Advertisment

അന്ന് യുവരാജ്, ഇന്ന് ബുംറ; തല്ലുകൊള്ളാന്‍ ബ്രോഡിന്റെ വിധി! ബ്രോഡിന്റെ ഓവറിൽ 35 റൺസ്, ബുംറയ്ക്കു ലോകറെക്കോർഡ്

New Update

publive-image

Advertisment

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 416 റണ്‍സിന് പുറത്ത്. സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 35 റണ്‍സ് സ്കോർബോർഡിലെത്തിച്ച ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. 4 ഫോറും 2 സിക്സും അടക്കം 29 റൺസാണ് ബ്രോഡിനെതിരെ ബുംറനേടിയത്.

ഇതൊടൊപ്പം 6 എക്സ്ട്ര റൺസും ബ്രോഡ് വഴങ്ങിയതോടെയാണു സ്കോർ ബോർഡിൽ 35 റൺസ് എത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽത്തന്നെ, ഒരോവറിൽ ഏറ്റവും അധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡും ബുംറ സ്വന്തമാക്കി.

2003-ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണെതിരേ 28 റണ്‍സെടുത്ത വിന്‍ഡീസിന്റെ ബ്രയാന്‍ ലാറ, 2013-ല്‍ പെര്‍ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ 28 റണ്‍സെടുത്ത ഓസീസ് താരം ജോര്‍ജ് ബെയ്ലി, 2020-ല്‍ ജോ റൂട്ടിനെതിരേ പോര്‍ട്ട് എലിസബത്തില്‍ 28 റണ്‍സെടുത്ത കേശവ് മഹാരാജ് എന്നിവരെയാണ് ബുംറ മറികടന്നത്.

രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റായ ട്വന്റി20യിലും ഇതേ റെക്കോര്‍ഡ് നേരത്തെതന്നെ ബ്രോഡിന്റെ പേരിലാണ്. 2007 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യയുടെ യുവരാജ് സിങ് ബ്രോഡിന്റെ ഒരോവറിൽ 6 സിക്സ് അടക്കം 36 റൺസാണ് അടിച്ചെടുത്തത്. പിന്നീട് ശ്രീലങ്കൻ സ്പിന്നര്‍ അഖില ധനഞ്ജയയ്ക്കെതിരെ മുൻ വിൻഡീസ് ക്യാപ്റ്റൻ കെയ്റൻ പൊള്ളാർഡും ഒരോവറിൽ 6 സിക്സ് അടക്കം 36 റൺസ് എടുത്തിട്ടുണ്ട്.

111 പന്തിൽ 146 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, 194 പന്തില്‍ 104 റണ്‍സെടുത്ത രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മഴമൂലം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. ആറ് റണ്‍സോടെ ഒലി പോപ്പും രണ്ട് റണ്‍സുമായി ജോ റൂട്ടും ക്രീസില്‍. മഴയെത്തിയതോടെ കളിനിര്‍ത്തിവെയ്ക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

Advertisment