Advertisment

അര്‍ബുദം അവസാനത്തെ സ്റ്റേജിലെത്തിയ രോഗിയെ വീട്ടിലിരുത്തി എന്ത് ചികില്‍സ ? ആയുര്‍വേദ ചികില്‍സയുടെ പേരില്‍ മഞ്ഞള്‍ വെള്ളവും മറ്റും നല്‍കി ബുദ്ധിമുട്ടിക്കുന്നു - സഹോദരനും ബന്ധുക്കളും നിലപാട് കടുപ്പിച്ചതോടെ ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയേക്കും. അച്ചു ഉമ്മനും ഇന്ന് നാട്ടിലെത്തും. ചികില്‍സാ രീതിയില്‍ കുടുംബം രണ്ട് തട്ടിലായതോടെ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തിലിടപെട്ട് സുഹൃത്തുക്കള്‍ ! കുടുംബത്തിലെ തര്‍ക്കം ആയുര്‍വേദ ചികില്‍സ വേണോ ആധുനിക ചികില്‍സ വേണോ എന്നതില്‍ മാത്രം !

New Update

publive-image

Advertisment

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സ സംബന്ധിച്ച് കുടുംബം രണ്ട് തട്ടിലായതോടെ പ്രശ്നത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതൃത്വം. ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ദ്ധ ചികില്‍സ ഒരുക്കാന്‍ ഇടപെടണമെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമുള്ള സഹോദരന്‍ അലക്സ് വി ചാണ്ടിയും ബന്ധുക്കളും ഒപ്പിട്ട പരാതിയുടെ അടിസ്ഥാനത്തില്‍ ചികില്‍സാ കാര്യത്തില്‍ സര്‍ക്കാരോ സ്പീക്കറോ ഇടപെടാനും സാധ്യത തെളിഞ്ഞു. സ്പീക്കറോ ആരോഗ്യമന്ത്രിയോ അടുത്ത ദിവസം ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചേക്കും.


അര്‍ബുദരോഗബാധിതനായ ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സാ രീതികള്‍ സംബന്ധിച്ച് മാത്രമാണ് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഭിന്നത ഉള്ളത്. ഉമ്മന്‍ ചാണ്ടിക്ക് ആയുര്‍വേദ വിധിപ്രകാരമുള്ള ചികില്‍സയാണ് ഭാര്യയും മകനും നല്‍കുന്നതെന്നും ഇത് പര്യാപ്തമല്ലെന്നും ആധുനിക ചികില്‍സ ഒരുക്കണമെന്നുമാണ് സഹോദരന്‍ അലക്സ് വി ചാണ്ടി ഇന്ന് മാധ്യമങ്ങളിലൂടെയും ആവശ്യപ്പെട്ടത്.


ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ചികില്‍സ വിവാദമായതിനിടെ അച്ചു ഉമ്മനും ഇന്ന് തിരുവനന്തപുരത്തെ വസതിയിലെത്തുമെന്നാണ് വിവരം.

ചികില്‍സ സംബന്ധിച്ച് സഹോദരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ വാര്‍ത്ത പുറത്തുവന്നതിനേ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെക്കൊണ്ടുതന്നെ ഫേസ്ബുക്ക് ലൈവിലൂടെ മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിപ്പിച്ചിരുന്നു. ആ പ്രതികരണം പോലും തീരെ കുറഞ്ഞ ശബ്ദത്തിലായിരുന്നു.

ബംഗളൂരുവിലും ജര്‍മ്മനിയിലും ചികില്‍സ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ശബ്ദത്തിലുണ്ടായ പുരോഗതി പിന്നീട് വീട്ടില്‍ കഴിയുമ്പോള്‍ ഉണ്ടാകാതെ വരുന്നതാണ് സഹോദരന്‍റെയും മറ്റ് കുടുംബാംഗങ്ങളുടെയും ആശങ്ക.

മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചാണ്ടി ഉമ്മന്‍റെ വിശദീകരണങ്ങള്‍ അതേപടി വിശ്വാസത്തിലെടുക്കാനും മറ്റ് കുടുംബാംഗങ്ങളും പാര്‍ട്ടിയും സുഹൃത്തുക്കളും തയ്യാറല്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബുദം നാലാം സ്റ്റേജിലെത്തിയ ഒരു രോഗിയെ വീട്ടിലിരുത്തി എന്ത് ചികില്‍സയാണ് നല്‍കുന്നതെന്ന ചോദ്യമാണ് സഹോദരനും ബന്ധുക്കളും ഉന്നയിക്കുന്നത്.

ആയുര്‍വേദ ചികില്‍സയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ മ‍ഞ്ഞള്‍ വെള്ളവും മറ്റും നല്‍കി ബുദ്ധിമുട്ടിക്കുകയാണെന്നും സഹോദരന്‍ ആരോപിച്ചു. തങ്ങള്‍ക്കിടയില്‍ യാതൊരു തര്‍ക്കവും ഇല്ലെന്നും അദ്ദേഹത്തിന് ഈ ഘട്ടത്തില്‍ ആവശ്യമായ ആധുനിക ചികില്‍സ ഒരുക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും സഹോദരന്‍ പറയുന്നു.


ആധുനിക ചികില്‍സയ്ക്ക് എതിരു നില്‍ക്കുന്നത് മക്കളായ ചാണ്ടിയും സഹോദരി മറിയയും ഭാര്യ മറിയാമ്മയുമാണ്. ഇളയ മകള്‍ അച്ചു ആധുനിക ചികില്‍സ വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുമുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോയാലും ഡോക്ടര്‍മാര്‍ ചികില്‍സ നര്‍ദേശിക്കുമ്പോള്‍ അതിനു നില്‍ക്കാതെ മടങ്ങുകയാണ് ഭാര്യയും മകനും ചെയ്യുന്നതെന്നുവരെ ഇന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഫലത്തില്‍ ഭാര്യയും രണ്ട് മക്കളും മാത്രം ഒരുവശത്തും ഇളയ മകള്‍ അച്ചുവും സഹോദരനും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും സ്റ്റാഫംഗങ്ങളും മറുവശത്തുമാണെന്നാണ് സ്ഥിതി. ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ദ്ധ ചികില്‍സ നല്‍കണമെന്നല്ലാതെ മറ്റൊന്നും അവര്‍ പറയുന്നുമില്ല. ആധുനിക ചികില്‍സാരീതികളോടുള്ള വിശ്വാസക്കുറവോ താല്‍പര്യമില്ലായ്മയോ ആണ് ചാണ്ടി ഉമ്മനെയും മറ്റും അതിന് എതിരു നില്‍ക്കാന്‍ കാരണമെന്നും സഹോദരന്‍ പറയുന്നു.

ആശുപത്രിയില്‍ നിന്നും തിരികെയെത്തി ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ ശബ്ദം തീരെ നേര്‍ത്ത സ്ഥിതിയിലെത്തുന്നതും ആരോഗ്യം മോശമാകുന്നതും ചൂണ്ടിക്കാട്ടിയാണ് സഹോദരനും മറ്റും കടുത്ത നിലപാടെടുത്തത്. ഉമ്മന്‍ ചാണ്ടിയുടെ ഞായറാഴ്ചത്തെ ലൈവ് വീഡിയോയില്‍ തന്നെ അത് വ്യക്തവുമാണ്.

എന്തായാലും ഉടനെതന്നെ അദ്ദേഹത്തെ ബംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ നടപടിയുണ്ടാകും എന്നാണ് സൂചന. എഐസിസി നേതൃത്വം ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപെട്ട സാഹചര്യത്തില്‍ അതിനി വൈകാനിടയില്ല. മാത്രമല്ല, സഹോദരന്‍റെ ആവശ്യം പോലെ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതിനെ അദ്ദേഹത്തിന്‍റെ കുടുംബം അനുകൂലിക്കുന്നുമില്ല. അതിനു മുമ്പായി ബംഗളൂരുവിലേയ്ക്ക് മാറാനാണ് സാധ്യത.

Advertisment