/sathyam/media/media_files/2026/02/04/mallikarjun-kharge-2026-02-04-18-09-16.png)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കലാപബാധിത മണിപ്പൂർ സന്ദർശിക്കാൻ വൈകിയതിനെ പരിഹസിച്ച് കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ.
15ാം നൂറ്റാണ്ടിൽ വാസ്കോ ഡ ​ഗാമയ്ക്ക് പോർച്ചു​ഗലിൽ നിന്ന് ഇന്ത്യയിലെത്താൻ വെറും 11 മാസം മാത്രമാണ് വേണ്ടിവന്നതെങ്കിൽ മോദിക്ക് ഡൽഹിയിൽ നിന്ന് മണിപ്പൂരെത്താൻ രണ്ട് വർഷം വേണ്ടിവന്നെന്ന് ഖാർ​ഗെ പരിഹസിച്ചു.
'ഒരു പുതിയ ലോകം കണ്ടെത്താൻ വാസ്കോ ഡ ഗാമയും ക്രിസ്റ്റഫർ കൊളംബസും യഥാക്രമം 11 മാസവും രണ്ട് മാസവും മാത്രമാണെടുത്തത്.
എന്നാൽ ഇത്രയും വലിയ ഒരു മാനുഷിക പ്രതിസന്ധിയുടെ സമയത്ത്, പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള അഭ്യർഥനകളുണ്ടായിട്ടും പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് മണിപ്പൂരിലെത്താൻ രണ്ട് വർഷമെടുത്തു'- ഖാർ​ഗെ വിശദീകരിച്ചു.
വടക്കുകിഴക്കൻ മേഖലയെയും ഇന്ത്യയേയും കുറിച്ചുള്ള നിങ്ങളുടെ ആശങ്ക ഇങ്ങനെയാണോ പ്രകടിപ്പിക്കുന്നതെന്നും ഖാർഗെ രാജ്യസഭയിൽ ചോദിച്ചു.
ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു മണിപ്പൂരിന്റെ കാര്യത്തിലുള്ള കേന്ദ്രനയങ്ങളെ കോൺഗ്രസ് മേധാവി ചോദ്യം ചെയ്തത്.
മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും മൗനം പാലിച്ചെന്നും എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും ബിജെപി ബുൾഡോസ് ചെയ്തുവെന്നും ഖാർ​ഗെ കുറ്റപ്പെടുത്തി.
മണിപ്പൂരിൽ ഇരു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 200 പേരാണ് കൊല്ലപ്പെട്ടത്. 70,000 പേരാണ് കുടിയിറക്കപ്പെട്ടത്. നിങ്ങൾ മണിപ്പൂരിനെ ഒരു സൈനികമേഖലയാക്കി മാറ്റി. നിങ്ങൾ ചെയ്തതിനെല്ലാം ചരിത്രം സാക്ഷിയാണെന്നും ഖാർ​ഗെ വ്യക്തമാക്കി.
പ്രധാനമന്ത്രി സാമൂഹ്യഘടനയെ തകർത്തുവെന്നും ആർഎസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് ബിജെപി വനിതാ സംവരണം നടപ്പാക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വനിതകൾ നിങ്ങൾക്ക് വോട്ട് ബാങ്ക് മാത്രമാണെന്നും ഇതുവരെ ഒരു വനിതാ പോലും ബിജെപി അധ്യക്ഷ ആയിട്ടില്ലെന്നും ആക്ഷേപിച്ചു.
രാജ്യത്ത് സ്ത്രീകൾക്കും പട്ടികജാതി- വർ​ഗ വിഭാഗക്കാർക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us