Advertisment

ബിജെപിയോടുള്ള സമീപനത്തിൽ കത്തോലിക്കാ സഭയിൽ ഭിന്നത രൂക്ഷം ! മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി ലത്തീൻ സഭ. മൃദു സമീപനവുമായി സിറോ മലബാർ, മലങ്കര സഭകൾ. ബിജെപിയോടുള്ള രാഷ്ട്രീയ സമീപനമടക്കം ചർച്ചചെയ്യാൻ കെസിബിസിയുടെ വർഷകാല സമ്മേളനം തുടങ്ങി ! സഭയുടെ വിലപേശൽ ശക്തിയിൽ ഇടിവെന്ന് വിലയിരുത്തൽ. ബിഷപ് പാംപ്ലാനിയുടെ പ്രസ്താവനയോടെ നേതാക്കൾ വീണ്ടും അരമനയിലെത്തിയെന്ന് സിറോ മലബാർ സഭ ! മണിപ്പൂർ വിഷയത്തിൽ ബിജെപിക്ക് ക്ലീൻ ചിറ്റ് നൽകാനും നീക്കം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : സംസ്ഥാനത്ത് ബി ജെ പിയോടുള്ള രാഷ്ട്രീയ സമീപനത്തിൽ വ്യക്തത വരുത്താൻ കേരള കത്തോലിക്ക മെത്രാൻ സമിതി. മണിപ്പൂർ കലാപത്തിന്റെയും സമീപകാലത്തെ ചില മെത്രാൻമാരുടെ ബിജെപി അനുകൂല പരാമർശങ്ങളുടെയും പശ്ചാത്തലത്തിലാണ് കെസിബിസിയുടെ വർഷകാല സമ്മേളനം വിഷയം ചർച്ച ചെയ്യുന്നത്.


സഭാ നവീകരണം, കേരളത്തിൽ ആദ്യമായി നടക്കുന്ന ദിവ്യ കാരുണ്യ കോൺഗ്രസ്, ബിജെപിയോടുള്ള രാഷ്ട്രീയ നിലപാട് എന്നീ മൂന്ന് വിഷയങ്ങളാണ് ഇന്നു തുടങ്ങിയ കെസിബിസി വര്‍ഷകാലസമ്മേളനത്തിന്റെ മുഖ്യ അജണ്ട. ഇതിൽ ആദ്യ രണ്ട് വിഷയങ്ങൾ വിശ്വാസപരവും മൂന്നാമത്തേത് കത്തോലിക്കസഭയ്ക്ക്‌ യോജിപ്പുള്ള വിഷയവുമാണ്.


ആദ്യ രണ്ടു വിഷയങ്ങൾ സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ചർച്ച ചെയ്യും. മണിപ്പൂരടക്കമുള്ള വിഷയങ്ങൾ മൂന്നാം ദിനത്തിലാണ് ചർച്ച ചെയ്യുക.

ബിജെപിയോടുള്ള രാഷ്ട്രീയ സമീപനത്തിൽ ലത്തീൻ, സിറോ മലബാർ, മലങ്കര സഭകൾ തമ്മിൽ യോജിപ്പില്ല. മാത്രമല്ല ഈ വിഷയങ്ങളിൽ സഭകൾക്കുള്ളിലും ഭിന്നതയുണ്ട്.

ബിജെപിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കണമെന്നാണ് ലത്തീൻ സഭാ മെത്രാൻമാരുടെ നിലപാട്. ലത്തീൻ സഭയോട് അടുപ്പം കാട്ടാൻ ബിജെപി തയാറല്ലാത്തത് ലത്തീൻ സമുദായത്തിനുള്ളിൽ കനത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ സമ്മേളത്തിൽ മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പിക്കെതിരെ കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസ്താവന പുറത്ത് വരുന്നതിനാണ് ലത്തീൻ മെത്രാന്മാർ ശ്രമം നടത്തുന്നത്.

എന്നാൽ സിറോ- മലബാർ, സിറോ-മലങ്കര സഭകൾക്ക് ഈ നിലപാടിനോട് യോജിപ്പില്ല. സമീപകാലത്ത് കത്തോലിക്ക സഭ നേതൃത്വം നൽകിയ രണ്ട് സമരങ്ങളുടെ ദയനീയ പരാജയം സഭയുടെ സംഘടിത വിലപേശലിനെ സാരമായി ബാധിച്ചുവെന്നാണ് ഇവരുടെ വിലയിരുയിരുത്തൽ.


വിഴിഞ്ഞം സമരം ദയനീയമായി അവസാനിപ്പിക്കേണ്ടി വന്നതും പശ്ചിമഘട്ട സമരത്തിന് ഫലമില്ലാതായതും ഇവർ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും സിറോ-മലബാർ സഭയുടെ തലശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസംഗം ഈ സ്ഥിതിക്ക് നേരിയ മാറ്റം ഉണ്ടാക്കിയതായും സഭ വിലയിരുത്തുന്നു.


മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റ് പാർട്ടികളുടെ നേതാക്കന്മാരും അരമനകളിലേക്ക് എത്തി തുടങ്ങി. ഇതോടെ കൂടുതൽ വില പേശൽ ശക്തി സഭയ്ക്ക് വന്നുവെന്നും ഇവർ പറയുന്നുണ്ട്.

മലങ്കര സഭയിൽ മുഴുവൻ മെത്രാൻമാരും ഏതാണ്ട് ബിജെപി അനുകൂല നിലപാടിലാണ്. മലങ്കര സഭയിൽ സഭാ തലവൻ പറയുന്നതിന് അപ്പുറം ആരും അഭിപ്രായം പറയാറുമില്ല.

മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ്പ് തന്നെയാണ് കെസിബിസി അധ്യക്ഷൻ. സമ്മേളനത്തിൽ മണിപ്പൂർ വിഷയം ചർച്ച ചെയ്താലും കലാപത്തിന്റെ കാരണത്തോട് ചേർത്ത് ബിജെപിക്കെതിരെ വിമർശനം ഉണ്ടാകില്ലന്ന് ഏറെക്കുറെ ഉറപ്പാണ്.


സിറോ മലബാർ സഭയുടെ ഭാഗത്തു നിന്ന് ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. സഭയിലെ ചില മെത്രാൻമാർ മണിപ്പൂർ കലാപത്തെ വിലയിരുത്തി നടത്തിയ പ്രസ്താവനകൾ ഇതിന്റെ ഭാഗമായിരുന്നു.


ഈ സാഹചര്യം മുൻകൂട്ടി കണ്ടാണ് കെസിബിസി സമ്മേളനത്തിന് മുൻപായി സിബിസിഐ തലവനും സിറോ മലബാർ സഭയുടെ തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി കാഴ്ച്ച നടത്തിയത്.

Advertisment