പച്ചക്കറികള്‍ മുറിക്കാനുപയോഗിച്ച ബ്ലേഡ് അബദ്ധത്തില്‍ ഭക്ഷണത്തില്‍ അകപ്പെട്ടുപോയതാണ്, ഭക്ഷണത്തില്‍ നിന്ന് മെറ്റല്‍ ബ്ലേഡ് ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി എയര്‍ ഇന്ത്യ

ബംഗളൂരുവിൽ നിന്ന് സാൻ ഫ്രാൻസിസ്‌കോയിലേക്ക് പോയ എയർ ഇന്ത്യ ഫ്ലൈറ്റിലെ യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്നും ബ്ലേഡ് ലഭിച്ചത്. യാത്രക്കാരൻ ചിത്രമടക്കം എക്‌സിൽ കുറിപ്പ് പങ്കിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

New Update
blade Untitlednc.jpg

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തിനുള്ളിലെ ഭക്ഷണത്തിനുള്ളില്‍ മെറ്റല്‍ ബ്ലേഡ് കണ്ടെത്തിയതായുള്ള യാത്രക്കാരന്റെ അവകാശവാദത്തില്‍ പ്രതികരണവുമായി എയര്‍ഇന്ത്യ. കഴിഞ്ഞയാഴ്ചയാണ് എയര്‍ ഇന്ത്യ എഐ 175 വിമാനത്തില്‍ തനിക്കുണ്ടായ ദുരനുഭവം മാധ്യമപ്രവര്‍ത്തകനായ മാഥുരസ് പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Advertisment

ഭക്ഷണം കഴിക്കുന്നതിനിടെ വായില്‍ നിന്നും ലോഹക്കഷണം ലഭിച്ചെന്ന് പോള്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു. പരിശോധിച്ചപ്പോള്‍ അത് മെറ്റല്‍ ബ്ലേഡാണെന്ന് മനസ്സിലായി. ചവക്കുന്നതിനിടെയാണ് ഭക്ഷണത്തിൽ മെറ്റൽ ബ്ലേഡുണ്ടെന്ന് കാര്യം യാത്രക്കാരൻ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ തുപ്പിക്കളയുകയും ഫ്ലൈറ്റ് ജീവനക്കാരെ വിളിച്ച് കാര്യം പറയുകയുമായിരുന്നു. 

തന്‍റെ ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്. തനിക്ക് പകരം ഒരു കുഞ്ഞിനായിരുന്നു ആ ഭക്ഷണം ലഭിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നും യാത്രക്കാരൻ കുറിപ്പിൽ വിമർശിച്ചിരുന്നു.

തങ്ങളുടെ യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് ലഭിച്ചത് കേറ്ററിംഗ് കമ്പനിയുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്‌ചയാണെന്ന് എയർ ഇന്ത്യ ചീഫ് കസ്റ്റമർ എക്‌സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറഞ്ഞു. 

സുരക്ഷാ മാനദണ്ഡനങ്ങളിൽ വീഴ്‌ച വരാതിരിക്കാനുള്ള നടപടികൾ കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു. പച്ചക്കറികൾ മുറിക്കാനുപയോഗിച്ച ബ്ലേഡ് അബദ്ധത്തിൽ ഭക്ഷണത്തിൽ അകപ്പെട്ടുപോയതാണെന്നും രാജേഷ് ദോഗ്‌റ കൂട്ടിച്ചേർത്തു.

Advertisment