20 തവണ സൈന്യത്തെ വെട്ടിച്ചു; ഒടുവിൽ കിഷ്ത്വാറിലെ മലനിരകളിൽ പാക് ഭീകരൻ ആദിലിന് അന്ത്യം

മലനിരകളിലെ ഗുഹകളിലും താല്‍ക്കാലിക താവളങ്ങളിലും ഒളിച്ചു താമസിച്ചായിരുന്നു ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.

New Update
Untitled

കിഷ്ത്വാര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ പാക് പിന്തുണയുള്ള ഭീകരവാദത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആദിലിനെ സുരക്ഷാ സേന വധിച്ചു.

Advertisment

കഴിഞ്ഞ 18 മാസമായി സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നടന്ന പാക് പൗരനായ ആദില്‍, ലഷ്‌കര്‍ കമാന്‍ഡര്‍ സൈഫുള്ളയുടെ വലംകൈ ആയാണ് അറിയപ്പെട്ടിരുന്നത്. കിഷ്ത്വാറിലെ ചത്രൂ മേഖലയില്‍ നടന്ന 'ട്രാഷി 1' എന്ന സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.


സൈന്യം, ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി ഒരാഴ്ചയായി ഈ മേഖലയില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ചത്രൂ പ്രദേശം വളഞ്ഞ സുരക്ഷാ സേന ആദിലിനെ വെടിവെപ്പില്‍ കുടുക്കുകയായിരുന്നു.

ഇതിനുമുമ്പ് ഏകദേശം 20 തവണ സുരക്ഷാ സേനയുടെ വലയത്തില്‍ നിന്ന് ആദില്‍ കൗശലപൂര്‍വ്വം രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ സൈന്യത്തിന്റെ പഴുതടച്ച നീക്കത്തില്‍ ഭീകരന്‍ കൊല്ലപ്പെടുകയായിരുന്നു.

മലനിരകളിലെ ഗുഹകളിലും താല്‍ക്കാലിക താവളങ്ങളിലും ഒളിച്ചു താമസിച്ചായിരുന്നു ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.


ആദില്‍ കൊല്ലപ്പെട്ടതോടെ ഇയാളുടെ കൂട്ടാളിയായ പാക് കമാന്‍ഡര്‍ സൈഫുള്ളയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് അതിര്‍ത്തി കടന്നെത്തിയ സൈഫുള്ള, കിഷ്ത്വാര്‍ - ഡോഡ മേഖലകളില്‍ ഭീകരശൃംഖലകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. യുവാക്കളെ വഴിതെറ്റിച്ചും ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചും ഇയാള്‍ മേഖലയില്‍ ഭീതി പടര്‍ത്തിയിരുന്നു.


നിലവില്‍ ചത്രൂവിന്റെ വടക്കന്‍ മേഖലയിലേക്ക് കടന്ന സൈഫുള്ളയെ കണ്ടെത്താന്‍ ഡ്രോണുകളും സ്‌നിഫര്‍ ഡോഗുകളെയും ഉപയോഗിച്ചുള്ള വന്‍ തിരച്ചിലാണ് നടക്കുന്നത്.

Advertisment