Advertisment

ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട സംഭവം; പോലീസിനെതിരെ പരാതിയില്ലെന്ന് കുടുംബം

New Update

publive-image

Advertisment

തിരുവനന്തപുരം: ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ കാറിലിട്ട് പൂട്ടിയ സംഭവത്തിൽ പരാതിയില്ലെന്ന് കുടുംബം. ഈ സാഹചര്യത്തിൽ പോലീസിനെതിരെ നടപടിയെടുത്തേക്കില്ല. സ്വമേധയാ കേസ് എടുക്കണമെന്ന് നിയമവിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.

കാറിനുള്ളിലിരുന്ന് കരയുന്ന മൂന്ന് വയസ്സുകാരിയുടെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. പിന്നാലെ പോലീസിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. തിരുവനന്തപുരം സ്വദേശിയായ ഷിബു കുമാറും ഭാര്യ അഞ്ജനയുമാണ് പരാതിയുമായി എത്തിയത്. ഷിബുവും അഞ്ജനയും കുഞ്ഞും കാറിൽ പോകുന്ന സമയത്ത് ബാലരാമപുരത്ത് വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു.

അമിത വേഗതയിലായിരുന്നു കാറെന്ന് ആരോപിച്ചാണ് പോലീസ് വാഹനം തടഞ്ഞത്. 1500 രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടതായും ഷിബു പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 23നാണ് സംഭവം നടക്കുന്നത്. ഗാനമേളയ്‌ക്ക് സംഗീത ഉപകരണങ്ങൾ വായിക്കുന്ന ആളാണ് ഷിബു. അഞ്ജന ഗായികയാണ്. ഒരു വർഷത്തിലേറെയായി പരിപാടികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇത്രയും തുക അടക്കാനാവില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു.

എന്നാൽ പോലീസ് ഇളവ് നൽകാൻ തയ്യാറാകാത്തിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങി. അതിനിടെ അമിത വേഗതയിൽ വരുന്ന മറ്റ് വാഹനങ്ങൾക്ക് പിഴ ഈടാക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഷിബു ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പോലീസ് ഷിബുവിനെ മർദ്ദിക്കുകയും ചെയ്തു.

ഇതുകണ്ട് കാറിൽ നിന്നും പുറത്തിറങ്ങിയ അഞ്ജന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കാൻ തുടങ്ങിയതോടെ പോലീസ് ദേഷ്യപ്പെട്ട് കാറിനടുത്തേയ്‌ക്ക് വരുകയും താക്കോൽ ഊരിയെടുത്ത് ഡോർ ലോക്ക് ചെയ്യുകയുമായിരുന്നു. ഈ സമയത്ത് കുഞ്ഞ് കാറിനുള്ളിലിരുന്ന് കരയുന്നുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും ഡോർ തുറക്കാൻ കൂട്ടാക്കിയില്ലെന്നും അഞ്ജന ഇന്നലെ പറഞ്ഞിരുന്നു.

NEWS
Advertisment