Advertisment

കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വാട്ടർ അതോറിറ്റി എൻജിനീയർ പിടിയിൽ

New Update

publive-image

Advertisment

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ പിടിയിൽ. കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ കേരള വാട്ടർ അതോറിറ്റി നോർത്ത് എക്‌സിക്യൂട്ടീവ് എൻജിനിയറെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ജോൺ കോശിയാണു വെള്ളയമ്പലത്തുള്ള പിഎച്ച് ഡിവിഷൻ ഓഫീസിൽ വെച്ച് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.

അമൃത് പദ്ധതി പ്രകാരം ശ്രീകാര്യത്തെ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റുന്ന ജോലികൾ പൂർത്തീകരിച്ചശേഷം കരാറുകാരനായ മനോഹരൻ പ്രതിയുടെ ഓഫീസിൽ കൊടുത്ത ബിൽ മൂന്ന് മാസമായിട്ടും പാസാക്കിയില്ല. തുടർന്ന് കരാറുകാരൻ പ്രതിയെ നിരവധി തവണ നേരിട്ട് കണ്ട് ബിൽ പാസാക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ബിൽ പാസാക്കുന്നതിന് പ്രതി 10,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതിയെ സമീപിച്ച കരാറുകാരന് 15 ദിവസത്തിനുള്ളിൽ ബിൽ തുക മാറിക്കൊടുക്കുവാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം 40 ലക്ഷം രൂപയുടെ ചെക്ക് മാറിക്കൊടുത്തു.

എന്നാൽ മുഴുവൻ തുകയും മാറിക്കിട്ടാത്തതിനാൽ കരാറുകാരൻ എക്‌സിക്യൂട്ടീവ് എൻജിനീയറെ സമീപിച്ചു.

45,000 രൂപ കൂടി ജോൺ കോശി കൈക്കൂലി ആവശ്യപ്പെടുകയും മുഴുവൻ തുകയും മാറിയ ശേഷം കാണാമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതിനെ തുടർന്ന് ബിൽ തുക മാറി നൽകുകയായിരുന്നു. എന്നാൽ പിന്നീട് കൈക്കൂലി നൽകാൻ കരാറുകാൻ വിസമ്മതിക്കുകയായിരുന്നു.തുടർന്ന് കരാറുകാനായ മനോഹരൻ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടായ കെ.ഇ ബൈജുവിനെ അറിയിച്ചു.

വിജിലൻസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഡിവൈഎസ്പി അശോക് കൂമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതി കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

NEWS
Advertisment