/sathyam/media/media_files/SJO9fMnW51htCcaFif9i.jpg)
കോട്ടയം: പേ വിഷ ബാധയുള്ള നായ കടിച്ച പശുവിന്റെ പാല്‍ തളിപ്പിക്കാതെ കുടിച്ചാല്‍ അപകടമാണോ?. ആണെന്നാണു വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു.
ചവറ തെക്കുംഭാഗം ക്ഷേത്രത്തില്‍ നടന്ന മെഗാ തിരുവാതിരയോടനുബന്ധിച്ചു വിതരണം ചെയ്ത പ്രസാദത്തില്‍പേപ്പട്ടി കടിച്ച പശുവിന്റെ പാല്‍ അടങ്ങിയതായ സംശയത്തെ തുടര്‍ന്നു പ്രസാദം കഴിച്ച 110 പേര്‍ പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവെപ്പ് എടുത്തതോടെയാണു സാമൂഹ്യമാധ്യമങ്ങളിലും ക്ഷീര കര്‍ഷകര്‍ക്കിടയിലും ചോദ്യം ഉയര്‍ന്നത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം ഇരുനൂറിലധികം പശുക്കളുള്‍പ്പെടെ ആയിരത്തോളം വളര്‍ത്തുമൃഗങ്ങള്‍ പേവിഷബാധയേറ്റ് മരണപ്പെടുന്നുണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
പേവിഷബാധ സ്ഥിരീകരിച്ച പശുവിന്റെ പാല്‍ അറിയാതെ കുടിച്ചു പോയെന്നു കരുതി പരിഭ്രാന്തരാവേണ്ടതില്ല. പാലില്‍ രോഗാണുക്കളുണ്ടെങ്കില്‍ തന്നെയും ചൂടാക്കുമ്പോള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ നശിക്കും. 60 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയാല്‍ 10 സെക്കന്‍ഡിനുള്ളില്‍ വൈറസുകള്‍ നശിച്ചുപോകും.
പേവിഷബാധ സ്ഥിരീകരിച്ച പശുവിന്റെ പാല്‍ ചൂടാക്കാതെ കറന്നെടുത്ത ഉടന്‍ നേരിട്ടാണു കുടിച്ചതെങ്കില്‍ പ്രതിരോധകുത്തിവയ്പ്പുകള്‍ ആവശ്യമാണന്നു ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.
റാബീസ് വൈറസ് ബാധയേറ്റ ജീവികളുടെ കടിയേറ്റാല്‍ മനുഷ്യരെ മാത്രമല്ല നായ, പൂച്ച, പശു, ആട്, എരുമ, പന്നി, കുതിര തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും പേവിഷരോഗം ബാധിക്കും.
വളര്‍ത്തുമൃഗങ്ങള്‍ക്കു പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാല്‍ പോറലേറ്റ ഭാഗം സോപ്പുപയോഗിച്ചു ശുദ്ധജലത്തില്‍ പതിനഞ്ചു മിനിറ്റോളം സമയമെടുത്തു നന്നായി കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും മുറിവുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ശേഷം മുറിവില്‍ പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടണം.
വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിനുമുണ്ട്. ശേഷം തുടര്‍ച്ചയായി അഞ്ച് പ്രതിരോധകുത്തിവയ്പ്പുകള്‍ കടിയേറ്റതിന്റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം.
കടിയേറ്റ ദിവസം ചെയ്യുന്ന പ്രതിരോധകുത്തിവയ്പ്പാണ് 0 ദിവസത്തെ കുത്തിവയ്പ്. പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂട്ടി കൃത്യമായി എടുത്തിട്ടുള്ള നായ, പൂച്ച പോലുള്ള മൃഗങ്ങള്‍ക്കാണ് കടിയേറ്റതെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവയ്പ്പുകള്‍ നല്‍കിയാല്‍ മതിയാകും.
പേവിഷബാധയുളള മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ. 99% പേ വിഷബാധയും ഉണ്ടാകുന്നത് നായകള്‍ മുഖേനയാണ്. വളര്‍ത്ത് മൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ്, പോലുള്ള വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധയുണ്ടാകാം.
ഇവയെ പ്രതിരോധിക്കാനും കൃതമായ മാര്‍ഗങ്ങള്‍ ഉണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കു യഥാസമയം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക. നാടന്‍ നായ ആയാലും വിദേശ ഇനം നായ ആയാലും പ്രതിരോധ കുത്തിവെയ്പ്പെടുക്കണം.
നായകള്‍ ജനിച്ചു രണ്ട് മാസം കഴിഞ്ഞ് തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം. മൃഗങ്ങളോട് കുരുതലോടെ ഇടപെടുക, ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യരുത്. കുട്ടികള്‍ തങ്ങളെ മൃഗങ്ങള്‍ കടിക്കുകയോ, മാന്തുകയോ, നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസമയം അധ്യാപകരെയോ, രക്ഷിതാക്കളേയോ അറിയിക്കണം.
മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. പേവിഷബാധയ്ക്കെതിരെ മുന്‍കാലഘട്ടങ്ങളില്‍ നല്‍കിയിരുന്ന വളരെ വേദനയുള്ള 14 കുത്തിവെയ്പ്പുകള്‍ക്കു പകരം ലളിതവും, വേദനാരഹിതവും സൗജന്യവുമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
പേ വിഷ ബാധ സംബന്ധിച്ച നിരവധി തെറ്റിധാരണകള്‍ ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ട്. മൃഗങ്ങള്‍ കടിച്ചാല്‍ മാത്രമേ പേവിഷബാധയുണ്ടാകൂ, വളര്‍ത്തുനായ കടിച്ചാല്‍ പേവിഷബാധയുണ്ടാകില്ല, എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ മാത്രം ചികിത്സ തേടിയാല്‍ മതി എന്നിങ്ങനെയാണിവ.