/sathyam/media/media_files/2026/01/31/untitled-2026-01-31-13-53-58.jpg)
ഹൈദരാബാദ്: തെലങ്കാനയെ പിടിച്ചുലച്ച ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയും ബി.ആര്‍.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവുവിനോട് (കെ.സി.ആര്‍) ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് പ്രത്യേക അന്വേഷണ സംഘം. ഫെബ്രുവരി 1-ന് ഉച്ചയ്ക്ക് 3 മണിക്ക് ഹൈദരാബാദിലെ വസതിയില്‍ ഹാജരാകാനാണ് കര്‍ശന നിര്‍ദ്ദേശം.
സിദ്ദിപേട്ടിലെ എരവല്ലി ഫാം ഹൗസില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന കെ.സി.ആറിന്റെ ആവശ്യം എസ്.ഐ.ടി തള്ളി. ഔദ്യോഗിക രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ സ്ഥിരതാമസം ഹൈദരാബാദിലായതിനാലാണ് ഈ തീരുമാനം.
കേസുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ഡിജിറ്റല്‍ രേഖകളും ഫയലുകളും നഗരത്തിന് പുറത്തുള്ള ഫാം ഹൗസിലേക്ക് കൊണ്ടുപോകുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
65 വയസ്സിന് മുകളില്‍ പ്രായമുള്ളതിനാല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതില്‍ നിന്ന് അദ്ദേഹത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. ഇതിനാലാണ് വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് എസ്.ഐ.ടി സമ്മതിച്ചത്.
കഴിഞ്ഞ ബി.ആര്‍.എസ് സര്‍ക്കാരിന്റെ കാലത്ത് നിലവിലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജഡ്ജിമാര്‍, വ്യവസായികള്‍ ഉള്‍പ്പെടെ ആറായിരത്തോളം പേരുടെ ഫോണുകള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയെന്നാണ് കേസ്. ഈ കേസില്‍ ഇതിനോടകം തന്നെ കെ.ടി. രാമറാവു (7 മണിക്കൂര്‍), ടി. ഹരീഷ് റാവു, സന്തോഷ് കുമാര്‍ (8 മണിക്കൂര്‍) എന്നീ പ്രമുഖ നേതാക്കളെ എസ്.ഐ.ടി ചോദ്യം ചെയ്തിട്ടുണ്ട്.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി നേരത്തെ നല്‍കിയ സമന്‍സില്‍ നിന്ന് കെ.സി.ആര്‍ സാവകാശം തേടിയിരുന്നു. എന്നാല്‍ പുതിയ സമന്‍സോടെ മുന്‍ മുഖ്യമന്ത്രിയും അന്വേഷണ ഏജന്‍സിയും തമ്മിലുള്ള നിയമപോരാട്ടം മുറുകുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us