ്ങളായി  അവര്‍ അര്‍പ്പിച്ച വിശ്വാസവും നല്‍കിയ പിന്തുണയും എന്നെ കരുത്തനാക്കി. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ എത്തുമായിരുന്നില്ല. കര്‍ണാടകയെ നയിക്കാനും ട്രോഫികള്‍ നേടാനും സാധിച്ചത് വലിയ അംഗീകാരമായി കാണുന്നു’ – ബിന്നി പറഞ്ഞു.

Advertisment