പ്രവാസികൾ നേരിടുന്ന ചൂഷണവും തൊഴിൽ പ്രശ്നങ്ങളും വർധിക്കുന്നുവെന്ന് സി പി എം ; ഫലപ്രദമായ നടപടി വേണമെന്ന് കേന്ദ്ര സർക്കാരിനോട് വി ശിവദാസൻ എം പി ; ലോകമെമ്പാടുമുള്ള എംബസികളിൽ ഇന്ത്യൻ പ്രവാസികൾ 2025 ൽ നൽകിയ പരാതികൾ 22771 ആണെന്നും എംപി പാർലമെൻ്റിൽ

New Update
images

ഡൽഹി :പ്രവാസികൾ അവർ  തൊഴിലെടുക്കുന്ന രാജ്യങ്ങളിൽ  ചൂഷണവും അക്രമവും  നേരിടുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ,  പ്രവാസികൾ വിദേശരാജ്യങ്ങളിൽ നേരിടുന്ന  പ്രശ്നങ്ങളിലെ കേന്ദ്രസർക്കാർ ഇടപെടൽ   സംബന്ധിച്ച് വി ശിവദാസൻ എംപി പാർലമെന്റിൽ  ചോദ്യമുന്നയിച്ചു. 

Advertisment


വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാർ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളും മറ്റു അക്രമങ്ങളും സംബന്ധിച്ച പരാതികൾ വൻതോതിൽ വർധിച്ചു എന്ന് വിദേശകാര്യമന്ത്രാലയം ഡോ വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നു. 
2021 ൽ ലോകമെമ്പാടുമുള്ള എംബസികളിൽ ഇന്ത്യൻ പ്രവാസികൾ സമർപ്പിച്ചത് 11632 പരാതികൾ ആണ് . ഇത് 2025 ൽ ഇരട്ടിയോളം വർധിച്ച് , 22771 ആയി.
 ഓരോ രാജ്യത്തെയും എംബസ്സി തിരിച്ചുള്ള അഞ്ചു വർഷത്തെ കണക്കുകൾ മറുപടിയിൽ ലഭ്യമാണ്. 


വര്ഷം (പരാതികളുടെ എണ്ണം ബ്രാക്കറ്റിൽ ) 
2021(11632), 2022(15,577), 2023 (15088), 2024(16443), 2025 (22771) 
കൂടുതൽ പരാതികളും, 'ശമ്പളം നൽകാതിരിക്കുക , പാസ്പോർട്ട്  അനധികൃതമായി പിടിച്ചു വെക്കുക, ലീവ് നൽകാതെദീർഘനേരം  പണിയെടുപ്പിക്കുക ,നിയമിച്ച സമയത്ത് വാഗ്ദാനം ചെയ്ത ജോലി നൽകാതിരിക്കുക , മെഡിക്കൽ ഇൻഷുറൻസ് നൽകാതിരിക്കുക , മരണപ്പെട്ടു കഴിഞ്ഞുള്ള നഷ്ടപരിഹാരം നൽകാതിരിക്കുക' തുടങ്ങിയവ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. യുണൈറ്റഡ് അറബ് എമിരേറ്റ്സ് , സൗദി അറേബ്യാ , കംബോഡിയ , മ്യാന്മാർ , മലേഷ്യ , ഒമാൻ , കുവൈറ്റ് , ലാവോസ് , മാൽദീവ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നിട്ടുള്ളത്. 


വിദേശത്തു മരണപ്പെട്ട ഇന്ത്യക്കാരുടെ രാജ്യം തിരിച്ചുള്ള കണക്കും മന്ത്രാലയം നൽകിയിട്ടുണ്ട്. 2021ൽ 8329 പേരാണ് വിദേശരാജ്യങ്ങളിൽ മരണപ്പെട്ടത്. 
2021 (8329), 2022(6715) , 2023(7288), 2024 (7720), 2025(7861) എന്നിങ്ങനെയാണ് മരണപ്പെട്ട ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം. 


ഗൾഫ് കൌൺസിൽ രാജ്യങ്ങളുമായും ജോർദാനുമായും ലേബർ ആൻഡ് മാൻപവർ കോഓപ്പറേഷൻ ഉടമ്പടികൾ ഉണ്ടെന്നു മന്ത്രാലയം അറിയിച്ചു. വീട്ടുജോലി എടുക്കുന്നവരുടെ അവകാശം സംരക്ഷിക്കാൻ, പ്രത്യേക ഉടമ്പടികൾ സൗദി അറേബ്യ, യൂ എ ഇ , കുവൈറ്റ് എന്നീ രാജ്യങ്ങളുമായി ഒപ്പ് വെച്ചിട്ടുണ്ട്. 


വളരെ പെട്ടെന്നു തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്  എന്ന് മറുപടിയിൽ അവകാശപ്പെടുമ്പോഴും , തൊഴിൽ പ്രശ്നങ്ങലും ചൂഷണവും വർധിച്ചു വരുന്നതായിട്ടാണ് കാണുന്നത് എന്ന് വി ശിവദാസൻ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലും അതിക്രമങ്ങൾ  വർധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത്. 


സാങ്കേതികമായ നടപടികൾക്കപ്പുറം , ഗൾഫ് രാജ്യങ്ങളടക്കമുള്ള തൊഴിൽദായകരാജ്യങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുകയും  അവിടങ്ങളിൽ പണിയെടുക്കുന്ന ഇന്ത്യക്കാരുടെ അവകാശങ്ങൾക്ക്   വേണ്ടി ശക്തമായി ഇടപെടണം എന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.

Advertisment