Advertisment

മന്ത്രിമാര്‍ വിവാദങ്ങളില്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാത്തതില്‍ വിമര്‍ശനവുമായി മന്ത്രി റിയാസ് രംഗത്തുവന്നത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയോ ! മുഖ്യമന്ത്രിയെ കണ്ണടച്ച് പിന്തുണച്ചാല്‍ ഫാന്‍സ് എന്ന വിളിപ്പേര് വരുമോയെന്ന ആശങ്കയില്‍ മന്ത്രിമാര്‍. സ്വന്തം വകുപ്പിനപ്പുറം കാര്യങ്ങൾ പഠിക്കാനും മന്ത്രിമാർക്ക് മടി ! പല മന്ത്രിമാരുടെയും പേരുപോലും അറിയാതെ പൊതുജനം. മന്ത്രിമാർ രാഷ്ട്രീയം പറയാതിരിക്കുമ്പോൾ !

New Update

publive-image

Advertisment

തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ സഹ മന്ത്രിമാര്‍ക്കെതിരെ മന്ത്രി പിഎം മുഹമ്മദ് റിയാസ് തുറന്നടിച്ചത് മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സോടെ.

സിപിഎം മന്ത്രിമാരടക്കം മുഖ്യമന്ത്രിയെ കാര്യമായി പിന്തുണയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് മുഹമ്മദ് റിയാസ് വിമര്‍ശനം ഉന്നയിച്ചത്. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലായിരുന്നു റിയാസിന്റെ പരാമര്‍ശം.


പല മന്ത്രിമാരും പ്രതിച്ഛായ ഓര്‍ത്ത് പ്രതികരണമില്ലാത്തവരായി മാറുകയാണെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ വിമര്‍ശനം. വിവാദങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി തനിച്ചാകുന്നുവെന്ന വികാരം തന്നെയാണ് അദ്ദേഹം അഭിമുഖത്തില്‍ പങ്കുവച്ചത്.


രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന പല ആരോപണങ്ങളിലും പല മന്ത്രിമാരും മൗനം പാലിക്കുകയായിരുന്നു. സിപിഎം മന്ത്രിമാരും പലപ്പോഴും ഈ വിഷയങ്ങളില്‍ രാഷ്ട്രീയ മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല.

ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിക്ക് എതിരെ എഐ ക്യാമറാ വിവാദത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മന്ത്രി പി രാജീവ്, മുഹമ്മദ് റിയാസ് എന്നിവര്‍ മാത്രമാണ് കാര്യമായി പ്രതികരിച്ചത്. ഘടകകക്ഷി മന്ത്രിമാര്‍ പോലും പലപ്പോഴും ഈ വിഷയം ഗൗനിച്ചില്ല. മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ പലരും വിമുഖത കാണിക്കുന്നതും ശ്രദ്ധേയമായിരുന്നു.


ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുഹമ്മദ് റിയാസിന്റെ വിമര്‍ശനം ശ്രദ്ധേയമാകുന്നത്. മന്ത്രിമാര്‍ രാഷ്ട്രീയം പറയണമെന്ന് സിപിഎം നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പല മന്ത്രിമാരും തങ്ങളുടെ വകുപ്പുകളിലെ കാര്യങ്ങളില്‍ പോലും പ്രതികരണം നടത്താന്‍ തയ്യാറാകാത്ത സ്ഥിതിയുണ്ട്.


മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലര്‍ വിവാദത്തില്‍ അന്ന് മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കിയത് മന്ത്രിമാരായിരുന്നു. എകെ ബാലനടക്കമുള്ളവര്‍ രംഗത്ത് വന്നു. മന്ത്രിമാര്‍ കുടുക്കിലായപ്പോഴും സഹമന്ത്രിമാരും മുഖ്യമന്ത്രിയും അവരെ സംരക്ഷിച്ചു.

എന്നാല്‍ ഇത്തവണ എഐ ക്യാമറാ വിവാദത്തില്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷം വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ ആരും തുണയ്ക്ക് എത്തിയില്ലെന്നാണ് മന്ത്രി റിയാസിന്റെ ആക്ഷേപം. സിപിഐ മന്ത്രിമാര്‍ പണ്ടേ ഇത്തരമുള്ള ഒരു കാര്യത്തിലും പ്രതികരണമില്ലാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിയെ തുണച്ചാല്‍ ഫാന്‍സുകാരായി പോകുമോയെന്ന ഭയമാണ് പല മന്ത്രിമാര്‍ക്കുമെന്നും വിമര്‍ശനമുണ്ട്.


അതിനിടെ സ്വന്തം വകുപ്പിനപ്പുറത്തേക്ക് അഭിപ്രായം പറയാന്‍ പല മന്ത്രിമാര്‍ക്കും മടിയാണ്. പലരും മറ്റു വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ പോലും താല്‍പര്യമില്ലാത്തവരായി കഴിഞ്ഞു. പല മന്ത്രിമാരുടെയും പേര് ജനത്തിന് അറിയില്ലെന്നു പോലും പാര്‍ട്ടിക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.


അതേസമയം മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായം പോലും ചോദിക്കാത്ത വിഷയത്തില്‍ പ്രതിരോധത്തിലാകുമ്പോള്‍ തങ്ങളെന്തിന് പിന്തുണയ്ക്കണമെന്നാണ് മന്ത്രിമാര്‍ അടക്കം പറയുന്നത്.

തങ്ങളുടെ വകുപ്പിലെ പോലും ചില കാര്യങ്ങളില്‍ അന്തിമ തീരുമാനം മറ്റുള്ളവര്‍ എടുക്കുന്നതിലും മന്ത്രിമാര്‍ക്ക് പരാതിയുണ്ട്. പക്ഷേ ഇതൊന്നും പരസ്യമാക്കാന്‍ പലരും ഭയക്കുകയാണ്.

Advertisment