Advertisment

മറ്റെല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും വിദേശ പര്യടനത്തിന് യഥേഷ്ടം അനുമതി നൽകുമ്പോൾ അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാൻ പിണറായി വിജയനും മന്ത്രിമാർക്കും കേന്ദ്രം അനുമതി നിക്ഷേധിച്ചു. രാജ്യത്തേക്ക് വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കാൻ കഴിയുന്ന പരിപാടിയിലേക്ക് അനുമതി തടഞ്ഞിട്ടും കേരള മുഖ്യമന്ത്രിയും സർക്കാരും സിപിഎമ്മും മൗനം പാലിക്കുന്നതെന്തുകൊണ്ട് ? അബുദാബി സർക്കാർ നേരിട്ട് ക്ഷണിച്ചിട്ടും പിണറായിയുടെ യുഎഇ യാത്ര കേന്ദ്രം തടഞ്ഞതെന്തുകൊണ്ട് ?

New Update

publive-image

Advertisment

തിരുവനന്തപുരം: അബുദാബി സര്‍ക്കാരിന്റെ നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കേന്ദ്രം വിലക്കിയതിനെതിരെ പ്രതിഷേധം ഉയരാത്തത്  വിചിത്രം.


രാജ്യത്തേക്ക് ഗള്‍ഫിലെ പ്രവാസികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനുളള മികച്ച അവസരം നഷ്ടപ്പെടുത്തിയ കേന്ദ്ര നടപടിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രസ്താവനയിലൂടെ പോലും പ്രതിഷേധിക്കാത്തതാണ് ചര്‍ച്ചയാകുന്നത്.


ഗള്‍ഫില്‍, പ്രത്യേകിച്ച് യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് മലയാളികള്‍. യു,എ.ഇയുടെ സാമ്പത്തികാഭിവൃദ്ധിയിലും പുരോഗതിയിലും നിര്‍ണായക സംഭാവനയുളള സമൂഹം എന്ന നിലയ്ക്കാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപകസംഗമത്തിലേക്ക് ക്ഷണിച്ചത്.

യു.എ.ഇയിലെ വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി താനി ബിന്‍ അഹ്‌മദ് അല്‍ സെയൂദിയാണ് മുഖ്യമന്ത്രിയെ നിക്ഷേപസംഗമത്തിലേക്ക് ക്ഷണിച്ചത്. ഈമാസം 8 മുതല്‍ 10വരെ അബുദാബിയിലെ നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് നിക്ഷേപകസംഗമം നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് ഏറെ സഹായകരമാകുമായിരുന്ന നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ചത് യഥാര്‍ത്ഥത്തില്‍ സംസ്ഥനാത്തോടുളള അവഗണനയാണ്.

എന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നില്ല. സര്‍ക്കാരിനെ നയിക്കുന്ന സി.പി.എമ്മും അനുമതി നിഷേധിച്ചതിനോട് പ്രതികരിച്ചില്ല.


കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും സംസ്ഥാനത്തോടുളള അവഗണനയ്‌ക്കെതിരെയും ശക്തമായി പ്രതികരിക്കുന്ന സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം നിഗൂഢമാണ്.


മഹാപ്രളയത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് പിരിവിന് പോകാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്രം സമാനമായ രീതിയില്‍ അനുമതി നിഷേധിച്ചിരുന്നു. അപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടത് നേതാക്കളും ശക്തമായി പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ അബുദാബി സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണമുളള നിക്ഷേപക സംഗമ പരിപാടിയിലേക്ക് അനുമതി നിഷേധിച്ചിട്ടും ഭരണ നേതൃത്വമോ രാഷ്ട്രീയ നേതൃത്വമോ ഒന്നും മിണ്ടിയിട്ടില്ല.


രാജ്യത്തേക്ക് വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുക എന്നത് ഔദ്യോഗിക നയമായി സ്വീകരിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിക്ഷേപക സംഗമത്തിന് അനുമതി നല്‍കാതിരുന്നത് നിലവിലുളള നയത്തിന്റെ ലംഘനമാണ്.ഇക്കാര്യം ചോദ്യം ചെയ്‌തെങ്കിലും കേരളത്തിന് പ്രതിഷേധം രേഖപ്പെടുത്താന്‍ കഴിയുമായിരുന്നു.


വിദേശത്ത് നടക്കുന്ന ഇത്തരം പരിപാടികളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥ സംഘത്തെ അയച്ചാല്‍ മതിയെന്നുമുളള കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അനമുതി നിഷേധിതച്ചത്. കേന്ദ്ര സര്‍ക്കാരിനെ മറികടന്ന് അബുദാബി സര്‍ക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിയെ നേരിട്ട് ക്ഷണിട്ടതും അനുമതി നിഷേധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്.

ഗള്‍ഫിലെ ഏത് രാജ്യമെടുത്താലും അവിടത്തെ ഇന്ത്യന്‍ പ്രവാസികളില്‍ ഏറ്റവും വലിയ സമൂഹം മലയാളികളാണ്. ഭരണത്തിലും വ്യവസായ- വാണിജ്യ രംഗത്തും നിര്‍ണായക സ്വാധീനമുളള വ്യക്തികളും മലയാളികളാണ്. ഇതൊക്കെ പരിഗണിച്ചാണ് കേരള മുഖ്യമന്ത്രി അടങ്ങിയ പ്രതിനിധി സംഘത്തെ നിക്ഷേപക സംഗമത്തിലേക്ക് ക്ഷണിച്ചത്.


അനുമതി നിഷേധിക്കുന്നതിന് കേന്ദ്രവിദേശകാര്യ മന്ത്രാലയം പുറത്തുപറയുന്നതില്‍ കൂടുതല്‍ കാര്യങ്ങളെന്തെങ്കിലുമുണ്ടോ എന്നകാര്യം വ്യക്തമല്ല. വിദേശത്തെ നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാരും മന്ത്രിതല സംഘവും പോകാറുണ്ട്.


അത്തരം അപേക്ഷകളില്‍ വിദേശകാര്യ മന്ത്രാലയും വളരെ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഒഴിവാക്കി, കേരളത്തില്‍ നിന്ന് മാത്രം ഉദ്യോഗസ്ഥതല സംഘം പോയാല്‍ മതിയെന്ന സമീപനം യുക്തിഭദ്രമല്ല. ഇവിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്.

യു.എ.ഇയിലെ റെഡ് ക്രസന്റിന്റെ സഹായത്തോടെ നിര്‍മ്മാണം ആരംഭിച്ച വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റ് പദ്ധതിയിലെ

കമ്മീഷന്‍ ഇടപാട് ഇ.ഡിയും സി.ബി.ഐയും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. യു.എ.ഇ തിരുവനന്തപുരം കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഈ കേസില്‍ സംശയനിഴലിലാണ്.


ഇത്തരം അന്വേഷണങ്ങള്‍ നടക്കുന്നത് കൊണ്ടാണോ അനുമതി നിഷേധിച്ചതെന്ന സംശയവും ഉയര്‍ന്നുവരുന്നുണ്ട്. നിക്ഷേപക സംഗമത്തിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ചിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതിഷേധം ഉണ്ടാകാത്തതും ഈ സംശയത്തിന് ബലം പകരുന്നുണ്ട്.


ഒരു മാസം മുന്‍പാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നയിക്കുന്ന സംഘത്തിന് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ഈ സമയത്തിനിടയില്‍ വിദേശകാര്യ മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ ആശയവിനിമയം നടക്കാന്‍ സാധ്യതയുണ്ട്.

ഈ കത്തിടപാടുകളില്‍ അനുമതി നിഷേധിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ടാവാനും സാധ്യതയുണ്ട്. അനുമതി നിഷേധിക്കാനുളള സാഹചര്യത്തെപ്പറ്റി ബോധ്യമുളളത് കൊണ്ടാവാം സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും പ്രതികരിക്കാതെ മാറി നില്‍ക്കുന്നതെന്നും പറയപ്പെടുന്നു.

Advertisment