/sathyam/media/media_files/2026/02/05/untitled-2026-02-05-14-05-27.jpg)
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ നിയമവിരുദ്ധമായി സംഘടിപ്പിച്ച മദ്യ-ഹുക്ക പാര്‍ട്ടി പോലീസ് തകര്‍ത്തു.
നഗരത്തിലെ സാനന്ദ് പ്രദേശത്തെ 'നിര്‍വാണ ഗ്രീന്‍സ് വീക്കെന്‍ഡ് ഹോംസില്‍' നടന്ന ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷിക ആഘോഷത്തിനിടയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നഗരത്തിലെ പ്രമുഖ ബില്‍ഡര്‍മാര്‍, ഡോക്ടര്‍മാര്‍, വന്‍കിട ബിസിനസുകാര്‍ എന്നിവരടങ്ങുന്ന 81 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് എത്തുമ്പോള്‍ ആഡംബരത്തിന്റെ നടുവിലായിരുന്നു ആഘോഷം. വിദേശ മദ്യക്കുപ്പികളും പത്തിലധികം ഹുക്ക പൈപ്പുകളും പോലീസ് സ്ഥലത്തുനിന്ന് പിടിച്ചെടുത്തു.
ആഘോഷത്തിനെത്തിയവരുടെ 20-ലധികം ആഡംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായ 81 പേരില്‍ 43 പുരുഷന്മാരും 38 സ്ത്രീകളുമാണുള്ളത്. 35-നും 45-നും ഇടയില്‍ പ്രായമുള്ളവരാണ് മിക്കവരും.
പോലീസ് എത്തിയതോടെ പാര്‍ട്ടി സ്ഥലത്ത് വലിയ പരിഭ്രാന്തിയുണ്ടായി. കസ്റ്റഡിയിലെടുത്ത പുരുഷന്മാരെ വൈദ്യപരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീകളെ നിയമപരമായ നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചു. പ്രമുഖരുടെ മക്കളും ബിസിനസ് രംഗത്തെ അതികായന്മാരും പിടിയിലായതോടെ രാത്രി വൈകിയും പോലീസ് സ്റ്റേഷനില്‍ വന്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ഗുജറാത്തില്‍ മദ്യനിരോധനം നിലവിലിരിക്കെ ഇത്രയധികം വിദേശമദ്യവും ഹുക്കയും എവിടെ നിന്ന് വന്നുവെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
സംഘാടകര്‍ക്കെതിരെ കര്‍ശനമായ 'പ്രൊഹിബിഷന്‍ ആക്ട്' പ്രകാരം കേസെടുത്തിട്ടുണ്ട്. സാനന്ദ് പോലുള്ള പ്രദേശങ്ങളില്‍ ഇത്തരം രഹസ്യ പാര്‍ട്ടികള്‍ കൂടുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us