ഷിംല: ഹിമാചല്‍ പ്രദേശില്‍ ചൊവ്വാഴ്ച 11 സ്ഥലങ്ങളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 20 വീടുകള്‍ക്കും 15 കന്നുകാലി തൊഴുത്തുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 406 റോഡുകള്‍ അടച്ചിടേണ്ടിവന്നു. കൂടാതെ, 1515 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും 171 കുടിവെള്ള പദ്ധതികള്‍ക്കും തകരാര്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാണ്ഡി ജില്ലയിലെ സാന്ദോള്‍ മേഖലയില്‍ 223.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് പരമാവധി താപനില ഒരു മുതല്‍ രണ്ട് ഡിഗ്രി വരെ കുറഞ്ഞു. കാംഗ്രയില്‍ സാധാരണയേക്കാള്‍ 11 ഡിഗ്രി താഴെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ധൗള്‍കുവാനില്‍ 31.5 ഡിഗ്രിയും ഉനയില്‍ 31.4 ഡിഗ്രിയുമാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില.
ഉനയ്ക്കടുത്തുള്ള ബസല്‍ ഗ്രാമത്തിലെ സ്വാന്‍ നദിയില്‍ മീന്‍ പിടിക്കാന്‍ പോയ അഞ്ച് കുടിയേറ്റക്കാര്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നടുവില്‍ കുടുങ്ങി. വിവരം ലഭിച്ച ഉടന്‍ പോലീസും ഹോം ഗാര്‍ഡും ചേര്‍ന്ന് ഏകദേശം രണ്ടര മണിക്കൂറിനുശേഷം ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
അതേസമയം, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സോളന്‍ നഗരത്തിലെ കോട്ലാനലയില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിന് സമീപം കുന്നില്‍ നിന്ന് മണ്ണിടിച്ചിലുണ്ടായി. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് തലനാരിഴയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു.