/sathyam/media/media_files/2026/01/31/untitled-2026-01-31-12-26-27.jpg)
കിഷ്ത്വാര്‍: 'തിരിച്ചുവരൂ, എന്നെ നോക്കാന്‍ നീയുണ്ടാകണം. ഞാന്‍ മരിച്ചാല്‍ എന്റെ ശവമഞ്ചം ചുമക്കാന്‍ നിന്റെ തോളുകള്‍ വേണം...' ജന്ന ബീഗം എന്ന ആ വൃദ്ധയായ ഉമ്മ മാസങ്ങള്‍ക്ക് മുമ്പ് വിതുമ്പലോടെ തന്റെ മകനോട് നടത്തിയ ഈ അവസാന അഭ്യര്‍ത്ഥന വിഫലമായി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയില്‍ ചേര്‍ന്ന മകന്‍ റിയാസ് അഹമ്മദിനെ കാത്തിരുന്ന് ഒടുവില്‍ ആ ഉമ്മ ലോകത്തോട് വിടപറഞ്ഞു.
പതിനഞ്ച് വര്‍ഷം മുമ്പാണ് റിയാസ് അഹമ്മദ് വീടുവിട്ട് ഭീകരസംഘടനയില്‍ ചേരുന്നത്. നിലവില്‍ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിട്ടുള്ള പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍.
മകന്റെ മടങ്ങിവരവിനായി ജന്ന ബീഗത്തോടൊപ്പം പിതാവ് മുഹമ്മദ് റംസാനും നിരവധി തവണ അഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു. 'മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്ന എന്ത് ജിഹാദാണിത്?' എന്നായിരുന്നു കണ്ണീരോടെ ആ ഉമ്മ ചോദിച്ചിരുന്നത്. തന്റെ മകനെ പാകിസ്ഥാന്‍ ഏജന്റുമാര്‍ തെറ്റായ വഴിയിലേക്ക് നയിക്കുകയായിരുന്നുവെന്ന് മുഹമ്മദ് റംസാന്‍ പറയുന്നു.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ജന്ന ബീഗത്തിന്റെ ഖബറടക്കം നടന്നപ്പോഴും മകന്‍ എത്തിയില്ല. ഭീകരവാദം എങ്ങനെയാണ് ഒരു കുടുംബത്തെ തകര്‍ക്കുന്നതെന്നതിന്റെ ദയനീയ ചിത്രമാണ് കിഷ്ത്വാറിലെ ഈ വീട്ടില്‍ കാണുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്ന രീതി തുടരുകയാണെന്നും, തങ്ങളുടെ മൂന്ന് തലമുറകളെ ഇത് നശിപ്പിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us