അൽ ഫലാഹ് സർവകലാശാല കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുന്നു; ഡൽഹി സ്ഫോടനവുമായി ബന്ധമുള്ളതിനാൽ ഫോറൻസിക് ഓഡിറ്റിനും ഇഡി അന്വേഷണത്തിനും കേന്ദ്രം ഉത്തരവിട്ടു. അൽ ഫലാഹിന്റെ അംഗത്വം റദ്ദാക്കി ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് അസോസിയേഷൻ

അല്‍ ഫലാഹ് സര്‍വകലാശാലയുടെ അംഗത്വം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (എഐയു) സസ്പെന്‍ഡ് ചെയ്തു. എഐയു ഔദ്യോഗിക കത്തിലൂടെ ഈ തീരുമാനം സര്‍വകലാശാലയെ അറിയിച്ചു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തെത്തുടര്‍ന്ന് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ അല്‍-ഫലാഹ് സര്‍വകലാശാലയുടെ എല്ലാ രേഖകളും ഫോറന്‍സിക് ഓഡിറ്റ് ചെയ്യാന്‍ കേന്ദ്രം ഉത്തരവിട്ടു.

Advertisment

ഹരിയാന ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ പണമിടപാടുകള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) മറ്റ് സാമ്പത്തിക അന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


നവംബര്‍ 10 ന് ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണ പുരോഗതി അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.


'അല്‍-ഫലാഹ് സര്‍വകലാശാലയുടെ എല്ലാ രേഖകളുടെയും ഫോറന്‍സിക് ഓഡിറ്റ് നടത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ പണമിടപാട് കണ്ടെത്താന്‍ ഇ.ഡി.യോടും മറ്റ് ധനകാര്യ ഏജന്‍സികളോടും ആവശ്യപ്പെട്ടിട്ടുണ്ട്,' വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹിക്ക് സമീപം ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ധൗജില്‍ സ്ഥിതി ചെയ്യുന്ന അല്‍-ഫലാഹ് യൂണിവേഴ്സിറ്റി ഒരു സ്വകാര്യ സ്ഥാപനമാണ്, അതിന്റെ കാമ്പസില്‍ ഒരു ആശുപത്രിയും നടത്തുന്നു. പൊട്ടിത്തെറിച്ച ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ഓടിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ഡോ. ഉമര്‍ നബി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്നു.

സര്‍വകലാശാലയുമായി ബന്ധപ്പെട്ട മൂന്ന് ഡോക്ടര്‍മാരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തു.

ഹരിയാന സ്വകാര്യ സര്‍വകലാശാലാ നിയമപ്രകാരം ഹരിയാന നിയമസഭയാണ് അല്‍-ഫലാഹ് സര്‍വകലാശാല സ്ഥാപിച്ചതെന്ന് അതിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതിന്റെ മെഡിക്കല്‍ കോളേജായ അല്‍-ഫലാഹ് മെഡിക്കല്‍ കോളേജും സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.


ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതിയുക്തവും നിര്‍ണായകവുമായ ഒരു തീരുമാനത്തിലെത്താന്‍ സഹായിക്കുന്നതിന് അന്വേഷണ അധികാരികള്‍ക്ക് പൂര്‍ണ്ണ സഹകരണം നല്‍കുന്നതായി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സര്‍വകലാശാല അറിയിച്ചു.


അല്‍ ഫലാഹ് സര്‍വകലാശാലയുടെ അംഗത്വം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (എഐയു) സസ്പെന്‍ഡ് ചെയ്തു. എഐയു ഔദ്യോഗിക കത്തിലൂടെ ഈ തീരുമാനം സര്‍വകലാശാലയെ അറിയിച്ചു. 

എഐയു ലോഗോ നീക്കം ചെയ്യാന്‍ അസോസിയേഷന്‍ അല്‍ ഫലാഹ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. അതേസമയം, എഐയു പേരോ ലോഗോയോ ഒരു രൂപത്തിലും ഉപയോഗിക്കരുതെന്ന് സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisment