/sathyam/media/media_files/2026/02/03/high-court-lawyer-2026-02-03-11-49-40.jpg)
റാഞ്ചി: ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ അശോക് നഗറില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവ് മരിച്ചു.
ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകയായ അമ്മയെയും 14 വയസ്സുള്ള സഹോദരിയെയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്‍ക്കത്തയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി അടുത്തിടെ നാട്ടിലെത്തിയ മിഹിര്‍ എന്ന യുവാവാണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മിഹിറിനെ കണ്ടെത്തിയത്. മിഹിറിന്റെ അമ്മ സ്‌നേഹ അഖൗരിയും സഹോദരിയും വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍വാസികളും പോലീസും വിവരമറിഞ്ഞ് എത്തുമ്പോഴേക്കും മിഹിര്‍ മരണപ്പെട്ടിരുന്നു.
അബോധാവസ്ഥയിലായിരുന്ന സ്‌നേഹയെയും മകളെയും ഉടന്‍ തന്നെ റാഞ്ചിയിലെ ഗുരുനാനാക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവസ്ഥലത്തെത്തിയ പോലീസും ഫോറന്‍സിക് സംഘവും പരിശോധനകള്‍ നടത്തി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ അയല്‍വാസികളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കൊല്‍ക്കത്തയില്‍ നിന്ന് സിഎ പഠനം പൂര്‍ത്തിയാക്കിയ മിഹിറിന് ഒരു പ്രമുഖ കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലി ലഭിച്ചിരുന്നതായാണ് വിവരം. കുടുംബത്തില്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.
ആത്മഹത്യ ചെയ്യാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്താന്‍ സാധിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
മരണപ്പെട്ട മിഹിറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കേസില്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us