ആടുകളുടെ കഴുത്തിൽ കടിച്ചു കീറി 'ബലി'; തെലങ്കാനയിൽ ആചാരത്തിന്റെ പേരിൽ ക്രൂരത, സംഘാടകർക്കെതിരെ കേസ്

ഭാരതീയ ന്യായ സംഹിത തെലങ്കാന സ്റ്റേറ്റ് ആക്ട്, മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമം എന്നിവ പ്രകാരമാണ് നടപടി.

New Update
Untitled

ഹൈദരാബാദ്: തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയില്‍ ഭീമണ്ണ ജാത്ര ഉത്സവത്തിനിടെ നടന്ന ക്രൂരമായ മൃഗബലി വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.

Advertisment

റൈക്കല്‍ പട്ടണത്തിലെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഡസന്‍ കണക്കിന് ആടുകളെയാണ് മനുഷ്യര്‍ കഴുത്തില്‍ കടിച്ചു കൊലപ്പെടുത്തിയത്. മൃഗങ്ങള്‍ അതിവേദന അനുഭവിച്ച് രക്തം വാര്‍ന്ന് മരിക്കുന്ന ഈ പ്രാകൃത രീതിക്കെതിരെ പോലീസ് കേസെടുത്തു.


ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ആടുകളുടെ കഴുത്തില്‍ കടിച്ചുപിടിക്കുകയും രക്തം വാര്‍ന്ന് മരിക്കാന്‍ കാരണമാകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാള്‍ ആടിന്റെ കഴുത്തില്‍ കടിക്കുന്നതും അയാളുടെ മുഖത്തും ശരീരത്തിലും രക്തം പടര്‍ന്നുപിടിച്ചിരിക്കുന്നതുമായ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.


മൃഗക്ഷേമ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അതുലാപുരം ഗൗതം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ഉത്സവത്തിന്റെ സംഘാടകരായ പി. സുധാകര്‍, ഡി. ഗംഗാധര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.


ഭാരതീയ ന്യായ സംഹിത തെലങ്കാന സ്റ്റേറ്റ് ആക്ട്, മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമം എന്നിവ പ്രകാരമാണ് നടപടി.


സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സബ് ഇന്‍സ്പെക്ടര്‍ ചിതനേനി സുധീര്‍ റാവു അറിയിച്ചു. നിലവിലുള്ള മൃഗസംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Advertisment