Advertisment

ചാനല്‍ ചര്‍ച്ചകളിലെ താരം രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കാൻ ചരടുവലിച്ചു ഷാഫി പറമ്പിലും വിഷ്ണുനാഥും. ഉമ്മൻ ചാണ്ടിയുടെ പിന്തുണ പലതവണ അവസരം നിക്ഷേധിക്കപെട്ട ജെ.എസ്. അഖിലിന്. പ്രവർത്തകർ തേങ്ങുമ്പോൾ വിദേശത്ത് അടിച്ചുപൊളിക്കുന്ന നേതാക്കളെ സെലിബ്രിറ്റി സ്റ്റാറ്റസിന്റെ പേരിൽ പദവികളിലിരുത്താൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് യുവ നേതാക്കൾ. അബിന്‍ വര്‍ക്കിയെയോ ബിനു ചുള്ളിയിലിനെയോ സ്ഥാനാര്‍ത്ഥിയാക്കാനൊരുങ്ങി ഐ ഗ്രൂപ്പ്. യൂത്തിനെ ആര് നയിക്കും ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : ചാനല്‍ ചര്‍ച്ചയിലെ താരം രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിക്കാന്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആസൂത്രിത നീക്കം. 'എ' ഗ്രൂപ്പ് പ്രതിനിധിയായി മുൻപ് സംഘടനാപരമായ ആരോപണങ്ങൾ നേരിട്ടുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ അധ്യക്ഷ സ്ഥാനത്തെത്തിക്കാനുളള നീക്കത്തിനെതിരെ എ ഗ്രൂപ്പില്‍ അതൃപ്തി പടരുകയാണ്.


എ ഗ്രൂപ്പില്‍ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ അധ്യക്ഷനാക്കാനുളള ഷാഫി പറമ്പിലിന്റെ നീക്കത്തിന് ഗ്രൂപ്പ് നേതാവായ പി.സി. വിഷ്ണുനാഥിന്റെ പിന്തുണയുണ്ടെങ്കിലും ഗ്രൂപ്പിലെ മറ്റു യൂത്ത് കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത ഭിന്നതയാണുള്ളത്. 


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞടുപ്പില്‍ ഗ്രൂപ്പില്‍ നിന്ന് ആരെയൊക്കെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ എ ഗ്രൂപ്പ് നേതാക്കള്‍ ചൊവ്വാഴ്ച എറണാകുളത്ത് വീണ്ടും യോഗം ചേരും.

സംഘടനയുടെ താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചുവന്ന തിരുവനന്തപുരത്ത് നിന്നുളള യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ.എസ്. അഖിലിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്നാണ് എ ഗ്രൂപ്പിലെ പൊതുവികാരം. മുൻപ് പലതവണ അവസരം നിക്ഷേധിക്കപ്പെട്ടിട്ടുള്ള നേതാവാണ് അഖിൽ.

എന്നാല്‍ ചാനല്‍ ചര്‍ച്ചകളിലൂടെ ജനകീയത കൈവരിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ എ ഗ്രൂപ്പ് പ്രതിനിധിയായി മത്സരിപ്പിക്കാനാണ് ഷാഫി പറമ്പിലും കൂട്ടരുടെയും സമ്മര്‍ദ്ദം.

രാഹുലിനെ അധ്യക്ഷ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചെലവും തങ്ങള്‍ വഹിച്ചുകൊളളാമെന്നാണ് ഷാഫി പറമ്പില്‍ ഗ്രൂപ്പ് നേതൃത്വത്തിന് നല്‍കിയിരിക്കുന്ന ഉറപ്പ്.


കഴിഞ്ഞ വർഷം യൂത്ത് കോൺഗ്രസ് നേതാക്കൾ സർക്കാർ വിരുദ്ധ സമരത്തിൽ അടികൊണ്ട് ആശുപത്രിയിൽ കഴിഞ്ഞപ്പോൾ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനൊപ്പം ഖത്തറിൽ ലോകക്കപ്പ് കാണാൻ പോയ നേതാവാണ് രാഹുൽ. അതിനും മുൻപ് മുൻ കെ.എസ്.യു അധ്യക്ഷൻ കൂടിയായിരുന്ന സതീശൻ പാച്ചേനിയുടെ സംസ്കാരം നടക്കുന്ന ദിവസം കുവൈറ്റിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തുവെന്ന ആരോപണവും രാഹുലിനെതിരെ ഉയർന്നിരുന്നു.


