തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് കടത്തിയ വിഗ്രഹങ്ങൾ തിരികെ വരുന്നു; യുഎസ് മ്യൂസിയം മൂന്ന് വെങ്കല ശില്പങ്ങൾ ഇന്ത്യയ്ക്ക് കൈമാറും

മ്യൂസിയത്തിന്റെ സൗത്ത് ഏഷ്യന്‍ കളക്ഷനുകളെക്കുറിച്ചുള്ള ചിട്ടയായ പുനപരിശോധനയിലാണ് ഈ വിഗ്രഹങ്ങള്‍ നിയമവിരുദ്ധമായി എത്തിയതാണെന്ന് കണ്ടെത്തിയത്.

New Update
Untitled

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് അപൂര്‍വ്വ വെങ്കല വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കുമെന്ന് അമേരിക്കയിലെ സ്മിത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് ഏഷ്യന്‍ ആര്‍ട്ട് അറിയിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്ഷേത്രങ്ങളില്‍ നിന്ന് മോഷണം പോയ വിഗ്രഹങ്ങളാണിതെന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മ്യൂസിയം അധികൃതര്‍ സ്ഥിരീകരിച്ചു.

Advertisment

ശിവ നടരാജ വിഗ്രഹം: പത്താം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലേതാണിത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടിയിലുള്ള ശ്രീ ഭവ ഔഷധേശ്വര ക്ഷേത്രത്തിലേതാണ് ഈ വിഗ്രഹം.


സോമസ്‌കന്ദ വിഗ്രഹം: പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലേത്. മന്നാര്‍ഗുഡി താലൂക്കിലെ ആലത്തൂര്‍ ഗ്രാമത്തിലുള്ള വിശ്വനാഥ ക്ഷേത്രത്തിലേതാണിത്.

സുന്ദരമൂര്‍ത്തി നായനാര്‍ - പറവൈ നാച്ചിയാര്‍ വിഗ്രഹം: പതിനാറാം നൂറ്റാണ്ടിലെ വിജയനഗര കാലഘട്ടത്തിലേത്. കള്ളക്കുറിച്ചി താലൂക്കിലെ വീരചോളപുരം ഗ്രാമത്തിലുള്ള ശിവക്ഷേത്രത്തിലേതാണ് ഈ പ്രതിമ.


മ്യൂസിയത്തിന്റെ സൗത്ത് ഏഷ്യന്‍ കളക്ഷനുകളെക്കുറിച്ചുള്ള ചിട്ടയായ പുനപരിശോധനയിലാണ് ഈ വിഗ്രഹങ്ങള്‍ നിയമവിരുദ്ധമായി എത്തിയതാണെന്ന് കണ്ടെത്തിയത്.


ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിലെ ഫോട്ടോ ആര്‍ക്കൈവ്സ് പരിശോധിച്ചപ്പോള്‍, 1956-നും 1959-നും ഇടയില്‍ ഈ വിഗ്രഹങ്ങള്‍ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്നതായി ഫോട്ടോ തെളിവുകള്‍ ലഭിച്ചു.

2002-ല്‍ ന്യൂയോര്‍ക്കിലെ ഒരു ഗാലറിയില്‍ നിന്നാണ് മ്യൂസിയം നടരാജ വിഗ്രഹം വാങ്ങിയത്. ഇതിനായി നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മറ്റ് രണ്ട് വിഗ്രഹങ്ങള്‍ 1987-ല്‍ ആര്‍തര്‍ എം. സാക്ലര്‍ എന്ന വ്യക്തി മ്യൂസിയത്തിന് സമ്മാനമായി നല്‍കിയവയാണ്.

Advertisment