Advertisment

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും എം ശിവശങ്കറിന്റെ വഴിവിട്ട ഇടപെടലുകൾ ! വൈദ്യുതി ബോര്‍ഡിന്റെ ദീര്‍ഘകാല വൈദ്യുതി കരാറിന് പിന്നില്‍ നടന്നത് ഗുരുതര ക്രമക്കേട്. ടെണ്ടറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനികളെ തഴഞ്ഞ് കരാര്‍ നല്‍കിയത് ശിവശങ്കർ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായിരിക്കെ ! യുഡിഎഫ് കാലത്തെ ക്രമക്കേട് അറിഞ്ഞിട്ടും ഒന്നാം പിണറായി സർക്കാർ എല്ലാം മൂടി വച്ചു ! സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ ഖജനാവിൽ നിന്നും വീണ്ടും കൊള്ള നടത്താനുള്ള നീക്കം സജീവം

New Update

publive-image

Advertisment

തിരുവനന്തപുരം: ടെണ്ടര്‍ നടപടികളില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്തിമാനുമതി നിഷേധിച്ച വൈദ്യുതി ബോര്‍ഡിന്റെ ദീര്‍ഘകാല വൈദ്യുതി കരാറിന് പിന്നില്‍ നടന്നത് ഗുരുതരമായ ക്രമക്കേട്. ജാബുവ പവര്‍ ലിമിറ്റഡ് (115മെഗാവാട്ട്), ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് (150), ജീന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ് (100), ജാബുവ പവര്‍ ലിമിറ്റഡ് ( 100) എന്നീ കമ്പനികളുമായി 25 കൊല്ലത്തേക്ക് ഏര്‍പ്പെട്ട വൈദ്യുതി വാങ്ങല്‍ കരാറിനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്തിമാനുമതി നിഷേധിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദ് മന്ത്രിയും എം ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായിരിക്കുമ്പോള്‍ നടന്ന ഇടപാടിലാണ് വലിയ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയത്.


ഒരു മാസത്തെ ഇടവേളയില്‍ 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി രണ്ട് ടെണ്ടര്‍ വിളിച്ചത് മുതല്‍ വൈദ്യുതി വാങ്ങിയത് മുതല്‍ എല്ലാ നടപടികളും ദുരൂഹമാണെന്ന ആക്ഷേപമാണ് കരാര്‍ സംബന്ധിച്ച് ഉയര്‍ന്നുവന്നത്.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങാതെയാണ് 25 കൊല്ലത്തേക്കുളള വൈദ്യുതി വാങ്ങല്‍ കരാറില്‍ ഒപ്പുവെച്ചത്. മാത്രമല്ല ടെണ്ടര്‍ അംഗീകരിക്കുമ്പോള്‍ കേന്ദ്ര ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു.

ആദ്യ ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് രണ്ടാമത്തെ ടെണ്ടറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനികളെ തഴഞ്ഞ് കരാര്‍ നല്‍കിയെന്നതാണ് റഗുലേറ്ററി കമ്മീഷനും അക്കൗണ്ടന്റെ് ജനറലും സംസ്ഥാന ഊര്‍ജ വകുപ്പും ചൂണ്ടിക്കാട്ടുന്ന പ്രധാന ക്രമക്കേട്.

ടെണ്ടര്‍ വിളിച്ചാല്‍, ആ ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്നടതാരാണോ അവര്‍ക്ക് കരാര്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ നഗ്നമായി ലംഘിച്ചുകൊണ്ടാണ് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയും എം.ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായിരിക്കുന്ന കാലത്ത് വൈദ്യുതി വാങ്ങിയത്.

വൈദ്യുതി വാങ്ങുന്നതിന് ഒരുമാസത്തെ ഇടവേളയില്‍ രണ്ട് ടെണ്ടര്‍ വിളിച്ചതില്‍ തന്നെ അപാകതയുണ്ടെന്നാണ് കരാര്‍ സംബന്ധിച്ച ഊര്‍ജ സെക്രട്ടറി ബി.അശോകിന്റെ കുറിപ്പ് പരിശോധിച്ച അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്. ഇതിന് പുറമേയാണ് ഒന്നാം ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ തുക ക്വോട്ട് ചെയ്ത കമ്പനിക്ക് രണ്ടാമത്തെ ടെണ്ടര്‍ പ്രകാരം കരാര്‍ നല്‍കിയത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബി.അശോക് ഊര്‍ജ സെക്രട്ടറിയായിരിക്കുമ്പോഴാണ് കരാര്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് വരുന്നത്. കരാര്‍ അംഗീകരിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ച റഗുലേറ്ററി കമ്മീഷന്‍, സര്‍ക്കാരിന്റെ അംഗീകാരമില്ലല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇത് സംബന്ധിച്ച അപേക്ഷ സെക്രട്ടേറിയേറ്റില്‍ എത്തുന്നത്.

എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ്വശക്തനായി വാഴുന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ് കാലത്തെ ക്രമവിരുദ്ധമായ കരാറിന് അംഗീകാരം തേടി സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ കരാര്‍ നടപടികള്‍ വിശദമായി പരിശോധിച്ച ഊര്‍ജ സെക്രട്ടറി ബി.അശോക് ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. വീഴ്ചകള്‍ അക്കമിട്ട് നിരത്തിയ അശോക് ഇതെല്ലാം വിശദമായി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ടോം ജോസിന് സമര്‍പ്പിച്ചു.

publive-image


ഊര്‍ജ സെക്രട്ടറിയുടെ കണ്ടെത്തലുകള്‍ ശരിവെച്ച ചീഫ് സെക്രട്ടറി ടോംജോസ് മുഖ്യമന്ത്രിക്ക് വിശദമായ നോട്ട് നല്‍കി. ഒപ്പം കരാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് കത്തും നല്‍കി. എം.ശിവശങ്കറിന്റെ സമ്മര്‍ദ്ദത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യേകാനുമതിയോടെ കരാര്‍ മന്ത്രിസഭാ യോഗത്തില്‍ വെച്ച് അംഗീകാരം നല്‍കാനുളള നീക്കം ഇതോടെ പൊളിഞ്ഞു.


ക്രമക്കേട് ശരിവെയ്ക്കുന്ന ചീഫ് സെക്രട്ടറിയുടെ നോട്ട് ഫയലിലുളളപ്പോള്‍ കരാറിന് അംഗീകാരം നല്‍കാന്‍ പോയാല്‍ അതിനേക്കാള്‍ വലിയ പ്രശ്‌നമായി മാറുമെന്ന് കണ്ടായിരുന്നു പിന്മാറ്റം. ക്രമവിരുദ്ധമായ കരാറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ലെങ്കിലും വാങ്ങുന്ന വൈദ്യുതിക്ക് തത്തുല്യമായ തുക വൈദ്യുതി ബോര്‍ഡ് കരാറുകാര്‍ക്ക് നല്‍കുന്നുണ്ടായിരുന്നു.അത് ഇപ്പോഴും തുടരുകയാണ്.

ഊര്‍ജ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ക്രമവിരുദ്ധത ചൂണ്ടിക്കാട്ടിയിട്ടും യു.ഡി.എഫ് കാലത്തെ സംശയകരവും ക്രമവിരുദ്ധവുമായ കരാറിനെപ്പറ്റി അന്വേഷണം നടത്താന്‍ അപ്പോഴത്തെ വൈദ്യുതി മന്ത്രി എം.എം.മണിയോ മുഖ്യമന്ത്രി പിണറായി വിജയനോ തയാറിയില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. അഴിമതിക്കെതിര സന്ധിയില്ലാത്ത സമരം നടത്തുന്നു എന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാരാണ് ക്രമവിരുദ്ധമായ കരാര്‍ കണ്ടില്ലെന്ന് നടിച്ച് നടപടി എടുക്കാതിരുന്നത്.

സര്‍ക്കാരുകള്‍ മാറിമാറി വന്നാലും ബോര്‍ഡ് ഭരണം തുടര്‍ച്ചയാണെന്നും അതുകൊണ്ടാണ് കരാര്‍ റദ്ദാക്കത്തെതെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം. എന്നാല്‍ എം.ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്തെ ഇടപാടാണ് എന്നതായിരുന്നു ഇടത് സര്‍ക്കാരിനെ നടപടിയെടുക്കുന്നതില്‍ നിന്ന് പിറകോട്ട് വലിച്ചത്. കരാറില്‍ കുഴപ്പങ്ങളുണ്ടെങ്കിലും മാറ്റിവെച്ചിരിക്കുകയാണെന്ന് അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയിലും പുറത്തും പറയുകയും ചെയ്തിരുന്നു.

യു.ഡി.എഫ് കാലത്ത് ഒപ്പുവെച്ച കരാര്‍ പ്രകാരം 2016 മുതലാണ് വൈദ്യുതി ലഭിച്ചു തുടങ്ങിയത്. അതേസമയം കരാര്‍ ക്രമവിരുദ്ധമാണെന്ന് റഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയതോടെ ഏതുവിധേനയും കരാറിന് അംഗീകാരം നേടിയെടുക്കാനുളള നീക്കത്തിലാണ് വൈദ്യുതി ബോര്‍ഡ്. 465 മെഗാവാട്ടിന്റെ കരാര്‍ മുടങ്ങിയാല്‍ സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകുമെന്ന ആശങ്ക ഉയര്‍ത്തിവിട്ട് കരാര്‍ സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ചെടുക്കാനാണ് ശ്രമം.

വിപണിയില്‍ വൈദ്യുതിയടെ വില കൂടുതലാണെന്നും കരാര്‍ റദ്ദാക്കിയാല്‍ ഭീമമായ നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞും ക്രമവിരുദ്ധമായ കരാറിന് സാധുത നേടാന്‍ ശ്രമിക്കുന്നുണ്ട്.

Advertisment