കടം വാങ്ങുമ്പോൾ നാണക്കേട് കൊണ്ട് തല കുനിയുന്നു; കരസേനാ മേധാവിക്കൊപ്പം ഭിക്ഷ യാചിക്കേണ്ടി വരുന്നു. തുറന്നുപറഞ്ഞ് പാക് പ്രധാനമന്ത്രി

രാജ്യത്തിന്റെ വിദേശ കരുതല്‍ ശേഖരം ഏകദേശം ഇരട്ടിയായിട്ടുണ്ടെങ്കിലും, അതില്‍ ഭൂരിഭാഗവും സൗഹൃദ രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ കടമാണെന്ന് അദ്ദേഹം വ്യക്തമാക്കി

New Update
Shehbaz-Sharif21-9-25

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്.

Advertisment

രാജ്യത്തെ സാമ്പത്തികമായി സഹായിക്കാന്‍ തനിക്കും കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ 'ഭിക്ഷ യാചിക്കേണ്ടി' വരുന്നുണ്ടെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. വെള്ളിയാഴ്ച രാത്രി ഇസ്ലാമാബാദില്‍ പ്രമുഖ കയറ്റുമതിക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ലോകം മുഴുവന്‍ പണത്തിനായി ഭിക്ഷ യാചിക്കാന്‍ ഞാനും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും പോകുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ നാണക്കേട് തോന്നാറുണ്ട്. കടം വാങ്ങുന്നത് നമ്മുടെ ആത്മാഭിമാനത്തിന് വലിയ ഭാരമാണ്. ലജ്ജ കൊണ്ട് ഞങ്ങളുടെ തല കുനിയുന്നു,' ഷെഹ്ബാസ് ഷരീഫ് പറഞ്ഞു.

കടം നല്‍കുന്ന രാജ്യങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും 'അല്ല' എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് പാകിസ്ഥാന്‍. പല കാര്യങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വിദേശ കരുതല്‍ ശേഖരം ഏകദേശം ഇരട്ടിയായിട്ടുണ്ടെങ്കിലും, അതില്‍ ഭൂരിഭാഗവും സൗഹൃദ രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ കടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബറോടെ കരുതല്‍ ശേഖരം 20 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കേന്ദ്രബാങ്കിന്റെ കണക്കുകൂട്ടല്‍.


രാജ്യാന്തര നാണയ നിധിയില്‍ നിന്ന് അടുത്തിടെ 1.2 ബില്യണ്‍ ഡോളര്‍ പാകിസ്ഥാന് ലഭിച്ചിരുന്നു. ഇത് കടം വീട്ടാനും കരുതല്‍ ശേഖരം ഉയര്‍ത്താനും സഹായിച്ചെങ്കിലും, ഐഎംഎഫിന്റെ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമാണ്.


സാമ്പത്തിക സ്ഥിരത കൈവരിച്ചുവെന്നും ഇനി ദാരിദ്ര്യം കുറയ്ക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഷരീഫ് പറഞ്ഞു. എങ്കിലും രാജ്യത്തിന്റെ നിലവിലെ അവസ്ഥയിലുള്ള തന്റെ കടുത്ത മാനസിക വിഷമം അദ്ദേഹം മറച്ചുവെച്ചില്ല.

Advertisment