മെമ്പര്‍ഷിപ്പ് കാമ്പയിനോടൊപ്പമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുക. മെമ്പര്‍ഷിപ്പ് എടുക്കുന്ന വേളയില്‍ മൊബൈല്‍ ആപ്പില്‍ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് വോട്ടുചെയ്യാനുളള ക്രമീകരണവും ഉണ്ടാകും.

പണമുണ്ടെങ്കിൽ നേതാവാകാം

അന്‍പത് രൂപ അടച്ച് മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് വോട്ടുചെയ്യാം. കൂടുതല്‍ പ്രവര്‍ത്തകരെ സമാഹരിച്ച് അംഗങ്ങളാക്കുന്ന നേതാക്കള്‍ക്ക് കൂടുതല്‍ വോട്ടു നേടാം എന്നതാണ് ഇതിലുളള സൗകര്യം. എന്നാല്‍ കൂടുതല്‍ പണമുളളവര്‍ക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനാവുമെന്നതും അതുവഴി കൂടുതല്‍ വോട്ടു നേടാനാവുമെന്നതാണ് ഈ പ്രക്രിയയുടെ ന്യൂനത.

നേതൃത്വത്തിലേക്ക് വരാന്‍ അര്‍ഹതയുണ്ടെങ്കിലും സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തകരെ സമാഹരിച്ച് അംഗത്വം എടുപ്പിച്ച് വോട്ടുനേടാന്‍ കഴിയില്ല. ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് എടുക്കാന്‍ ഓരോ ഗ്രൂപ്പിനും പണച്ചെലവുണ്ട്.

ഈ ദൗര്‍ബല്യം മുതലെടുത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ചെലവ് പൂര്‍ണമായും വഹിച്ചോളാം എന്ന് ഷാഫി പറമ്പിലും കൂട്ടരും എ ഗ്രൂപ്പ് നേതൃത്വത്തോട് വാഗ്ദാനം ചെയ്തതെന്ന് ആരോപണം ഉയർന്നു.

അഖിലിനോട് പിന്നെയും അനീതി

എന്നാല്‍ ദീര്‍ഘകാലമായി എ ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന ജെ.എസ്. അഖിലിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം. മുൻപ് എൻ.എസ്.യു അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടപ്പോഴും അവസാന നിമിഷം അഖിലിനെ ഒഴിവാക്കുകയായിരുന്നു.

publive-image


ഇപ്പോൾ അനാരോഗ്യത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നില്ല. ഈ അവസരം മുതലെടുത്ത് രണ്ടാംനിര നേതാക്കള്‍ ഗ്രൂപ്പ് നേതൃത്വത്തിലെത്താന്‍ മത്സരിക്കുകയാണ്.


എ ഗ്രൂപ്പിലെ അധികാര വടംവലിയുടെ ഭാഗമായി കൂടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഗ്രൂപ്പ് പ്രതിനിധിയായി മത്സരിപ്പിക്കാന്‍ ഷാഫി പറമ്പലും കൂട്ടരും നീക്കം നടത്തുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുളള തീയതി ഈമാസം 14ന് അവസാനിക്കും. സൂക്ഷ്മ പരിശോധനക്ക് ശേഷം ഈമാസം 22ന് നോമിനേഷന്‍ അന്തിമമാക്കും. ഈ മാസം 28ന് മെംബര്‍ഷിപ്പ് കാമ്പയിനോടൊപ്പം തെരഞ്ഞെടുപ്പും നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.


ഒരുമാസം നീണ്ട മെംബര്‍ഷിപ്പ് കാമ്പയിന് ശേഷമായിരിക്കും സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുക. നോമിനേഷന്‍ സമര്‍പ്പിക്കാനുളള തീയതി അടുത്തതോടെ ഗ്രൂപ്പുകള്‍ക്കുളളില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുളള ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്.


എ ഗ്രൂപ്പിന്റെ ബുധനാഴ്ചത്തെ നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ധാരണയിലെത്തും. എ ഗ്രൂപ്പുകാരനായ ജെ.എസ്.അഖിലിനെ മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് ഗ്രൂപ്പിനുളളില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പാണ്.

അങ്ങനെയെങ്കിൽ ഗ്രൂപ്പിനതീതമായി മനസാക്ഷി വോട്ടിനു കളമൊരുങ്ങും. ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയോ ബിനു ചുളളിയിലോ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.

Advertisment