ട്രെയിനുകളുടെ സ്‌റ്റോപ്പിൽ കോൺഗ്രസ് എം.പി മാർ ട്രോളുകളിൽ നിറയുമ്പോഴും ട്രെയിൻ സ്‌റ്റോപ്പിനായി ഇടപെടൽ തുടർന്ന് എം പി മാർ. അങ്കമാലി, ചാലക്കുടി, ആലുവ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ബെന്നി ബെഹനാൻ എം. പി. കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പി നിവേദനം നൽകി

ഒരു പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയിലും എയർപോർട്ടിന് ഏറ്റവും അടുത്തുള്ള റെയിൽവേ ഹബ്ബ് എന്ന നിലയിലും അങ്കമാലിയുടെ പ്രാധാന്യം എം.പി. ചൂണ്ടിക്കാട്ടി.

New Update
congress

ഡൽഹി: ട്രെയിനുകളുടെ സ്റ്റോപ്പിനെ ചൊല്ലി കോൺഗ്രസ് എം.പി മാർക്കെതിരെ ബിജെപി അണികൾ വലിയ ട്രോൾ പ്രചാരണവും പരിഹാസവുമാണ് നടത്തുന്നത്.

Advertisment

മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷാണ് കൂടുതൽ ട്രോളുകൾക്ക് ഇരയാക്കപെടുന്നത് . ട്രോളുകളും പരിഹാസവും നിറയുമ്പോഴും 

മധ്യകേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ ഉന്നയിച്ച് ബെന്നി ബെഹനാൻ എം.പി രംഗത്ത് വന്നു.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി എം.പി കൂടിക്കാഴ്ച നടത്തി.

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ അങ്കമാലി, ചാലക്കുടി, ആലുവ എന്നിവിടങ്ങളിൽ സുപ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായാണ് എം.പി. മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

 കൊച്ചി അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്കുള്ള പ്രധാന കവാടങ്ങളായ ഈ സ്റ്റേഷനുകളിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നത് വിമാനയാത്രക്കാർക്കും നിത്യ യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകുമെന്ന് അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു.

മംഗളൂരു - തിരുവനന്തപുരം റൂട്ടിലോടുന്ന ഏറനാട് എക്സ്പ്രസിന് (16605/16606) അങ്കമാലി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്.

ഒരു പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയിലും എയർപോർട്ടിന് ഏറ്റവും അടുത്തുള്ള റെയിൽവേ ഹബ്ബ് എന്ന നിലയിലും അങ്കമാലിയുടെ പ്രാധാന്യം എം.പി. ചൂണ്ടിക്കാട്ടി.

അതുപോലെ, ചാലക്കുടി മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസിന് (16791/16792) ചാലക്കുടിയിൽ സ്റ്റോപ്പ് വേണമെന്നും, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഇത് വലിയ ആശ്വാസമാകുമെന്നും എം.പി. അറിയിച്ചു.

കണ്ണൂർ - തിരുവനന്തപുരം റൂട്ടിലെ പ്രധാന ട്രെയിനായ ജനശതാബ്ദി എക്സ്പ്രസിന് (12081/12082) ആലുവയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടു കിടക്കുന്ന ആലുവയിൽ ജനശതാബ്ദിക്ക് സ്റ്റോപ്പ് നൽകുന്നത് ബിസിനസ്സ് യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും ഏറെ സഹായകരമാകും.

ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഈ മൂന്ന് സ്റ്റേഷനുകളിലും ലഭ്യമാണെന്നും, സ്റ്റോപ്പുകൾ അനുവദിക്കുന്നത് ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 റെയിൽവേ ബോർഡുമായും സതേൺ റെയിൽവേയുമായും ആലോചിച്ച് ഇക്കാര്യത്തിൽ അനുഭാവപൂർണ്ണമായ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായും ബെന്നി ബഹനാൻ എം.പി. അറിയിച്ചു

Advertisment