ടി20 ലോകകപ്പ്: 'ഫോഴ്സ് മജൂര്‍' വാദവുമായി പാകിസ്താന്‍; മറുപടിയുമായി ബി.സി.സി.ഐ

പാക് ടീമിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പാകിസ്താന്‍ കടുംപിടുത്തം തുടരുകയാണ്.

New Update
Untitled

ഡല്‍ഹി: ഫെബ്രുവരി 15-ന് ശ്രീലങ്കയില്‍ നടക്കേണ്ട ഇന്ത്യ-പാകിസ്താന്‍ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനാണ് പാകിസ്താന്റെ തീരുമാനം.

Advertisment

ഐ.സി.സി ഏര്‍പ്പെടുത്തിയേക്കാവുന്ന കടുത്ത പിഴകളില്‍ നിന്നും നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ 'ഫോഴ്സ് മജൂര്‍' എന്ന നിയമസാധുതയുള്ള പ്രതിരോധം തീര്‍ക്കാനാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ അപ്രതീക്ഷിത സാഹചര്യങ്ങള്‍ കാരണം കരാര്‍ പാലിക്കാന്‍ കഴിയാത്ത അവസ്ഥയെയാണ് 'ഫോഴ്സ് മജൂര്‍' എന്ന് വിളിക്കുന്നത്.


ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, സര്‍ക്കാരിന്റെ ഉത്തരവ് മറികടക്കാന്‍ ബോര്‍ഡിന് കഴിയില്ലെന്നുമാണ് പാകിസ്താന്‍ വാദിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ ഈ ബഹിഷ്‌കരണ തീരുമാനം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.


പാകിസ്താന്റെ ഈ വാദം തീര്‍ത്തും ബാലിശമാണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നത്. ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്ത അതേ ദിവസം തന്നെ അണ്ടര്‍-19 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ കളിച്ചിരുന്നു. അപ്പോള്‍ ഇല്ലാത്ത തടസ്സം ഇപ്പോള്‍ എങ്ങനെ വരും എന്നാണ് ബി.സി.സി.ഐ ചോദിക്കുന്നത്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാരും രണ്ടല്ല. പാക് പ്രധാനമന്ത്രിയാണ് ബോര്‍ഡിന്റെ മുഖ്യ രക്ഷാധികാരി. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം എന്നത് ബോര്‍ഡ് തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന് ബി.സി.സി.ഐ ആരോപിക്കുന്നു.


പാക് ടീമിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പാകിസ്താന്‍ കടുംപിടുത്തം തുടരുകയാണ്.


'ഇന്ത്യക്കെതിരെ കളിക്കാതിരിക്കാന്‍ മറ്റ് കാരണങ്ങളില്ലാത്തതിനാല്‍ പാകിസ്താന്‍ കണ്ടെത്തിയ അവസാന പഴുതാണിത്. ഇത് കേവലം കുസൃതി മാത്രമാണ്.' - ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പാകിസ്താന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ നിയമപ്രകാരം രണ്ട് പോയിന്റുകള്‍ ഇന്ത്യക്ക് ലഭിക്കും. കൂടാതെ ഐ.സി.സിയില്‍ നിന്ന് വലിയ സാമ്പത്തിക പിഴയും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടി വരും. 

Advertisment