ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ പാകിസ്താൻ; മൗനം വെടിഞ്ഞ് ഐസിസി; 'അംഗീകരിക്കാനാവില്ലെന്ന്' മുന്നറിയിപ്പ്

ആഗോള ക്രിക്കറ്റ് കുടുംബത്തിലെ അംഗമെന്ന നിലയില്‍ പാകിസ്താന്‍ ക്രിക്കറ്റിന്റെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിച്ചേക്കാം. അതിനാല്‍ പിസിബി ഈ തീരുമാനം പുനര്‍പരിശോധിക്കണം.

New Update
Untitled

ദുബായ്: 2026-ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തില്‍ ശക്തമായ പ്രതികരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. പാകിസ്താന്റെ ഈ നിലപാട് ആഗോള ക്രിക്കറ്റിന്റെ മാന്യതയെ തകര്‍ക്കുന്നതാണെന്നും കായികരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisment

ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഞായറാഴ്ചയാണ് പാകിസ്താന്‍ പ്രഖ്യാപിച്ചത്. ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുമെങ്കിലും ഇന്ത്യക്കെതിരെ മാത്രം കളിക്കില്ലെന്ന വിചിത്രമായ നിലപാടാണ് പാകിസ്താന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഐസിസി അറിയിച്ചു.


ഒരു ആഗോള കായിക മാമാങ്കത്തില്‍ യോഗ്യത നേടിയ എല്ലാ ടീമുകളും ഷെഡ്യൂള്‍ അനുസരിച്ച് തുല്യമായി മത്സരിക്കേണ്ടതുണ്ട്. ടീമുകള്‍ക്ക് താല്പര്യമുള്ള മത്സരങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളുടെ അന്തസ്സിനെയും കായിക മാന്യതയെയും ബാധിക്കും.

ആഗോള ക്രിക്കറ്റ് കുടുംബത്തിലെ അംഗമെന്ന നിലയില്‍ പാകിസ്താന്‍ ക്രിക്കറ്റിന്റെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിച്ചേക്കാം. അതിനാല്‍ പിസിബി ഈ തീരുമാനം പുനര്‍പരിശോധിക്കണം.


ലോകകപ്പില്‍ ഇന്ത്യ, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് പാകിസ്താന്‍. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്താന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്.


ഐസിസി നിയമപ്രകാരം ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാല്‍ പാകിസ്താന് രണ്ട് പോയിന്റുകള്‍ നഷ്ടമാകും. ഇത് പാകിസ്താന്റെ നെറ്റ് റണ്‍ റേറ്റിനെയും സാരമായി ബാധിക്കും. ഫെബ്രുവരി 7-ന് നെതര്‍ലന്‍ഡ്സിനെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കാതിരിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് വലിയ തിരിച്ചടിയാണെന്നും ഐസിസി കൂട്ടിച്ചേര്‍ത്തു.

Advertisment