ബംഗാൾ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്, മമത ബാനർജിയുടെ ഹർജിയിൽ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശം. കേസ് വാദിച്ചത് മുഖ്യമന്ത്രി മമത നേരിട്ടെത്തി

New Update
mamatha

ഡൽഹി: ബംഗാള്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഹര്‍ജിയില്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് മറുപടി നല്‍കണമെന്ന് കോടതി. മമത സുപ്രീംകോടതിയില്‍ നേരിട്ടെത്തിയാണ് കേസ് വാദിച്ചത്.

Advertisment

ബംഗാളിലെ എസ്‌ഐആറിനെ ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചത്. ഹര്‍ജിയില്‍ തിങ്കളാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം. 

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് ഹാജരായാണ് കേസ് വാദിച്ചത്. ആധാര്‍ കാര്‍ഡ് രേഖയായി പരിഗണിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കമ്മീഷന്‍ അംഗീകരിക്കുന്നില്ലെന്ന് മമത കോടതിയെ അറിയിച്ചു.

തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നതായും ജനങ്ങള്‍ വീടുകളില്‍ ഇല്ലാത്ത സമയം നോക്കിയാണ് നോട്ടീസ് നല്‍കിയത് എന്ന് മമത വാദം ഉന്നയിച്ചു. എന്നാല്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വ്യക്തികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നായിരുന്നു കമ്മീഷന്റെ മറുപടി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത വ്യക്തമാക്കി. ആവശ്യമായ ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുവാദം.

എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 11 ദിവസം മാത്രമെന്ന് മമതയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കുടുംബ രജിസ്റ്റര്‍ ഉള്‍പ്പെടെ വോട്ടര്‍മാര്‍ ഹാജരാക്കുന്ന രേഖകള്‍ കമ്മീഷന്‍ സ്വീകരിക്കുന്നില്ലെന്നും മമത വാദിച്ചു.

ആസാമിൽ എസ്‌ഐആര്‍ എന്ത് കൊണ്ട് ഇല്ലെന്ന മമതയുടെ ചോദ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Advertisment